വനിതാ സംരംഭകര്‍ക്ക് ഒരു കോടി രൂപ വരെ  വായ്പ ലഭിക്കുന്ന പദ്ധതികള്‍ അറിയാം l Channeliam

രാജ്യത്ത് ചെറുകിട വ്യവസായങ്ങള്‍ക്ക് പിന്തുണയുമായി സര്‍ക്കാരിന്റെ എംഎസ്എംഇ വകുപ്പ് ഒട്ടേറെ ഫലപ്രദമായ പദ്ധതികള്‍ നടപ്പിലാക്കിയിട്ടും വനിതാ സംരംഭകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടാകുന്നില്ല. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം രാജ്യത്തെ സംരംഭകരില്‍ വെറും 13.76 ശതമാനം മാത്രമാണ് വനിതകളുള്ളത്. സംരംഭകരായ പുരുഷന്മാരുടെ എണ്ണം 50 മില്യണ്‍ കവിഞ്ഞിട്ടും വനിതകളുടെ എണ്ണം വെറും 13.76 ശതമാനം മാത്രം. സംരംഭക മേഖലയില്‍ സ്ത്രീ മുന്നേറ്റം ശക്തമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മികച്ച സ്‌കീമുകള്‍ ഇറക്കിയിട്ടും ഇവയെ പറ്റിയുള്ള വിശദാംശങ്ങള്‍ ഇപ്പോഴും മിക്കവര്‍ക്കുമറിയില്ല.

സ്റ്റാന്‍ഡ് അപ്പ് ഇന്ത്യാ സ്‌കീം

പുതിയ ആശയങ്ങളുളള വനിതകള്‍ക്കും എസ് സി-എസ്ടി സംരംഭകര്‍ക്കും പ്രയോജനപ്പെടുത്താവുന്ന വായ്പാ പദ്ധതിയാണ് സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ. പദ്ധതി പ്രകാരം പത്ത് ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ വായ്പയായി അനുവദിച്ച്് കിട്ടും. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളുടെ വിപുലീകരണത്തിനായി ഈ സ്‌കീം വഴി വായ്പ ലഭിക്കില്ല. പൂര്‍ണമായും പുതിയ പദ്ധതിയ്ക്കാണ് വായ്പ ലഭിക്കുക. അതിനാല്‍ തന്നെ പുത്തന്‍ ആശയങ്ങളുമായി എത്തുന്ന സംരംഭകര്‍ക്ക് ഏറെ പ്രയോജനമുണ്ട്. വായ്പ ലഭ്യമാകാന്‍ വിദ്യാഭ്യാസം, പ്രായം, വരുമാനം എന്നിവയില്‍ പരിധിയില്ലെന്ന് മാത്രമല്ല കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ വായ്പ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

മുദ്ര യോജന സ്‌കീം

ബ്യൂട്ടിപാര്‍ലറുകള്‍, ട്യൂഷന്‍ സെന്ററുകള്‍, തയ്യല്‍ യൂണിറ്റുകള്‍ മുതലായ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് മുദ്ര യോജന. ലോണ്‍ അനുവദിച്ച് കഴിഞ്ഞാല്‍ ക്രെഡിറ്റ് കാര്‍ഡ് പോലുള്ള മുദ്ര കാര്‍ഡുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഇതു വഴി പണമെടുക്കാവുന്നതാണ്. പദ്ധതി വഴി 50,000 മുതല്‍ 50 ലക്ഷം രൂപ വരെ അനുവദിച്ച് കിട്ടും. വായ്പാ തുക 10 ലക്ഷത്തിന് മുകളിലാണെങ്കില്‍ മാത്രം ഈട് നല്‍കിയാല്‍ മതിയാകും. 50000 രൂപ വരെ ശിശു പ്ലാന്‍ (പുതിയ സംരംഭങ്ങള്‍ക്ക്), 50,000 നും 5 ലക്ഷത്തിനും ഇടയില്‍ കിഷോര്‍ പ്ലാന്‍ (വളര്‍ന്ന സംരംഭങ്ങള്‍ക്ക്), 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ തരുണ്‍ പ്ലാന്‍( സംരംഭം വിപുലപ്പെടുത്തുന്നതിന്) എന്നിങ്ങനെ മൂന്ന് പ്ലാനുകളാണ് പദ്ധതിയ്ക്ക് കീഴിലുള്ളത്.

