റോയൽ എൻഫീൽഡ്- പേര് പോലെ തന്നെ ബൈക്ക് പ്രേമികളുടെ മനസ്സിൽ പതിഞ്ഞ രാജകീയ പരിവേഷമുളള ബ്രാൻഡാണ്. സ്വന്തമാക്കുവാൻ ആരും ആഗ്രഹിച്ച് പോകുന്ന പ്രൗഢിയുളള റോയൽ എൻഫീൽഡ് ഇന്ത്യൻ നിരത്തുകളിലെ ശക്തമായ സാന്നിധ്യമാണ്. 119 വർഷം നീണ്ട ചരിത്രമാണ് എൻഫീൽഡ് എന്ന കിങ് ബ്രാൻഡിന് പറയാനുളളത്. 1901-ൽ ഇംഗ്ലണ്ടിലാണ് ആദ്യ റോയൽ എൻഫീൽഡ് അവതരിക്കുന്നത്. Enfield Cycle Company Limited- ആയിരുന്നു നിർമ്മാതാവ്. നിർമാണത്തിലും റോയൽ എൻഫീൽഡ് എന്ന പേരിന് പിന്നിലും അസാധാരണമായ ഒരു ചരിത്രമുണ്ട്. 1851ൽ George Townsend ആരംഭിച്ച ഒരു സൂചി നിർമാണ സ്ഥാപനം ആണ് Enfield Cycle Company യുടെ പിറവിയിലേക്ക് നയിച്ചത്. സൂചിയിൽ നിന്ന് സൈക്കിളിന്റെ അനുബന്ധഘടക നിർമാണത്തിലേക്ക് Townsend തിരിഞ്ഞു. 1886 ൽ സൈക്കിളുകൾ നിർമിച്ച് പുറത്തിറക്കി. എന്നാൽ നഷ്ടങ്ങളുടെ പടുകുഴിയിലേക്ക് വീഴാൻ തുടങ്ങിയ Eadieയുടെ കമ്പനിക്ക് എൻഫീൽഡിലെ Royal Small Arms ഫാക്ടറിക്കു വേണ്ട റൈഫിൾ പാർട്സ് തയാറാക്കാനുള്ള ഓർഡർ ലഭിക്കുന്നു. ഇവിടെ നിന്നാണ് വീണ്ടും കമ്പനിയുടെ തലവര മാറുന്നത്. ആദര സൂചകമായി Royal Enfield എന്ന പേരും ബ്രാൻഡ് സ്വീകരിക്കുന്നു. Made like a gun ‘എന്ന ടാഗും ഇതോട് ചേർത്ത് സ്വീകരിച്ചതാണ്. 1896 ൽ New Enfield Cycle Company Limited രൂപീകരിക്കുന്നു. 1897 ൽ ഈ ബ്രാൻഡ് നെയിമിൽ Eadie സൈക്കിൾ പുറത്തിറക്കി. 1899ൽ ബൈസിക്കിളിന്റെ മോഡിഫൈഡ് വേർഷനായി Royal Enfield quadricycle അവതരിപ്പിച്ചു.
രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സേനക്ക് വേണ്ടി ആർമി മോട്ടോർസൈക്കിളുകൾ – എയർബോൺ മോഡൽ എൻഫീൽഡ് നിർമിച്ചു. 1932-ലാണ് Redditch ഫാക്ടറിയിൽ ആദ്യത്തെ എൻഫീൽഡ് ബുള്ളറ്റ് നിർമിച്ചത്. ലണ്ടനിലെ മോട്ടോർ ഷോയിലാണ് ബുള്ളറ്റിന്റെ ആദ്യവരവ്. 1971 ൽ ഇംഗ്ലണ്ടിലെ പ്രവർത്തനം എൻഫീൽഡ് അവസാനിപ്പിച്ചു.
1952-ലാണ് ബുള്ളറ്റ് ആദ്യം ഇന്ത്യയിലേക്ക് എത്തുന്നത്. ഇന്ത്യൻ ആർമി 800 ബുള്ളറ്റുകളാണ് വാങ്ങിയത്. 1955 ലാണ് മദ്രാസ് മോട്ടോഴ്സുമായി ചേർന്ന് Redditch ഫാക്ടറി റോയൽ എൻഫീൽഡ് നിർമാണം ഇന്ത്യയിലേക്കെത്തിക്കുന്നത്. Enfield India രൂപം കൊണ്ടു. 1962 മുതൽ പൂർണമായും കംപോണന്റ്സ് എല്ലാം ഇന്ത്യയിൽ തന്നെ നിർമിച്ചു. 1990 ൽ ഡൽഹി ആസ്ഥാനമായുള്ള ട്രക്ക് നിർമാതാക്കളായ Eicher മോട്ടോഴ്‌സ് ലിമിറ്റഡ് റോയൽ എൻഫീൽഡിന്റെ ഓഹരി വാങ്ങി. 1994 ൽ അതിന്റെ ഭൂരിപക്ഷം ഓഹരിയുടമയായി Eicher ഗ്രൂപ്പ് എൻഫീൽഡ് ഇന്ത്യയെ ഏറ്റെടുക്കുകയും റോയൽ എൻഫീൽഡ് മോട്ടോർസ് ലിമിറ്റഡ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. Eicher Motors Limited ന്റെ ഉടമസ്ഥതയിലാണ് ഇപ്പോൾ ചെന്നൈയിലെ ഇന്ത്യൻ എൻഫീൽഡ് ഫാക്ടറി പ്രവർത്തിക്കുന്നത്.
