സ്ത്രീകള്‍ എത്ര സ്വതന്ത്രരാക്കാന്‍ ശ്രമിച്ചാലും സമൂഹത്തിലെ പുരുഷമേധാവിത്വം, അവരെ മുന്നോട്ടുവരുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നുവെന്ന് പ്രശസ്ത നര്‍ത്തകിയും ആക്റ്റിവിസ്റ്റുമായ മല്ലികാ സാരാഭായ്. അതുചെയ്യരുത്, ഇതുചെയ്യരുതെന്ന് പറഞ്ഞ് സ്ത്രീകളെ ചെറുപ്പം മുതല്‍ സമൂഹം വിലക്കുകയാണ്. ഒരു ഭയമുണ്ടാക്കിയെടുക്കുകയാണ് നമ്മള് പെണ്‍കുട്ടികളുടെ ഉള്ളില്‍. എന്നാല്‍ നിര്‍ഭയമായി സ്ത്രീകള്‍ മുന്നോട്ട് വരണം. എന്‍ട്രപ്രണര്‍ഷിപ്പിലേക്ക് വരുമ്പോള്‍ ആ ഭയമില്ലാതാകേണ്ടത് അത്യാവശ്യമാണ്. റിസ്ക്കെടുക്കാനുള്ള കഴിവ് ഓരോ സ്ത്രീയുമുണ്ടാക്കിയെടുക്കണമെന്നും മല്ലിക സാരാഭായ് Channeliam.comനോട് പറഞ്ഞു.
കുടുംബവും വീടും ഒന്നിച്ചുനിര്‍ത്തേണ്ട ഉത്തരവാദിത്വം സ്ത്രീകള്‍ക്കായിരിക്കും. അവിടെ വലിയൊരു റിസ്ക്കാണ് സ്ത്രീകളെടുക്കേണ്ടത്. എടുക്കുന്ന റിസ്ക്കില്‍ വീഴ്ച സംഭവിക്കുന്നതിനെ കുറിച്ചോര്‍ത്ത് സ്ത്രീകള്‍ എല്ലായ്പ്പോഴും ടെംപേര്ഡായിരിക്കും. മുന്നോട്ടുള്ള യാത്രയില്‍ വീണുപോയാലും എഴുന്നേറ്റ് വീണ്ടും മുന്നേറാനുള്ള കഴിവുണ്ടാകണം. പിന്തുണ നല്കാന് തയ്യാറാകാത്ത ഒരാളെ ഒരിക്കലും സ്ത്രീകള്‍ വിവാഹം ചെയ്യരുത്. പലപ്പോഴും വിവാഹമെന്നത് സ്ത്രീകള്‍ക്ക് മെന്റല്‍ സ്ലേവറിയാകുന്നു. പുരുഷന് എത്ര പുരോഗമനവാദിയായാലും ചില സന്ദര്‍ഭങ്ങളില്‍ ഡിസിഷന്‍ മേക്കര്‍ പുരുഷന് തന്നെയാകുന്നു. ഇതെല്ലാം ബ്രേക്ക് ചെയ്ത് സ്ത്രീകള്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കണം.
ലിംഗസമത്വമുള്ള ഒരു കുടുംബത്തിലാണ് താന്‍ ജനിച്ചത്. കോളേജ് പഠനകാലത്താണ് സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ കുറിച്ച് മനസിലാക്കിയതെന്നും മല്ലിക സാരാഭായ് പറഞ്ഞു. അമ്മയാകാനുള്ള തീരുമാനമെടുത്ത സമയത്ത് തന്നെ കുട്ടികളുടെ കാര്യത്തില്‍ സ്ട്രോങ്ങായ ചില തീരുമാനങ്ങളെടുത്തിരുന്നു. എവിടെ പോയാലും കുട്ടികളെ കൂടെ കൊണ്ടുപോകും. സ്കൂളില്‍ നിന്നോ ഹോസ്റ്റലില്‍ നിന്നോ പഠിച്ചുനേടുന്നതിലും വിലപ്പെട്ട വിദ്യാഭ്യാസം നല്കാന് യാത്രകള്‍ക്ക് കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. ഈജിപ്തിലേക്കോ മറ്റോ യാത്ര പോകുമ്പോള്‍ കുട്ടികളെയും കൂടെ കൊണ്ടുപോയാല്‍ അവര്‍ ക്ലാസിലിരുന്ന് പഠിക്കുന്നതിലും മികച്ച ലേണിംഗ് അവര്‍ക്കുണ്ടാകുമെന്ന് സ്കൂളിനെ പോലും ബോധ്യപ്പെടുത്താന്‍ സാധിച്ചെന്നും മല്ലിക സാരാഭായ് പറഞ്ഞു. Channeliam.com സിഇഒ നിഷ കൃഷ്ണനുമായി സംസാരിക്കുകയായിരുന്നു മല്ലിക സാരാഭായ്.