ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ ചിക്കിങ്ങുമായി (Chicking) കൈകോർത്ത് ബസ്സിനുള്ളിൽ ഭക്ഷണം വിതരണം ചെയ്യാൻ കെഎസ്ആർടിസി. അഞ്ച് ബജറ്റ് ടൂറിസം വാഹനങ്ങളിൽ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി. അടുത്ത ബസ് സ്റ്റാൻഡിലോ, റൂട്ടിലുള്ള ചിക്കിങ് സ്റ്റോറുകളിൽ നിന്നോ ഭക്ഷണം പാഴ്‌സലായി സീറ്റുകളിൽ എത്തുന്ന തരത്തിലാണ് പദ്ധതി. ഇതു സംബന്ധിച്ച് കെഎസ്ആർടിസിയും ചിക്കിങുമായി ധാരണയായതായി മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ക്യൂആർ കോഡ് വഴിയാണ് ഭക്ഷണം ഓർഡർ ചെയ്യാനാകുക. പൊതുനിരക്കിനെക്കാൾ 25 ശതമാനം വില കുറച്ചാണ് ഭക്ഷണം നൽകുന്നത്. ആദ്യ ഘട്ടത്തിൽ ബാംഗ്ലൂരിലേക്കുള്ള അഞ്ച് വോൾവോ ബസുകളിലാണ് പദ്ധതി നടപ്പാക്കുക. ആദ്യമായാണ് സ്വകാര്യ കമ്പനിയുമായി പദ്ധതിയിൽ ഏർപ്പെടുന്നത്. വിൽപന വിഹിതത്തിന്റെ അഞ്ച് ശതമാനം കെഎസ്ആർടിസിക്ക് ലഭിക്കും. ദേശീയ സംസ്ഥാന പാതകളിലായി 140 കേന്ദ്രങ്ങളിൽ നിന്നും യാത്രക്കാർക്ക് ഭക്ഷണം നൽകാൻ കഴിയും. ചിക്കിങ് സ്റ്റോറുകളിൽ ബസ് നിർത്തുമ്പോൾ ഡ്രൈവർക്കും കണ്ടക്ടർക്കും സൗജന്യമായി ഭക്ഷണം നൽകാനും കരാറിൽ വ്യവസ്ഥയുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രത്യേക വാട്ട്സ് ആപ്പ് നമ്പറും ഭക്ഷണം ബുക്ക് ചെയ്യാൻ സജ്ജമാക്കിയിട്ടുണ്ട്. ടെക്നോപാർക്കിൽ നിന്നുള്ള ആഴ്ചയിലുള്ള പുതിയ സർവീസ് നടത്തുന്ന ബസിലും ഭക്ഷണം നൽകും.
| KSRTC launches a new food delivery service in collaboration with Chicking. Passengers can order meals via QR code at a 25% discount on selected long-distance buses. |