തെങ്ങുകയറാന്‍ ആളെ കിട്ടുന്നില്ലെന്ന പരാതി വൈകാതെ തന്നെ പഴങ്കഥയാകും. വെട്ടുകത്തിയും തളപ്പുമായി തെങ്ങില്‍ കയറിയിരുന്ന ആളുകള്‍ക്ക് പകരക്കാരനായെത്തുന്ന കേരാ ഹാര്‍വെസ്റ്റര്‍ കേര കര്‍ഷകരുടെ സ്വന്തം ‘റോബോട്ടിക്ക്’ കൂട്ടുകാരനാകുകയാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിങ് കോളേജില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദമെടുത്ത അശ്വിന്‍ അനില്‍, എവിന്‍ പോള്‍, ജോസഫ് കാഞ്ഞിരപ്പറമ്പില്‍, കിരണ്‍ ജോയ് എന്നിവരാണ് കേരാ ഹാര്‍വസ്റ്റര്‍ എന്ന യന്ത്രക്കൈയ്യനെ രൂപകല്‍പന ചെയ്തത്.
എട്ടു കിലോ മാത്രമുള്ള യന്ത്രക്കൈയ്യന്‍
കാര്‍ഡ് ഡ്രോയിങ്ങിലൂടെ ബേസിക്ക് ആയിട്ടുള്ള ഡയഗ്രം സെറ്റ് ചെയ്തു. എട്ടു കിലോയില്‍ താഴെ മാത്രം തൂക്കം വരുന്ന ഈ തെങ്ങയിടീല്‍ റോബോട്ടിന് തെങ്ങ് കയറുന്നതിനും തേങ്ങ വെട്ടിയിടുന്നതിനുമായി രണ്ട് ഭാഗങ്ങളാണുള്ളത്. മാത്രമല്ല തെങ്ങിന്റെ ഡയമീറ്റര്‍ അനുസരിച്ച് കംപ്രസ് ചെയ്യാനും റിലീസ് ചെയ്യാനും സാധിക്കും. (കൂടുതലറിയാന്‍ വീഡിയോ കാണാം)
ക്യാമറയും വൈഫൈ മൊഡ്യൂളും ഒപ്പം
വൈഫൈ മൊഡ്യൂളുകള്‍ ഘടിപ്പിച്ചും ഓട്ടോമേറ്റ് ചെയ്യ്തും പ്രവര്‍ത്തിക്കുന്ന കേരാ ഹാര്‍വസ്റ്റിനെ തെങ്ങിന്റെ താഴെ നിന്നും റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ സാധിക്കും. ഇതോടൊപ്പം തന്നെ തെങ്ങിന്റെ മുകളിലത്തെ ദൃശ്യങ്ങള്‍ ക്യാമറയിലൂടെ താഴെ നില്‍ക്കുന്നയാള്‍ക്ക് സ്‌ക്രീനില്‍ കാണാനുള്ള സംവിധാനവും കേരാ ഹാര്‍വസ്റ്ററിലുണ്ട്. (കൂടുതലറിയാന്‍ വീഡിയോ കാണാം)
കോക്കനട്ട് കോണ്‍ഫറന്‍സില്‍ 50,000 നേടി ഹാര്‍വസ്റ്റര്‍
ക്രൈസ്റ്റ് കോളേജിലെ അസിസ്റ്റന്റ് പ്രഫസറായ ടി.വി ശ്രീജിത്ത്, സനല്‍ എന്നിവര്‍ കേരാ ഹാര്‍വസ്റ്ററിന്റെ നിര്‍മ്മാണത്തില്‍ ഗൈഡായി ഒപ്പമുണ്ടായിരുന്നു. പേറ്റന്റ് ലഭിക്കുന്നതിനും കേരാ ഹാര്‍വസ്റ്റര്‍ പ്രോഡക്റ്റായി ഇറക്കുന്നതിനുമുള്ള നടപടികള്‍ തുടരുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. കോഴിക്കോട് നടന്ന ഇന്റര്‍നാഷണല്‍ കോക്കനട്ട് കോണ്‍ഫറന്‍സില്‍ ഐഡിയ പ്രസന്റേഷന് 50,000 രൂപയുടെ ഒന്നാം സമ്മാനവും ഈ പ്രതിഭകളെ തേടിയെത്തി.