കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ബെംഗളൂരു അശോക് നഗറിലുള്ള കോർപറേറ്റ് ഓഫീസിൽവെച്ച് അദ്ദേഹം സ്വയം വെടിയുതിർത്തുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ബെംഗളൂരുവിലെ നാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ചാണ് റോയ് നിറയൊഴിച്ചതെന്നാണ് വിവരം.
ഓഫീസിൽ വെടിയേറ്റ നിലയിൽ റോയിയെ കണ്ടെത്തിയതായും സംഭവസ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരിച്ചതായും പോലീസ് പറഞ്ഞു. ജീവനക്കാർ അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവസമയത്ത് റോയ് ഓഫീസിൽ ഒറ്റയ്ക്കായിരുന്നുവെന്ന് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സംഭവസ്ഥലം പരിശോധിക്കാൻ ഫോറൻസിക് സംഘങ്ങളെ വിളിച്ചുവരുത്തി, പോസ്റ്റ്‌മോർട്ടം പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസ് വ്യക്തത വരുത്തിയിട്ടില്ല.
കൊച്ചി സ്വദേശിയായ സി.ജെ. റോയ് കേരളം, കർണാടക, തമിഴ്‌നാട് ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി റിയൽ എസ്റ്റേറ്റ് മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. സിനിമാ നിർമാണ മേഖലയിലും സജീവമായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബെംഗളൂരുവിൽ അടക്കം കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 2005ൽ സ്ഥാപിതമായ കോൺഫിഡന്റ് ഗ്രൂപ്പ്, റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകൾ, വില്ലകൾ, വാണിജ്യ സമുച്ചയങ്ങൾ, മിക്സഡ്-യൂസ് ഡെവലപ്‌മെന്റുകൾ എന്നിവയിലുടനീളമുള്ള പദ്ധതികളിലൂടെ അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പറാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, ഇടത്തരം, പ്രീമിയം ഭവന വിപണികളിൽ വലിയ പോർട്ട്‌ഫോളിയോയും ശക്തമായ ബ്രാൻഡും കെട്ടിപ്പടുത്ത കമ്പനി കർണാടകയിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിച്ചു. കമ്പനിയുടെ വളർച്ചാ തന്ത്രവും പ്രവർത്തനങ്ങളും രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച പ്രായോഗിക സംരംഭകനായാണ് റോയ് കണക്കാക്കപ്പെടുന്നത്.
Roy CJ, the 57-year-old Chairman of Confident Group, allegedly ended his life at his Bengaluru office. Read the details of the investigation and his legacy in real estate.
