വിശപ്പാണ് ഏറ്റവും വലിയ മതമെന്നും അന്നമാണ് ദൈവമെന്നും ലോകത്തെ ഓര്‍മ്മിപ്പിക്കുന്ന ഒന്നാണ് കോവിഡ് പ്രതിസന്ധിയ്ക്ക് പിന്നാലെ വന്ന ലോക്ക് ഡൗണ്‍ ദിനങ്ങള്‍. സമസ്ത
മേഖലയ്ക്കും താഴു വീണപ്പോള്‍ അശരണരുടെ വിശപ്പിന്റെ വിളി കേട്ട നന്മ ട്രസ്റ്റിനും കേരള പൊലീസും സമൂഹം ഒരു ബിഗ് സല്യൂട്ട് നല്കുന്നു.
ലോക്ക് ഡൗണ്‍ മുതല്‍ കൈത്താങ്ങായി
ലോക്ക് ഡൗണ്‍ ആരംഭിച്ച ദിനം തന്നെ ഐജി വിജയന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട് നന്മ ടീം ഒരു പ്രതിജ്ഞയെടുത്തു. പട്ടിണിയില്‍ വലയുന്ന ഒരു വയറു പോലും സമൂഹത്തിലുണ്ടാകരുത് എന്ന്. ഒരു വയറൂട്ടാം ഒരു വിശപ്പകറ്റാം എന്ന പദ്ധതിയിലൂടെ ഇന്ന് നൂറുകണക്കിന് ആളുകള്‍ക്ക് ഭക്ഷണം എത്തിച്ച് നല്കുന്ന പദ്ധതിയുടെ തുടക്കം തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ച ഉപ്പുമാവ് വിതരണത്തിലാണ്.
40 ഉപ്പുമാവ് പൊതികളില്‍ നിന്നും ആരംഭം
തെരുവില്‍ കഴിയുന്നവര്‍ക്ക് മുതല്‍ അന്നന്നത്തെ അധ്വാനത്തില്‍ അന്നം വാങ്ങിയിരുന്നവര്ക്കും ലോക്ക് ഡൗണ്‍ മൂലം യാത്ര പാതി വഴിയില്‍ മുടങ്ങിയവര്‍ക്കും വരെ ഈ കരുതല്‍ ഇന്ന് ഉണര്‍വേകുന്നു. ലോക്ക്ഡൗണ്‍ ആരംഭിച്ച ദിവസം തിരുവനന്തപുരം നഗരത്തില്‍ 40 പേര്‍ക്ക് അത്താഴത്തിനായി ഉപ്പുമാവ് പൊതികള്‍ വിതരണം ചെയ്തുകൊണ്ടാണ് ‘ഒരു വയറൂട്ടാം, ഒരു വിശപ്പകറ്റാം’ എന്ന ക്യാമ്പിയിനിന്റെ തുടക്കം. തൊട്ടടുത്ത ദിവസം അതേ നഗരത്തില്‍ നിര്‍ദ്ധനരായ 100 പേര്‍ക്ക് ഉച്ചയൂണൊരുക്കി വിതരണം ചെയ്തു. ക്രമേണ ജില്ലകളില്‍ നിന്ന് ജില്ലകളിലേക്കു ഈ സ്നേഹ സംരംഭം ഞൊടിയിടയില്‍ വളര്‍ന്നു.
ഒരു വയറിന്റെ വിശപ്പെങ്കിലും ശമിപ്പിക്കാന്‍ സാധിക്കുമോ എന്ന് കരുതിയിരുന്ന…പരിഹാരത്തിന്റെ പക്ഷത്ത് നില്ക്കുന്ന ആളുകളുടെ കൂട്ടായ്മയില്‍ നിന്നാണ് ഒരു വയറൂട്ടാം ഒരു വിശപ്പകറ്റാം എന്ന പദ്ധതി യാഥാര്‍ത്ഥ്യമായതെന്നും ഐജി പി. വിജയന് പറയുന്നു.
40 ദിവസം കൊണ്ട് 4 ലക്ഷം ഭക്ഷണ പൊതികള്‍
ഇന്ന് ‘ഒരു വയറൂട്ടാം, ഒരു വിശപ്പകറ്റാം’ ദിവസേന ഭക്ഷണമൊരുക്കുന്നത് ഇരുപതിനായിരത്തോളം പേര്‍ക്കാണ്! 40 ദിവസം കൊണ്ട് വിതരണം ചെയ്യപ്പെട്ട മൊത്തം ഭക്ഷണ പൊതികളുടെ എണ്ണമാകട്ടെ നാലു ലക്ഷത്തിലധികവും! കോഴിക്കോട് ഇഫ്ത്താര്‍ കിറ്റുകള്‍ ഉള്‍പ്പടെ 45,000 ത്തോളം കിറ്റുകള്‍ ഇതുവരെ കൊടുത്തു കഴിഞ്ഞു.കോഴിക്കോട് ട്രാഫിക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജുരാജ്, നന്മ ഫൗണ്ടേഷന് ഭാരവാഹിയും എഞ്ചിനീയറുമായ ആനന്ദ്മണിയാണ് ജില്ലയില്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഒട്ടുമിക്ക ജില്ലകളിലും ‘ഒരു വയറൂട്ടാം, ഒരു വിശപ്പകറ്റാം’ പദ്ധതി ഭക്ഷണം പാചകം ചെയ്യുന്നത് സുമനസ്സുകള്‍ വിട്ടുനല്‍കിയ കെട്ടിടങ്ങളില്‍ പ്രത്യേകമായി സജ്ജീകരിച്ച അടുക്കളകളില്‍ നിന്നാണ്.
സ്നേഹക്കൂട്ടായ്മ ഒരു ഓര്‍മ്മപ്പെടുതല്‍
ശാരീരിക അകലത്തിന്റെ കാലഘട്ടത്തില്‍ വിശപ്പനുഭവിക്കുന നിരാലംബര്‍ക്കു ഭക്ഷണം ഉത്തരവാദിത്വത്തോടെ എത്തിച്ചു നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ഒരുമിച്ച ഈ സ്നേഹക്കൂട്ടായ്മ ഒരു ഓര്‍മ്മപ്പെടുതലാണ്. ഐക്യം, സ്നേഹം, പങ്കുവെക്കല്‍ തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത നന്മയുടെ ചേരുവകളാണ് യഥാര്‍ത്ഥ ജീവിതം എന്ന ഓര്‍മ്മപ്പെടുത്തല്‍.