രാജ്യത്ത് ഭിന്നശേഷിക്കാരായ ആളുകളില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ജോലി എന്ന സ്വപ്നം എത്തിപ്പിടിക്കാന്‍ സാധിച്ചിട്ടുള്ളൂ. ഈ വേളയിലാണ് തങ്ങളുടെ ശാരീരികമായ അവശതകള്‍ക്കിടയിലും സ്റ്റാര്‍ട്ടപ്പ് എന്ന ലക്ഷ്യത്തിലേക്ക് എത്തിയ ഇന്ത്യന്‍ പ്രതിഭകളെ ലോകം അഭിമാനത്തോടെ കാണുന്നത്. എബിലിറ്റി അല്ല അവെയ്‌ലബിലിറ്റിയാണ് വിജയത്തിന്റെ ഫോര്‍മുലയെന്ന് തെളിയിക്കുകയാണിവര്‍.

സൈമണ്‍ ജോര്‍ജ്

30 വര്‍ഷമായി അരയ്ക്ക് താഴേയ്ക്ക് തളര്‍ന്ന് കിടപ്പിലായിട്ടും സ്വപ്നങ്ങള്‍ക്ക് ചിറക് വിരിയിക്കുവാന്‍ കഠിനാധ്വാനം ചെയ്തയാളാണ് മലയാളിയായ സൈമണ്‍ ജോര്‍ജ്. എഞ്ചിനീയറിങ്ങില്‍ ബിരുധധാരിയായ ഈ 52കാരന്‍ ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് വേണ്ടി ആദ്യ ഹോളിഡേ കമ്പനി ആരംഭിച്ചു. 2018ലാണ് സ്‌പെഷ്യല്‍ കെയര്‍ ഹോളിഡേയ്‌സ് ആരംഭിക്കുന്നത്. ഭിന്നശേഷിക്കാര്‍, വയസ്സായവര്‍, രോഗികള്‍ തുടങ്ങി യാത്ര ചെയ്യുമ്പോള്‍ പ്രത്യേക കരുതല്‍ വേണ്ടവര്‍ക്കായിട്ടാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മോട്ടോറൈസ്ഡ് വീല്‍ച്ചെയറുകള്‍, ട്രെയിനിങ് കഴിഞ്ഞ ടൂറിസ്റ്റ് ഗൈഡുകള്‍, ഡോക്ടറുമാര്‍, നഴ്‌സിങ് അസിസ്റ്റന്റ്‌സ് തുടങ്ങി ഭാഷ തര്‍ജ്ജിമ ചെയ്യാന്‍ വരെ സ്‌പെഷ്യല്‍ കെയര്‍ ഹോമില്‍ ആളുണ്ട്. സൈമണിന്റെ പ്രയത്‌നത്തിന് അഭിനന്ദനമെന്നവണ്ണം കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ആക്‌സസിബിള്‍ ടൂറിസത്തിന് അനുമതി നല്‍കിയിരുന്നു.

സംഗീതാ ദേശായി

കൈവിരലുകളില്ലാതെ ജനിച്ച സംഗീതാ ദേശായി ഇന്ന് ഫാഷന്‍ ലോകത്തെ തിളങ്ങുന്ന താരമാണ്. സോഫിയാ കോളേജില്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് ഫാഷന്‍ ലോകത്തേക്ക് കാലെടുത്ത് വെക്കണമെന്ന ആഗ്രഹമുദിച്ചത്. 1989ല്‍ അമേരിക്കന്‍ കോളേജ് ഓഫ് ലണ്ടനില്‍ നിന്നും ഫാഷനില്‍ ഉപരിപഠനം നടത്തിയ സംഗീത ബോളിവുഡ് താരങ്ങളായ ഐശ്വര്യാ റായ്, ശ്വേതാ മേനോന്‍ എന്നിവര്‍ക്ക് വേണ്ടി വരെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. 2006ല്‍ മുംബൈയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ തന്റെ സ്റ്റുഡിയോ പൂര്‍ണമായി നശിച്ചെങ്കിലും സംഗീത തളര്‍ന്നില്ല. ഇതിനു ശേഷം പിതാവിന്റെ ഓയില്‍ ബിസിനസ് നോക്കി നടത്താന്‍ സംഗീത തീരുമാനിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ടിയുള്ള ബോട്ടാണിക്കല്‍ ഗ്രൂമിങ് സൊലുഷ്യന്‍സ് പ്രോഡക്റ്റ്‌സ് ഇറക്കി ഈ മിടുക്കി ഏവരേയും ഞെട്ടിച്ചു. മുംബൈയില്‍ സംഗീത ആരംഭിച്ച റോ നേച്ചര്‍ കമ്പനി കൃത്രിമമായ നിറങ്ങളോ കെമിക്കലുകളോ ചേര്‍ക്കാത്ത പ്രോഡക്റ്റുകള്‍ ഇറക്കുന്നു. ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടിലും ആമസോണിലുമടക്കം സംഗീതയുടെ പ്രോഡക്റ്റ്‌സ് ലഭ്യമാണ്.