Bullet, Classic 350, Meteor 350, Classic 500, Interceptor 650, Continental, തണ്ടർബേഡ് എക്‌സ്, സ്റ്റാന്റേർഡ്, അഡ്വഞ്ചറസ് ഓഫ് റോഡ് മോഡൽ Royal Enfield Himalayan തുടങ്ങിയവയാണ് എൻഫീൽഡിനെ ജനപ്രിയമാക്കിയത്. 2005 ൽ റോയൽ എൻഫീൽഡ് ഇന്ത്യയിൽ അമ്പത് വർഷങ്ങൾ പൂർത്തീകരിച്ചു. ക്ലാസിക് എന്ന മോഡൽ 2009 ൽ വിപണിയിലെത്തി, ആ വർഷം റോയൽ എൻഫീൽഡ് 52,000 മോട്ടോർ സൈക്കിളുകൾ വിറ്റു. 2012 ൽ ഇത് ഒരു ലക്ഷത്തിലധികമായി. 2014 ആയപ്പോഴേക്കും ഇത് മൂന്നിരട്ടിയായി വർദ്ധിച്ചു.
കോവിഡ് ബാധിക്കുന്നതിനു മുമ്പുള്ള അവസാന സാമ്പത്തിക വർഷത്തിൽ കമ്പനി ആഗോളതലത്തിൽ ഏകദേശം 824,000 ബൈക്കുകൾ വിറ്റു. കഴിഞ്ഞ വർഷം 650,000 മോട്ടോർ സൈക്കിളുകൾ ഇന്ത്യയിൽ വിറ്റു. കഴിഞ്ഞ വർഷം കമ്പനി മൂന്ന് ഫാക്ടറികളിലൊന്നിന്റെ വലുപ്പം ഇരട്ടിയാക്കി, മൊത്തം ഉൽപാദന ശേഷി പ്രതിവർഷം 1.2 ദശലക്ഷം മോട്ടോർസൈക്കിളുകളായി ഉയർത്തി. എൻഫീൽഡ് ഇന്ത്യയ്ക്ക് ഇന്ന് യുകെയിലും യുഎസിലും വിതരണശൃംഖലയുണ്ട്. ഇപ്പോഴിതാ പുതിയ കാലത്തെ പ്രതിനിധീരികരിക്കാൻ ഇലക്ട്രിക് ബൈക്കുകൾ നിർമ്മിക്കാനുളള പദ്ധതിയിലാണ് റോയൽ എൻഫീൽഡ്.
കേരളത്തിലുടനീളം റോയൽ എൻഫീൽഡിന് 59 ഓളം ഡീലർഷിപ്പുകളും 25 സ്റ്റുഡിയോ സ്റ്റോറുകളുമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബുള്ളറ്റിനോടുള്ള അമിതമായ അഭിനിവേശം കാരണം യാത്രകളെ സ്നേഹിക്കുന്നവരുണ്ട്. റോയൽ എൻഫീൽഡ് പ്രേമികളുടെ നിരവധി ക്ലബുകൾ ഇന്ത്യയിലങ്ങോളമിങ്ങോളമുണ്ട്. റോയൽ എൻഫീൽഡ് ബുള്ളറ്റിനെ റോയലാക്കുന്നത് ആകാരവും ആ ഗുഡു ഗുഡു ശബ്ദവും കൂടെയാണ്. കൊച്ചു കുട്ടിയായാലും ബൈക്കിനെ കുറിച്ച് ബാലപാഠം അറിയാത്തവരായാലും കേൾവി കൊണ്ട് മനസിൽ പതിഞ്ഞ രൂപമാണ് ബുള്ളറ്റ്. തലയെടുപ്പുളള കൊമ്പനെ പോലെ. വീഞ്ഞ് പോലെ, പഴകുന്തോറും വീര്യമേറുമെന്ന് ബൈക്ക് പ്രേമികൾ പറയും. അതുകൊണ്ടു തന്നെ വിശേഷണങ്ങൾക്കതീതമാണ് റോയൽ എൻഫീൽഡ് ബുളളറ്റ്.