ശക്തമായ വളർച്ചയും നിക്ഷേപകരുടെ വർധിച്ച താൽപര്യവും ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിന് ഗുണകരമാണെന്നും, ഇന്ത്യ ഇന്ന് വിശ്വസനീയമായ  ആഗോള മൂല്യശൃംഖല പങ്കാളിയായി മാറിയതായും വിലയിരുത്തി സാമ്പത്തിക വിദഗ്ധർ. ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി നടന്ന പാനൽ ചർച്ചയിലാണ് ഈ അഭിപ്രായം ഉയർന്നുവന്നത്. ഈ ഗതി നിലനിർത്താൻ നിർണായക തീരുമാനങ്ങളും വേഗത്തിലുള്ള നടപ്പാക്കലുകളും അനിവാര്യമാണെന്നും പാനൽ ചൂണ്ടിക്കാട്ടി. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമോ എന്ന ചോദ്യത്തെ ആസ്പദമാക്കി നടന്ന ചർച്ചയിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞ ഗീതാ ഗോപിനാഥ്, ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ, ഐകിയ ഗ്രൂപ്പ് സി.ഇ.ഒ ജൂവെൻസിയോ മെയ്‌സ്തു ഹെറേര എന്നിവർ പങ്കെടുത്തു. ഇന്ത്യ ടുഡേ ഗ്രൂപ്പ് വൈസ് ചെയർപേഴ്സണും എക്സിക്യൂട്ടീവ് എഡിറ്റർ-ഇൻ-ചീഫുമായ കല്ലി പുരിയാണ് ചർച്ച മോഡറേറ്റ് ചെയ്തത്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ 1,600 നിയമങ്ങളും 35,000 കംപ്ലയൻസുകളും ഒഴിവാക്കിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ടെലികോം, റെയിൽവേ, ക്രിമിനൽ ജസ്റ്റിസ് മേഖലകളിൽ പഴയ നിയമങ്ങൾ മാറ്റി ആധുനിക ചട്ടങ്ങൾ കൊണ്ടുവന്നതോടെ ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ വലിയ തോതിൽ മെച്ചപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന ആഗോള തീരുവകൾ നിലനിൽക്കുന്നതിനിടയിലും ഇന്ത്യയുടെ കയറ്റുമതി വർധിക്കുന്നതായും വൈഷ്ണവ് ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാനസൗകര്യ വികസനവും ജിഎസ്‌ടി പരിഷ്‌കരണങ്ങളും സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ പിന്തുണ നൽകിയതായി ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടു. കുറഞ്ഞ പണപ്പെരുപ്പവും സ്ഥിരതയുള്ള വളർച്ചയും ഇന്ത്യയ്ക്ക് ശക്തമായ അടിത്തറ ഒരുക്കുന്നുണ്ടെങ്കിലും, ഭൂമിയേറ്റെടുക്കൽ, വ്യക്തമായ ഭൂമി ഉടമസ്ഥാവകാശ രേഖകളുടെ അഭാവം, ന്യായവ്യവസ്ഥാ പരിഷ്‌കരണങ്ങൾ തുടങ്ങിയവ വളർച്ചയ്ക്ക് തടസ്സമാണെന്നും അവർ ചൂണ്ടിക്കാട്ടി. തൊഴിൽശേഷിയുടെയും കഴിവുകളുടെയും പൊരുത്തക്കേട് നിലനിൽക്കുന്ന സാഹചര്യത്തിൽ മനുഷ്യ മൂലധനത്തിൽ കൂടുതൽ നിക്ഷേപം ആവശ്യമാണെന്നും ഗീതാ ഗോപിനാഥ് കൂട്ടിച്ചേർത്തു.

ഇന്ത്യ അതിവേഗം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് സുനിൽ ഭാരതി മിത്തൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ ഇതിനായി വ്യാപാര കരാറുകളും ആഗോള മത്സരത്തിൽ പിടിച്ചുനിൽക്കാനുള്ള ദീർഘകാല തന്ത്രങ്ങളും അനിവാര്യമാണെന്നും, സർക്കാർ ഇന്ത്യൻ വ്യവസായങ്ങളിൽ കൂടുതൽ വിശ്വാസം അർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയെ യുവജനസമ്പന്നമായ, വലിയ വിപണിയുള്ള, എഐ പോലുള്ള ആധുനിക സാങ്കേതികവിദ്യകളിലേക്ക് വേഗത്തിൽ കടക്കാൻ കഴിവുള്ള രാജ്യമെന്നാണ് ഐകിയ ഗ്രൂപ്പ് സിഇഒ ജൂവെൻസിയോ ഹെറേര വിശേഷിപ്പിച്ചത്. നിക്ഷേപകർക്ക് സർക്കാർ സംവിധാനങ്ങളിൽ നിന്ന് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും, ആഗോള നിലവാരങ്ങളുമായുള്ള കൂടുതൽ ഏകീകരണം ഇന്ത്യയുടെ വളർച്ചയ്ക്ക് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

At the World Economic Forum in Davos, experts including Geita Gopinath and Ashwini Vaishnaw discuss India’s journey toward becoming the world’s 3rd largest economy.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version