ഇഫ്ത്കര്‍ അലി

ചെറുപ്പത്തില്‍ ബാധിച്ച പോളിയോ രോഗം മൂലം യാതനകളുടെ സന്തത സഹചാരിയായ യുവാവ്. കല്‍ക്കട്ട ഐഐഎമ്മില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ ആഗ്ര സ്വദേശി ഇഫ്ത്കര്‍ അലി തന്റെ ദീര്‍ഘനാളായുള്ള സ്വപ്നം ഡല്‍ഹിയില്‍ യാഥാര്‍ത്ഥ്യമാക്കി. സോഫ്റ്റ് വെയര്‍ ആന്‍ഡ് വെബ് ഡെവലപ്പ്‌മെന്റ് കമ്പനിയായ അലിക്വാന്‍ ടെക്ക്‌നോളജീസ് എന്ന സ്ഥാപനം സകല വെല്ലുവിളികളേയും നേരിട്ടാണ് ഇഫ്ത്കര്‍ ആരംഭിച്ചത്. ഇതിനു മുന്‍പ് എച്ച്‌സിഎല്ലിലും ടിസിഎസ്സിലും ബിസിനസ് അനലിസ്റ്റായും ഐഎംഎസ് ഇന്ത്യയില്‍ സെന്റര്‍ ഓപ്പറേഷണല്‍ ഹെഡായും പ്രവര്‍ത്തിച്ചു. ഇന്ന് എച്ച്‌സിഎല്‍ മുതല്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് വരെ അലിക്വാന്റെ ക്ലയിന്റുകളാണ്.

ഷെനാസ് ഹവേലിവാല

19ാം വയസില്‍ എപ്പിലപ്‌സി ബാധിതയായ ഷെനാസ് സംരംഭര്‍ക്ക് സഹായം നല്‍കുന്ന സോബോ കണക്റ്റ് എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചു. മുംബൈയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദമെടുത്തെങ്കിലും ഗാര്‍ഡനിങ്ങും സലാഡ് നിര്‍മ്മാണവുമായിരുന്നു ഷെനാസിന് ഏറ്റവുമധികം പ്രിയം. അങ്ങനെ വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെ 2017ല്‍ ഷെനാസ് ലെ ഗാര്‍ഡന്‍ എന്ന സലാഡ് കമ്പനി ആരംഭിച്ചു. ഇതില്‍ എപ്പിലപ്‌സി ബാധിതരായ ആളുകളാണ് ജീവനക്കാരായിട്ടുള്ളത്. 32കാരിയായ ഈ മിടുക്കിയ്ക്ക് ഇന്റര്‍നാഷണല്‍ ബ്യൂറോ ഓഫ് എപ്പിലപ്‌സിയുടെ ഔട്ട്സ്റ്റാന്‍ഡിങ് പേഴ്‌സണ്‍ വിത്ത് എപ്പിലപ്‌സി അവാര്‍ഡ് ലഭിച്ചിരുന്നു.

പ്രണവ് ദേശായി

നാലാം വയസില്‍ പോളിയോ ബാധിതയായ അഹമ്മദാബാദ് സ്വദേശി പ്രണവ് ദേശായി പ്രതിസന്ധിയോട് പടവെട്ടി സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചയാളാണ്. ഊന്നുവടിയില്ലാതെ നടക്കാന്‍ സാധിക്കാത്ത പ്രണവ് ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് എംപവര്‍മെന്റ് നല്‍കുന്ന വോയിസ് ഓഫ് സ്‌പെഷ്യലി ഏബിള്‍ഡ് പീപ്പിള്‍ എന്ന ഓര്‍ഗനൈസേഷന്റെ സ്ഥാപകനാണ്. എഞ്ചിനീയറിങ് ബിരുദത്തിന് ശേഷം എംബിഎ കരസ്ഥമാക്കിയ പ്രണവ് മള്‍ട്ടിനാഷണല്‍ കമ്പനിയായ എന്‍ടിടി ഡാറ്റായില്‍ ജോലി ചെയ്ത് വരവേ 2015ലാണ് വോയിസ് ഓഫ് സ്‌പെഷ്യലി ഏബിള്‍ഡ് പീപ്പിള്‍ ആരംഭിക്കുന്നത്. നിലവില്‍ 3000 വോളണ്ടിയര്‍മാരുള്ള കൂട്ടായ്മയാണിത്.

