ലോകമെങ്ങും കൊറോണ വൈറസിനെതിരെയുള്ള വാക്സിനെ കാത്തിരിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ വാക്സിൻ നിർമാണം പുരോഗമിക്കുകയാണ്. എന്നാൽ കൊറോണ വൈറസ് വാക്സിൻ നിർമാണത്തിന് അഞ്ചു ലക്ഷത്തോളം സ്രാവുകളെ കൊല്ലേണ്ടി വരുമെന്ന റിപ്പോർട്ട് ലോകത്തെ പിടിച്ചുലയ്ക്കുകയാണ്.Shark Allies എന്ന എൻജിഒ ആണ് ഇത്തരമൊരു വിവരം പുറത്ത് വിട്ടത്.
സ്രാവുകളുടെ കരളിൽ നിന്നെടുക്കുന്ന squalene വാക്സിൻ നിർമാണത്തിന് ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. സിന്തറ്റിക്കോ അല്ലെങ്കിൽ സസ്യങ്ങളിൽ നിന്നുളളതോ ആയ കോമ്പൗണ്ടുകൾ വാക്സിനായി കണ്ടെത്തിയില്ലെങ്കിൽ സ്രാവുകളുടെ കൂട്ടമരണം സംരംഭവിക്കുമെന്നാണ് മുന്നറിയിപ്പ്.
ഒരു വ്യക്തിക്ക് രണ്ടു ഡോസ് വാക്സിൻ എന്ന് കണക്കാക്കിയാൽ അഞ്ചു ലക്ഷം സ്രാവുകൾക്ക് ജീവഹാനിയുണ്ടാകുമെന്ന് Shark Allies പറയുന്നു. കോവിഡ് -19 വാക്സിൻ ലോകത്തിന് അത്യന്താപേക്ഷിതമാണെങ്കിലും ഈ രീതിയിൽ സ്രാവുകളെ കൊന്നൊടുക്കുന്നത് സ്രാവുകളുടെ വംശ നാശത്തിനിടയാക്കുമെന്നും Shark Allies പറയുന്നു.
യീസ്റ്റ്,ബാക്ടീരിയ,ഒലിവ് ഓയിൽ,ഷുഗർകെയ്ൻ ഇവയാണ് സ്രാവിന് പകരമായി സ്ക്വാലീൻ വേർതിരിച്ചെടുക്കാൻ Shark Allies നിർദ്ദേശിക്കുന്നത്. സ്രാവുകളുടെ സംരക്ഷണത്തിനായി വിപുലമായ ഒപ്പുശേഖരമാണ് ഓൺലൈൻ പ്രചരണങ്ങളിലൂടെ Shark Allies നടത്തുന്നത്.