മാര്‍ച്ച് മൂന്നാമത്തെ ആഴ്ച മുതല്‍ രാജ്യത്തെ പൂട്ടിക്കെട്ടിയ ലോക്ഡൗണില്‍ സംസ്ഥാനങ്ങള്‍ക്ക് ആകെ നഷ്ടം 1 ലക്ഷം കോടിയോളം രൂപ വരും. ടൂറിസം, ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി, ട്രാന്‍സ്പോര്‍ട്ട്, സപ്ലൈ , പ്രൊഡക്ഷന്‍ തുടങ്ങി സര്‍വ്വമാന മേഖലകളും സ്തംഭിച്ചതോടെ അക്ഷരാര്‍ത്ഥത്തില്‍ മുഴുപ്പട്ടിണിയിലായത് സംസ്ഥാനങ്ങളാണ്.
നഷ്ടം ഒരു ലക്ഷം കോടിയോളം
ലോക്ഡൗണ്‍ അടുത്തയാഴ്ച്ച പിന്‍വലിച്ചാലും സംസ്ഥാനങ്ങള്‍ റവന്യു കളക്ഷനിലേക്ക് എത്താന്‍ സെപ്തംബറെങ്കിലും എടുക്കും. 21 സംസ്ഥാനങ്ങളുടെ ഏപ്രിലെ മാത്രം വരുമാന നഷ്ടമാണ് 97000 കോടിക്ക് മുകളിലുള്ളത്,. വരുമാനത്തില്‍ 70 ശതമാനത്തോളം ആഭ്യന്തര വിഭവങ്ങളെ ആശ്രയിക്കുന്ന കേരളം , മഹാരാഷട്ര, തമിഴ്മാട് , കര്‍ണ്ണാടകം , ഗോവ തുടങ്ങിയ സംസ്ഥാനങ്ങളാകും ഏറ്റവും പ്രതിസന്ധിയിലാകാന്‍ പോകുന്നത്.
കരകയറാന്‍ എത്ര നാള്
ജിഎസ്ടി, വാറ്റ്, സ്റ്റാംപ് ഡ്യൂട്ടി, എക്സൈസ്, റോഡ് ടാക്സ് തുടങ്ങിയ മേഖലയില്‍ നിന്ന് 70 ശതമാനത്തോളം വരുമാനം കണ്ടെത്തുന്ന കേരളത്തിന് ഈ മേഖലകളെല്ലാം അടഞ്ഞതോടെ ഉണ്ടായ ഭീമമായ വരുമാന നഷ്ടം താങ്ങാനാവാത്തതാണ്. കേന്ദം പ്രഖ്യാപിച്ച പാക്കേജുകളാകട്ടെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രത്യേകിച്ച് ഗുണമുള്ളതുമല്ല.
മദ്യ നികുതി കൂട്ടിയും പെട്രോള്‍ ഡീസല്‍ വാറ്റ് കൂട്ടിയും സംസ്ഥാനങ്ങള്‍ ഈ വരുമാന ഇടിവ് മറികടക്കാനുള്ള ശ്രമത്തിലാണ്. സാമൂഹിക സുരക്ഷാ മേഖലകളില്‍ ഒരുപാട് പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കേരളം ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ എത്രനാള്‍ എടുക്കും.