ശൈലേഷ് ഷേത്ത്

ഭിന്നശേഷിക്കാരായ ഒരു പറ്റം യുവാക്കള്‍ക്കൊപ്പം ഇത്തരം ആളുകള്‍ക്കായി തന്നെ അന്തര്‍നാഥ് എന്ന പ്രോജക്റ്റ് ആരംഭിച്ച പ്രതിഭയാണ് ശൈലേഷ്. ഈ പ്രസ്ഥാനം ആരംഭിക്കുന്നതിന് മുന്‍പ് ഏകദേശം പതിനഞ്ച് വര്‍ഷത്തോളം ശൈലേഷ് ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് സെക്ടറിലാണ് ജോലി ചെയ്തത്. എല്ലാ പ്രായത്തിലുമുള്ള ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് സംരംഭം ആരംഭിക്കുന്നതിന് സഹായിക്കുന്ന പ്രസ്ഥാനമാണിത്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മയിലൂടെ ഗുജറാത്തിലെ പതിനായിരക്കണക്കിന് ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് ജീവിതം നല്‍കാനും ശൈലേഷിന് സാധിച്ചു.

ശരത്ത് എം ഗയക്ക്വാഡ്

പൂര്‍ണ വളര്‍ച്ചയെത്താത്ത ഇടതു കൈയ്യുമായി ജനിച്ച ശരത് എം ഗയക്ക്വാഡ് പാരാലംമ്പിക്ക് സ്വിമ്മറാണ്. 2014ലെ ഏഷ്യന്‍ ഗെയിംസില്‍ ഏറ്റവുമധികം മെഡല്‍ വാങ്ങിയ താരം എന്ന റെക്കോര്‍ഡും ശരത്തിനാണ്. 2014ല്‍ ബെംഗലൂരുവില്‍ ആരംഭിച്ച ഗാമാറ്റിക്‌സാണ് ശരത്തിന്റെ സ്റ്റാര്‍ട്ടപ്പ്. സ്വിമ്മേഴ്‌സിന് പ്രാക്ടീസ് ഗിയറുകളും മറ്റ് എക്വിപ്‌മെന്റുകളും ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോമാണിത്. മാത്രമല്ല രാജ്യത്തെ മുന്‍നിര ന്യുട്രീഷ്യനിസ്റ്റുകളുടേയും ഫിസിയോ തെറാപിസ്റ്റുകളുടേയും കമ്മ്യൂണിറ്റിയും ഇതിലുണ്ട്. 2015 ഫെബ്രുവരിയില്‍ ബെംഗലൂരു ഐഐഎമ്മലുള്ള എന്‍എസ്ആര്‍സിഇഎല്ലില്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്റ് ചെയ്തു.

മുഹമ്മദ് ഗദ്ദാഫി

19ാം വയസില്‍ കാലുകള്‍ നഷ്ടപ്പെട്ട വ്യക്തിയാണ് മുഹമ്മദ് ഗദ്ദാഫി. തന്നെപോലെ കാലുകള്‍ ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായി ഗദ്ദാഫി ഒരു സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചു. ഭിന്ന ശേഷിക്കാരായ ആളുകള്‍ കൈകാര്യം ചെയ്യുന്ന രാജ്യത്തെ ആദ്യ ബൈക്ക് സര്‍വീസായ മാ ഉലായാണ് ഗദ്ദാഫിയുടെ സ്റ്റാര്‍ട്ടപ്പ്. തന്റെ സുഹൃത്ത് ബാലാജിയോടൊപ്പം ചെന്നൈയിലാണ് മാ ഉലാ ആരംഭിച്ചത്. ഹിസ്റ്ററിയില്‍ പിഎച്ച്ഡി നേടിയ ഗദ്ദാഫി പ്രസിഡന്‍സി കോളേജില്‍ അധ്യാപകനായിരുന്നു. മാത്രമല്ല രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലും ഗദ്ദാഫി ദീര്‍ഘനാള്‍ ജോലി ചെയ്തിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version