Rakesh Jhunjhunwala എന്ന പേര് ഇന്ത്യൻ ബിസിനസ് സമൂഹത്തിന് പരിചിതമാണ്. ട്രേഡറും ചാർട്ടേഡ് അക്കൗണ്ടന്റും ഇൻവെസ്റ്ററുമായ RAKESH JHUNJHUNWALA ഇൻവെസ്റ്റ്മെന്റ് മേഖലയിലെ മിന്നുംതാരമാണ്. കോവിഡ് മാന്ദ്യത്തിൽ നിന്ന് വിപണി പതിയെ ഉണർന്നപ്പോൾ 5 ഓഹരികളിൽ നിന്ന് ജുൻജുൻവാല നേടിയത് 976 കോടി രൂപയാണ്. ഫോബ്സിന്റെ സമ്പന്ന പട്ടിക പ്രകാരം 3 ബില്യൺ ഡോളർ ആസ്തിയുളള ജുൻജുൻവാല രാജ്യത്തെ 54-ാമത്തെ ധനികനാണ്. ഇന്ത്യയുടെ Warren Buffet എന്നും വിശേഷിപ്പിക്കപ്പെടുന്നു. ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ താല്പര്യപ്പെടുന്നവർക്ക് പ്രചോദനമാകും രാകേഷ് ജുൻജുൻവാലയുടെ ട്രേഡ് ലൈഫ്.
Dalal street ലെ രാജാവായി മാറും മുൻപ് കോളേജ് പഠനകാലത്ത് തന്നെ ജുൻജുൻവാല ഓഹരിവിപണിയിൽ തത്പരനായിരുന്നു. ഇൻകംടാക്സ് ഓഫീസറായിരുന്ന പിതാവും സുഹൃത്തുക്കളും ഷെയർ മാർക്കറ്റിനെ കുറിച്ച് സംസാരിക്കുന്നതാണ് ജുൻജുൻവാലയിൽ ഓഹരിവിപണിയിലേക്ക് ആകർഷിച്ചത്. ഓഹരിവിപണിയിലെ ഏറ്റക്കുറച്ചിലുകളെ കുറിച്ചുളള വാർത്ത അറിയാൻ പതിവായി പത്രങ്ങൾ വായിക്കാൻ പിതാവ് തന്നെയാണ് നിർദ്ദേശിച്ചത്. എന്നാൽ ഓഹരിവിപണിയിൽ ഇറങ്ങാൻ ധനസഹായം നൽകാൻ പിതാവ് വിസമ്മതിച്ചു. സുഹൃത്തുക്കളോട് പണം ചോദിക്കുന്നത് വിലക്കുകയും ചെയ്തു.
Institute of Chartered Accountant of India യിൽ നിന്നു ബിരുദം നേടിയെങ്കിലും ഓഹരി വിപണിയാണ് തന്റെ തട്ടകമെന്ന് ജുൻജുൻവാല തീരുമാനിച്ചു. തുടക്കം മുതൽ തന്നെ അദ്ദേഹം റിസ്ക് ഇഷ്ടപ്പെട്ടിരുന്നു. സഹോദരന്റെ ക്ലയന്റുകളിൽ നിന്ന് പണം കടം വാങ്ങിയാണ് ഓഹരി വിപണിയിലിറങ്ങുന്നത്. ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റിനേക്കാൾ ഉയർന്ന ലാഭം നൽകി മൂലധനം തിരികെ നൽകുമെന്നായിരുന്നു കടം വാങ്ങുമ്പോഴുളള വാഗ്ദാനം.
ജുൻജുൻവാല ആദ്യമായി ഇൻവെസ്റ്റ്മെന്റിന് ഇറങ്ങുമ്പോൾ Bombay Stock Exchange Index 150 ലായിരുന്നു. ഇന്ന് സൂചിക 38,000ത്തിൽ ബിസിനസ് നടത്തുന്നു. 1985 ൽ വാങ്ങിയ 5,000 രൂപ മൂലധനവുമായി തുടങ്ങിയ ജുൻജുൻവാല 2018 സെപ്റ്റംബർ ആയപ്പോൾ മൂലധനം 11,000 കോടി രൂപയായി ഉയർത്തിയിരുന്നു. 1986ൽ Tata Tea ഓഹരികളാണ് ജുൻജുൻവാലയ്ക്ക് വൻ നേട്ടം നൽകിയത്. 5,000 ഓഹരികൾ 43 രൂപയ്ക്ക് വാങ്ങിയപ്പോൾ മൂന്ന് മാസത്തിനുള്ളിൽ സ്റ്റോക്ക് 143 രൂപയായി ഉയർന്നു. ലാഭം മൂന്നിരിട്ടയിലധികം. മൂന്ന് വർഷത്തിനുളളിൽ 20-25 ലക്ഷം രൂപയാണ് നേടിയത്. പിന്നീട് Midas touch എന്നൊക്കെ പറയും പോലെ തൊട്ടതെല്ലാം പൊന്നാകുന്ന ഇന്ദ്രജാലം. തുടർന്നുളള വർഷങ്ങളിൽ Titan, CRISIL, Sesa Goa, Praj Industries, Aurobindo Pharma,NCC എന്നിവയിലെല്ലാം നിക്ഷേപിച്ചു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിൽ സ്റ്റോക്കുകളിൽ 30% നഷ്ടം സംഭവിച്ചുവെങ്കിലും 2012 ൽ ആ നഷ്ടങ്ങളിൽ നിന്നെല്ലാം കര കയറി. Aptech Limited, Ion Exchange, MCX, Fortis Healthcare, Lupin, VIP Industries, Geojit Financial Services, Rallis India, Jubilant Life Sciences എന്നിവയിലും നിലവിൽ അദ്ദേഹത്തിന് നിക്ഷേപമുണ്ട്.
ടാറ്റയുടെ Titan ഷെയറുകളാണ് ജുൻജുൻവാലയ്ക്ക് ഏറ്റവും നേട്ടം നൽകുന്നത്. ഭാര്യ രേഖയും ഇൻവെസ്റ്ററായതിനാൽ നേട്ടം ഇരട്ടിക്കുന്നു. സ്വകാര്യ സ്റ്റോക്ക് ട്രേഡിംഗ് സ്ഥാപനമായ RARE Enterprises ജുൻജുൻവാലയുടേതാണ്. Hungama Media, Aptech ഇവയുടെ ചെയർമാനായ അദ്ദേഹം Viceroy Hotels, Concord Biotech, Provogue India, Geojit Financial Services തുടങ്ങിയ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡിലും അംഗമാണ്. ജുൻജുൻവാല തന്റെ സമ്പത്തിന്റെ 25 ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വെച്ചിരിക്കുന്നു. കാൻസർ ബാധിതരായ കുട്ടികൾക്കായുളള St Jude, Agastya International Foundation, Arpan ഇവയ്ക്കെല്ലാം സംഭാവന നൽകുന്നു. Ashoka University, Friends of Tribals Society, Olympic Gold Quest ഇവയേയും ഇന്ത്യയുടെ ഈ ഷെയർ മാൻ പിന്തുണയ്ക്കുന്നു