നൂറിന്റെ നിറവില്‍ എസ്എന്‍എ
1920 ല്‍ തൃശൂര്‍ തൈക്കാട്ട് ഉണ്ണിമൂസ് തുടങ്ങിയ ഔഷധ നിര്‍മ്മാണശാല എസ്എന്‍എയ്ക്ക് നൂറു വയസ്സാകുന്നു. കേരളത്തിലെ അഷ്ടവൈദ്യന്മാരില്‍ പ്രമുഖരായ തൈക്കാട്ട് മൂസ്സ് കുടുംബത്തിലെ പ്രമുഖ വൈദ്യനായിരുന്ന ഉണ്ണിമൂസ് ഇരുപതാം വയസിലാണ് തന്റെ പിതാവിന്റെ നാമഥേയത്തില്‍ ശ്രീ നാരായണ ആയുര്‍വേദ ഔഷധശാല എസ്എന്‍എ ആരംഭിക്കുന്നത്. അഷ്ടവൈദ്യന്മാരില്‍ പ്രധാനികളായിരുന്ന തൈക്കാട്ട് മൂസ്സ് കുടുംബം തൃശൂരിലെത്തിയതിന് ശക്തന്‍ തമ്പുരാന്റെ കാലത്തോളം ചരിത്രമുണ്ട്. ചികിത്സയും സാഹിത്യവും സാംസ്‌ക്കാരിക ഒത്തുചേരലുകളും സജീവമായിരുന്ന തൈക്കാട്ട് ഇല്ലത്തെ പ്രശസ്തനായ ആയുര്‍വേദ ചികിത്സകന്‍ നാരായണന്‍ മൂസിന്റെ മകനാണ് എസ്എന്‍എയുടെ സ്ഥാപകനായ തൈക്കാട്ട് വാസുദേവന്‍ മൂസ്സ് എന്ന ഉണ്ണിമൂസ്.
പാരമ്പര്യ ചികിത്സാ വിധികള്‍ പരിചയപ്പെടുത്താന്‍ ക്യാമ്പയിനുകള്‍
രാജ്യത്തെ തന്നെ ആദ്യകാല ആയുര്‍വേദ ഔഷധ നിര്‍മ്മാണശാലകളിലൊന്നായ എസ്എന്‍എ, ശതാബ്ദിയോടനുബന്ധിച്ച് ആയുര്‍വേദത്തിലെ നൂതന ചികിത്സാ രീതികളെക്കുറിച്ചുള്ള സെമിനാറുകളും, പാരമ്പര്യ ചികിത്സാ വിധികളെ പരിചയപ്പെടുത്തുന്ന ക്യാംപയിനുകളും സംഘടിപ്പിക്കുകയാണ്. ഉണ്ണിമൂസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ഇത് സംഘടിപ്പിക്കുന്നത്. നൂറുവര്‍ഷം കൊണ്ട്, ഇന്ത്യക്ക് അകത്തും പുറത്തും എസ് എന്‍ എ ആയുര്‍വേദത്തിന്റെ ആധികാരിക നാമമായത് ആയുര്‍വേദത്തെ അതിന്റെ സത്ത കെടാതെ, മൗലികമായി പ്രയോഗിക്കുന്നതുകൊണ്ടാണെന്ന് വ്യക്തമാക്കുകയാണ് ഔഷധശാലയുടെ എംഡി അഷ്ടവൈദ്യന്‍ പിടിഎ വാസുദേവന്‍ മൂസ്.
ഇറ്റലിയിലും ഇംഗ്ലണ്ടിലുമടക്കം മുഴങ്ങുന്ന ആയുര്‍വേദ പെരുമ
ഇറ്റലിയുള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് നിരവധി വിദേശ ഡോക്ടര്‍മാര്‍ ആയുര്‍വേദം പഠിക്കാനും പരിശീലിക്കാനുമായി എസ്എന്‍എയില്‍ എത്തുന്നുണ്ട്. ഇറ്റലിയിലെ മിലാനിലുള്ള ആയുര്‍വേദിക് പോയിന്റിന്റെ നേതൃത്വത്തിലാണ് സംഘം ഇവിടെയെത്തുന്നത്. രണ്ട് ഔഷധ നിര്‍മ്മാണ യൂണിറ്റുകളിലായി നൂറ്റി എഴുപതോളം ജീവനക്കാരുള്ള എസ്എന്‍എയ്ക്ക്, മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലുള്‍പ്പെടെ വിതരണ ശൃംഖലകളുണ്ട്. ഇറ്റലി, ഇംഗ്ലണ്ട്, അമേരിക്ക, റഷ്യ തുടങ്ങി പത്തിലധികം രാജ്യങ്ങളിലേക്ക് ആയുര്‍വേദ മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നു. പാരമ്പര്യത്തിന്റെ തനിമ ചോരാതെ, ഒരു സംരംഭത്തെ സാധ്യമായ മേഖലകളിലേക്കെല്ലാം സ്‌കെയിലപ്പ് ചെയ്തിടത്താണ് എസ്എന്‍എ ഔഷധശാല അതിന്റെ നൂറാം വര്‍ഷത്തില്‍ ശ്രദ്ധേയമാകുന്നത്.