ബിസിനസ് വളര്‍ച്ചയ്ക്ക് ഏറെ പ്രധാനപ്പെട്ട ഒന്നാണ് മാര്‍ക്കറ്റിങ് എന്നത് ഏവര്‍ക്കും അറിയാം. പത്രം അടക്കമുള്ള പ്രിന്റ് മീഡിയയില്‍ നിന്നും ഡിജിറ്റല്‍ മീഡിയയിലേക്ക് മാര്‍ക്കറ്റിങ് ചുവടുവെച്ച് കാലമേറെയായെങ്കിലും ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട മുഖ്യ ഘടകങ്ങള്‍ കൃത്യമായി അറിഞ്ഞാലേ മികച്ച റിസള്‍ട്ട് ലഭിക്കൂ. അപ്‌ഡേറ്റഡായില്ലെങ്കില്‍ ഔട്ട്‌ഡേറ്റഡ് ആകും എന്ന കാര്യം ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലുമുണ്ട്. സാധാരണയായി SEO, സോഷ്യല്‍ മീഡിയ, കണ്ടന്റ് മാര്‍ക്കറ്റിങ്, പേയ്ഡ് അഡ്വര്‍ട്ടൈസിങ്, ഇ-മെയില്‍ മാര്‍ക്കറ്റിങ് എന്നിവയിലാണ് മിക്ക മാര്‍ക്കറ്റേഴ്‌സും ഇപ്പോഴും ആശ്രയിക്കുന്നത്. ഇതിനപ്പുറവും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ അറിയാന്‍ ഏറെയുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ ഇപ്പോള്‍ അത്ഭുതം സൃഷ്ടിക്കുന്ന ഒന്നാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. യൂബര്‍, മൈക്രോസോഫ്റ്റ്, പിസാ ഹട്ട് എന്നിവയെല്ലാം തങ്ങളുടെ പ്രവര്‍ത്തനം ഓട്ടോമേറ്റ് ചെയ്യാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴുള്ള കമ്പനികള്‍ എല്ലാം തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് തുടങ്ങിയാല്‍ 2030 ആകുമ്പോള്‍ വേള്‍ഡ് ജിഡിപി 14 ശതമാനമായി ഉയരുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നത് വഴി ക്ലയിന്റിന്റെ സ്വഭാവം, സെര്‍ച്ച് പാറ്റേണ്‍ എന്നിവ അറിയാനും സോഷ്യല്‍ മീഡിയ, ഇന്റര്‍നെറ്റ് സെര്‍ച്ചിങ് എന്നിവ വഴി ഉപഭോക്താക്കള്‍ എങ്ങനെയാണ് ഉല്‍പന്നങ്ങള്‍ കണ്ടെത്തുന്നതെന്നും അറിഞ്ഞ് മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ഒരുക്കാന്‍ സാധിക്കും.
വോയിസ് സെര്‍ച്ചും സ്മാര്‍ട്ട് സ്പീക്കേഴ്‌സും
വോയിസ് സെര്‍ച്ച് വഴിയുള്ള ഷോപ്പിങ് ബില്യണുകള്‍ കൊയ്യുന്ന വിപണിയായി കഴിഞ്ഞു. 2020 ആകുമ്പോള്‍ ഓണ്‍ലൈന്‍ സെര്‍ച്ചുകളിലെ 50 ശതമാനം വോയിസ് ഉപയോഗിച്ചുള്ളതാകും. വോയിസ് അസിസ്റ്റന്റുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടിയായതോടെ ഇത്തരം മാര്‍ക്കറ്റിങ് രീതികള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. അലക്‌സയും, സിരിയും ഗൂഗിള്‍ വോയിസ് അസിസ്റ്റന്റുമെല്ലാം ഇപ്പോള്‍ നടപ്പാക്കുന്ന മാര്‍ക്കറ്റിങ് തന്ത്രവും ഇത് തന്നെയാണ്. ഉപഭോക്താക്കളുമായുള്ള ബന്ധവും ബ്രാന്‍ഡിന്റെ വിശ്വാസ്യതയും വര്‍ധിപ്പിക്കാന്‍ വോയിസ് മാര്‍ക്കറ്റിങ് ഏറെ സഹായകരമാണ്.
ചാറ്റ്‌ബോട്ട്‌സ്
ഉപഭോക്താക്കളുമായി തത്സമയം ചാറ്റ് ചെയ്യുന്ന വെര്‍ച്വല്‍ അസിസ്റ്റന്റാണ് ചാറ്റ്‌ബോട്ട്‌സ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മുഖ്യ ഉദാഹരണമാണിത്. ഉപഭോക്താക്കളുടെ ആവശ്യം അറിയുന്നത് മുതല്‍ 24 മണിക്കൂറുമുള്ള കസ്റ്റമര്‍ സപ്പോര്‍ട്ട് നല്‍കാനും ചാറ്റ് ബോട്ട്സുകള്‍ക്ക് കഴിയും. ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ അറിഞ്ഞ് പ്രതികരണം നല്‍കുന്ന വിധം മാസ്റ്റര്‍കാര്‍ഡ് തയാറാക്കിയ ഫേസ്ബുക്ക് മെസഞ്ചര്‍ ബോട്ട് ഇതിന് ഉദാഹരണമാണ്.