അന്നപൂര്‍ണ പദ്ധതി

ഫുഡ് കാറ്ററിംഗ് സംരംഭം നടത്തുന്ന വനിതകള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസുരാണ് അന്നപൂര്‍ണ പദ്ധതി ആദ്യം അവതരിപ്പിച്ചത്. 50,000 രൂപ പരമാവധി തുകയായി ലഭിക്കുന്ന വായ്പ 36 മാസം കൊണ്ട് അടച്ച് തീര്‍ത്താല്‍ മതിയാകും. തുക ഉപയോഗിച്ച് കാറ്ററിങ്ങിന് ആവശ്യമായ പാത്രങ്ങള്‍ മുതല്‍ അടുക്കളലില്‍ വേണ്ടി വരുന്ന ഉപകരണങ്ങള്‍ വാങ്ങാനുള്ള നിര്‍ദ്ദേശങ്ങള്‍ അടക്കം അധികൃതര്‍ നല്‍കുന്നു. വായ്പ ലഭിക്കണമെങ്കില്‍ വായ്പയ്ക്ക് ജാമ്യം നില്‍ക്കാന്‍ ആള്‍ വേണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

സ്ത്രീശക്തി പാക്കേജ്

ചെറുകിട സംരംഭത്തിലോ അല്ലെങ്കില്‍ സ്വയം നടത്തുന്ന സംരംഭത്തില്‍ 50 ശതമാനമോ അതിലധികമോ ഉടമസ്ഥതയുള്ള വനിതകള്‍ക്ക് എസ്ബിഐ ശാഖകള്‍ വഴി വായ്പ ലഭിക്കുന്ന പദ്ധതിയാണ് സ്ത്രീശക്തി പാക്കേജ്. രണ്ട് ലക്ഷത്തില്‍ കൂടുതലാണ് വായ്പയായി എടുത്തിരിക്കുന്ന തുകയെങ്കില്‍ പലിശയില്‍ 0.50 ശതമാനം കുറവുണ്ടായിരിക്കും.

ദേന ശക്തി പദ്ധതി

കൃഷി, ഉല്‍പാദനം, ചില്ലറ വ്യാപാരം, മൈക്രോ ക്രെഡിറ്റ്, ചെറുകിട സംരംഭങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് ദേന ബാങ്ക് വായ്പ നല്‍കുന്ന പദ്ധതിയാണ് ദേന ശക്തി പദ്ധതി. പലിശ നിരക്ക് 0.25 ശതമാനം വരെ കുറവായിരിക്കും. 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

ഉദ്യോഗിനി പദ്ധതി

18നും 45 ഇടയില്‍ പ്രായവും കൃഷി, ചെറുകിട സംരംഭം എന്നിവ നടത്തുന്ന വനിതകള്‍ക്ക് പഞ്ചാബ്, സിന്ധ് ബാങ്ക് എന്നിവര്‍ നല്‍കുന്ന വായ്പ പദ്ധതിയാണ് ഉദ്യോഗിനി പദ്ധതി. ഒരു ലക്ഷം രൂപയാണ് പരമാവധി തുക. വനിതകളുടെ കുടുംബ വരുമാനം കൂടി കണക്കിലെടുത്താണ് വായ്പ നല്‍കുന്നത്. വായ്പ ലഭിക്കമെങ്കില്‍ കുടുംബ വാര്‍ഷിക വരുമാനം 45000 രൂപയില്‍ താഴെയായിരിക്കണം. വിധവകള്‍, നിലാരംഭര്‍, വികലാംഗര്‍ എന്നിവര്‍ക്ക് വായ്പ ലഭിക്കാന്‍ വരുമാന പരിധിയില്ല. ഇത്തരത്തിലുള്ള വനിതകള്‍ക്ക് ലോണ്‍ തുകയുടെ 30 ശതമാനം സബ്സിഡിയായും ലഭിക്കും.

