സംരംഭകര്‍ക്ക് മാത്രമല്ല സംരംഭകത്വ ചിന്ത മനസിലുള്ളവര്‍ക്കും സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടു വരാന്‍ സാധിക്കും എന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ബോളിവുഡ് കിങ് ഷാരുഖ് ഖാന്‍ നായകനായ സ്വദേശ് എന്ന ചിത്രം. അശുതോഷ് ഗോവാരിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഇന്ത്യയുടെ ഗ്രാമീണ മേഖലയിലുള്ള ജാതി വിവേചനം മുതല്‍ വരുമാന മാര്‍ഗത്തിനായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ഒരുകൂട്ടം ജനങ്ങളുടെ ദുരിത ജീവിതം വരെ വരച്ചുകാട്ടുന്നു. അവിടേയ്ക്ക് തന്നെ വളര്‍ത്തിയ കാവേരിയമ്മയെ തേടി വന്ന നാസാ ഉദ്യോഗസ്ഥന്‍ മോഹന്‍ ഭാഗവതിന്റെ കഥയാണ് മൂവീസ് ഫോര്‍ ഓണ്‍ട്രപ്രണേഴ്സില്‍ ഇനി
കാവേരിയമ്മയെ തേടി വരവ്
തന്റെ മാതാപിതാക്കളുടെ മരണത്തിന് പിന്നാലെ ഡല്‍ഹിയിലെ ഓള്‍ഡ് ഏജ് ഹോമില്‍ താമസിക്കാന്‍ പോകുന്ന കാവേരിയമ്മയെ മോഹന് പിന്നെ കാണാന്‍ സാധിക്കുന്നില്ല. യുസില്‍ ജോലി ചെയ്ത് വരവേ കാവേരിയമ്മയെ കാണണമെന്നും തന്റെ ഒപ്പം കൊണ്ടു പോകണമെന്നും മോഹന് ആഗ്രഹമുണ്ടാകുന്നു. അതിനായി മൂന്നാഴ്ച്ച അവധിയെടുത്ത് മോഹന്‍ ഇന്ത്യയിലെത്തുന്നു. അന്വേഷണത്തിനൊടുവില്‍ യുപിയിലെ ചരണ്‍പൂര്‍ എന്ന ഗ്രാമത്തിലാണ് കാവേരിയമ്മ താമസിക്കുന്നതെന്ന് അദ്ദേഹം അറിയുന്നു. മോഹന്റ ബാല്യകാല സുഹൃത്തായ ഗീതയോടൊപ്പമാണ് കാവേരിയമ്മ താമസിക്കുന്നത്. ചരണ്‍പൂരിലേക്ക് ഷാരൂഖ് സുഹൃത്തിന്റെ .കാരവാനില്‍ വരുന്ന രംഗങ്ങള്‍ ഏറെ രസകരമാണ്. തന്റെ ഗ്രാമത്തില്‍ വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ഗീത. അവളുടെ പ്രവര്‍ത്തനങ്ങളില്‍ മോഹന്‍ സഹായിക്കുകയും ഇവര്‍ പ്രണയത്തിലാകുകയും ചെയ്യുന്നു.
ഗീതയ്ക്ക് പണം കടം നല്‍കാനുള്ള ഹരിദാസ് എന്നയാളെ കൊടി എന്ന ഗ്രാമത്തില്‍ മോഹന്‍ കാണേണ്ടി വരുന്ന സന്ദര്‍ഭം മുതലാണ് കഥയുടെ ഗതി തന്നെ മാറി മറിയുന്നത്. പരമ്പരാഗത നെയ്ത്തുകാരനായിരുന്ന ഹരിദാസിന് കാര്യമായ വരുമാനമില്ലാതിരുന്നതിനാല്‍ കുടിയേറ്റ കൃഷിയിലേക്ക് തിരിയേണ്ടി വന്നു. എന്നാല്‍ ഇക്കാരണത്താല്‍ അദ്ദേഹത്തെ ഗ്രാമത്തില്‍ നിന്നും നാട്ടുകാര്‍ പുറത്താക്കുകയും അദ്ദേഹത്തിന്റെ കൃഷിയ്ക്ക് ആവശ്യമായ വെള്ളം നല്‍കുന്നത് വിലക്കുകയും ചെയ്തു. വരുമാനത്തിന്റെ കുറവ് കൊണ്ട് കുടുംബത്തിന് ഒരു നേരത്തെ ആഹാരം പോലും കൃത്യമായി കൊടുക്കാന്‍ സാധിക്കാതിരുന്ന ഹരിദാസിന്റെ അവസ്ഥ മോഹന്റെ മനസില്‍ ആഴ്ന്നിറങ്ങുന്നു.
ഗ്രാമത്തില്‍ വെളിച്ചമെത്തിച്ചപ്പോള്‍
കൊടി എന്ന ഗ്രാമത്തിലെ അതേ അവസ്ഥയാണ് ചരണ്‍പൂരിലെന്നും മനസിലാക്കുന്ന മോഹന്‍ ആ നാട്ടില്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒരു മാറ്റം സൃഷ്ടിക്കാന്‍ തീരുമാനിക്കുന്നു. ലീവ് മൂന്നാഴ്ച്ചത്തേക്ക് കൂടി നീട്ടിയ മോഹന്‍ ചരണ്‍പൂരിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങുന്നു. ഗ്രാമത്തിലെ മുഖ്യ ജലശ്രോതസില്‍ സ്വന്തം ചെലവില്‍ മോഹന്‍ ഹൈഡ്രോ ഇലക്ട്രിക്ക് പ്രൊജക്ടിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുകയും വെളിച്ചം കൊണ്ടു വരികയും ചെയ്യുന്നു. ഒരു ജനതയുടെ ജീവിതത്തിലേക്ക് സന്തോഷത്തിന്റെ പ്രകാശം നല്‍കിയ മോഹന് വൈകാതെ തന്നെ യുഎസിലേക്ക് തിരികെ പോകേണ്ടി വരുന്നു. അവസാനകാലത്ത് നാട്ടില്‍ തന്നെ കഴിയണമെന്നാണ് ആഗ്രഹമെന്നും കാവേരിയമ്മയും സ്വന്തം നാട് വിടാന്‍ താല്‍പര്യമില്ലെന്ന് ഗീതയും മോഹനോട് പറയുന്നു.
യുഎസിലെ പ്രൊജക്ട് പൂര്‍ത്തിയാക്കി ഇന്ത്യയിലെത്തുന്ന മോഹന്‍ വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററില്‍ ജോയിന്‍ ചെയ്യുന്നതിടത്താണ് ചിത്രം അവസാനിക്കുന്നത്. ഷാരുഖ് ഖാന്‍, ഗായത്രി ജോഷി, കിഷോരി ബല്ലാല്‍, രാജേഷ് വിവേക് തുടങ്ങിയവര്‍ വേഷമിട്ട ചിത്രം ഇന്നും സിനിമാ പ്രേമികളുടെ മനസില്‍ മായാതെ നില്‍ക്കുന്നു. സംരംഭകന് സ്വയം മാറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെങ്കില്‍ സംരംഭകത്വ ചിന്തയ്ക്ക് ഒരു നാടിന്റെ തന്നെ തലവര മാറ്റിയെഴുതാന്‍ കഴിയുമെന്നും നമുക്ക് വ്യക്തമാക്കി തരികയാണ് സ്വദേശ്.