കണ്ടന്റ് മാര്‍ക്കറ്റിങ്
ബ്രാന്‍ഡിന്റെ വിശ്വാസ്യതയും സ്വീകാര്യതയും വര്‍ധിപ്പിക്കുന്ന ഒന്നാണ് കണ്ടന്റ് മാര്‍ക്കറ്റിങ്. ഗൂഗിളില്‍ ആളുകള്‍ കൂടുതലായി തിരയുന്ന ആര്‍ട്ടിക്കിളുകളുടേയും വീഡിയോയുടേയും മറ്റും വിവരങ്ങള്‍ കണ്ടെത്തി അതിനു തുല്യമായി തങ്ങളുടെ ഉല്‍പന്നം സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന രീതിയാണിത്. പുതിയ കസ്റ്റമേഴ്‌സിനെ ഒരു ഉല്‍പന്നത്തിലേക്ക് അടുപ്പിക്കാന്‍ ഏറ്റവും ഉത്തമമായ രീതി ഇതാണെന്നും വിദഗ്ധര്‍ പറയുന്നു. ടെക്സ്റ്റ് കണ്ടന്റ് പോലെ തന്നെ പ്രധാനമാണ് വീഡിയോ കണ്ടന്റും.
ഒമ്‌നി ചാനല്‍ മാര്‍ക്കറ്റിങ്
മാര്‍ക്കറ്റിങ്ങിന് വേണ്ട എല്ലാ ചാനലുകളേയും ഒറ്റച്ചരടില്‍ കോര്‍ത്ത് നടപ്പാക്കുന്ന രീതിയാണിത്. എല്ലാ മീഡിയത്തിലൂടെയും ഓണ്‍ലൈനായും ഓഫ്‌ലൈനായും ബ്രാന്‍ഡ് സംബന്ധിച്ച് സന്ദേശങ്ങള്‍ നല്‍കാന്‍ ഇതുവഴി സാധിക്കും. ഒമ്‌നി ചാനല്‍ മാര്‍ക്കറ്റിങ്ങിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്‌പ്പോര്‍ട്ട് കൂടിയുള്ളതിനാല്‍ പര്‍ച്ചേസ് ഫ്രീക്വന്‍സി, ഉപഭോക്താവിനെ തങ്ങളുടെ ബ്രാന്‍ഡില്‍ തന്നെ പിടിച്ച് നിര്‍ത്താനുള്ള പ്രാപ്തി എന്നിവ വര്‍ധിക്കും. ഉപഭോക്തക്കളുടെ ആവശ്യം അറിഞ്ഞ് മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ സ്വീകരിക്കാമെന്നതിനാല്‍ തന്നെ മിക്ക ബ്രാന്‍ഡുകളും കോടികളാണ് ഈ മേഖലയിലേക്ക് നിക്ഷേപിക്കുന്നത്.
പ്രോഗ്രാമാറ്റിങ് അഡ്വര്‍ട്ടൈസിങ്
അഡ്വര്‍ട്ടൈസിങ് സ്‌പെയ്‌സ് വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന രീതിയാണ് പ്രോഗ്രമാറ്റിക്ക് അഡ്വര്‍ട്ടൈസിങ്. ഇതു വഴി തന്നെ ഓര്‍ഡറുകള്‍ സ്വീകരിക്കാം എന്നതിനാല്‍ വിലപേശല്‍ അടക്കമുള്ളവ ഒഴിവാക്കാനും ഓര്‍ഡര്‍ സംബന്ധിച്ച് മനുഷ്യര്‍ ചെയ്യേണ്ട ജോലി കുറയ്ക്കാനും സാധിക്കും. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ സന്ദേശങ്ങള്‍ നിര്‍മ്മിച്ച് കൃത്യമായ ഓഡിയന്‍സിനെ കണ്ടെത്തി നല്‍കാന്‍ ഈ രീതിയ്ക്ക് കഴിയും. ഏറ്റവും ഫലപ്രദമായ ഫ്യൂച്ചര്‍ മാര്‍ക്കറ്റിങ് രീതിയാണിത്.
വീഡിയോ മാര്‍ക്കറ്റിങ്
വീഡിയോ മാര്‍ക്കറ്റിങ്ങിലൂടെ ബിസിനസില്‍ നിന്നുള്ള ലാഭം വര്‍ധിക്കുന്നുവെന്നാണ് ആഗോള ബിസിനസ് കമ്പനികളില്‍ 83 ശതമാനവും അഭിപ്രായപ്പെടുന്നത്. മാത്രമല്ല 52 ശതമാനം ഉപഭോക്താക്കളും ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് വീഡിയോകള്‍ കണ്ടിട്ടാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. യൂട്യൂബിനും അപ്പുറം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ലിങ്ക്ഡ്ഇന്‍ എന്നിവയിലേക്ക് വീഡിയോ മാര്‍ക്കറ്റിങ് എത്തിക്കഴിഞ്ഞു. സ്മാര്‍ട്ട് ഫോണ്‍ സര്‍വ്വസാധാരണമായതോടെ വീഡിയോ മാര്‍ക്കറ്റിങ്ങിന് ഏറെ സാധ്യതയാണുള്ളത്.