ഭാരതീയ മഹിളാ ബാങ്ക് ബിസിനസ് ലോണ്‍

റീട്ടെയില്‍ വ്യാപാര മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്ന വനിതകള്‍ക്ക് ഈ പദ്ധതി വഴി വായ്പ ലഭിക്കും. നിര്‍മ്മാണ സംരംഭങ്ങള്‍ക്ക് 20 കോടി വരെ വായ്പയായി ലഭിക്കും. പലിശ നിരക്കില്‍ 0.25 ശതമാനം വരെ കുറവുണ്ടാകും. 10.15 ശതമാനം മുതലാണ് പലിശ നിരക്ക് തുടങ്ങുന്നത്. 2017ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഭാരതീയ മഹിളാ ബാങ്ക് ഈ സ്‌കീം അവതരിപ്പിച്ചത്.

സെന്റ് കല്യാണി സ്‌കീം

നിലവിലുള്ള സംരംഭം വിപുലപ്പെടുത്തുന്നതിനോ അല്ലെങ്കില്‍ പരിഷ്‌കരിക്കുന്നതിനോ വനിതകളെ പിന്തുണയ്ക്കുന്നതിനാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ സെന്റ് കല്യാണി സ്‌കീം അവതരിപ്പിച്ചിരിക്കുന്നത്. ഗ്രാമീണ, കുടില്‍ വ്യവസായങ്ങള്‍, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, സ്വയം തൊഴില്‍, കൃഷി, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, റീട്ടെയില്‍ വ്യാപാരം, സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കുന്ന വനിതകള്‍ക്ക് ഈ വായ്പ പ്രയോജനപ്പെടുത്താം. ഒരു കോടി രൂപയാണ് പരമാവധി തുകയായി ഈ സ്‌കീമിലൂടെ ലഭിക്കുന്നത്.

മഹിളാ ഉദ്യം നിധി സ്‌കീം

ചെറുകിട സംരംഭങ്ങള്‍ നടത്തുന്ന വനിതകള്‍ക്ക് പത്ത് വര്‍ഷത്തെ കാലാവധിയില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് നടപ്പിലാക്കുന്ന സ്‌കീമാണ് മഹിളാ ഉദ്യം നിധി.
ബ്യൂട്ടിപാര്‍ലറുകള്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവ ആരംഭിക്കുന്നതിനും ബിസിനസിനോ സ്വയം തൊഴിലിനോ ആയി ഓട്ടോ റിക്ഷകള്‍, ഇരുചക്രവാഹനങ്ങള്‍, കാറുകള്‍ മുതലായവ വാങ്ങുന്നതിനും പദ്ധതി വഴി ലോണ്‍ ലഭിക്കും.

ത്രഡ് (trade related entrepreneurship assistance and development scheme) സ്‌കീം

വനിതകളുടെ പ്രോജക്ടുകള്‍ക്ക് ക്രെഡിറ്റ് നല്‍കുന്നതിനും പ്രത്യേക ട്രെയിനിങ്ങും കൗണ്‍സിലിങ്ങും നല്‍കുന്നതിനും വേണ്ടിയുള്ള സ്‌കീമാണ് ത്രഡ്. സംരംഭങ്ങള്‍ക്കായി വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ വിലയിരുത്തുന്ന മൊത്തം പദ്ധതി ചെലവിന്റെ 30 ശതമാനം വരെ സര്‍ക്കാര്‍ ഗ്രാന്‍ഡ് നല്‍കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version