ഗൾഫ് രാജ്യങ്ങളുടെ പരമ്പരാഗത ഐക്യത്തെ ഉലയ്ക്കുകയും സാമൂഹിക ബന്ധങ്ങൾ തകർക്കുകയും ചെയ്ത ഒരു നയതന്ത്രപ്രതിസന്ധി അവസാനിക്കുന്നു എന്നതിലുപരി, സൗദി അറേബ്യ ഖത്തറുമായുള്ള വ്യോമ, കര അതിർത്തികൾ തുറക്കുന്നുവെന്ന വാർത്തയ്ക്ക് ബിസിനസ് ലോകം വിപുലമായ അർത്ഥം കാണുന്നുണ്ട്. പ്രത്യേകിച്ച് കോവിഡിന് ശേഷം ബിസിനസ് ഉയർത്തെഴുനേൽക്കേണ്ട സാഹചര്യത്തിൽ.
സൗദി, ഈജിപ്ത്, UAE, ബഹ്റൈൻ എന്നീ രാജ്യങ്ങൾ 2017 ന്റെ മദ്ധ്യത്തോടെ ഖത്തറിനുമേൽ ഏർപ്പെടുത്തിയ ഉപരോധം ഖത്തറിന്റെ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് 9.5 ശതമാനമായിരുന്നു 2017ലെ ഇടിവ്. അതേ മാസത്തിൽ ഇറക്കുമതി 39.9% കുറയുകയും ചെയ്തു. എണ്ണ ഇതര സമ്പദ്വ്യവസ്ഥ 4.6 ശതമാനമായി ചുരുങ്ങി. വിദേശ വ്യാപാരം 49.4% കുറഞ്ഞു.
എന്നാൽ തുടർന്നങ്ങോട്ട് പ്രതിസന്ധികളിൽ അവസരം തീർക്കുന്ന ഖത്തറിനെയാണ് ലോകം കണ്ടത്. ഉപരോധത്തിന് മുമ്പ് ഖത്തറിന്റെ ഇറക്കുമതിയുടെ, പ്രത്യേകിച്ച് ഭക്ഷ്യോത്പന്നങ്ങളുടെ, വരവ് 60% വരെ ബഹിഷ്കരണം ഏർപ്പെടുത്തിയ രാജ്യങ്ങളിലൂടെയായിരുന്നു. അതിനാൽ ഉപരോധാനന്തരം തുർക്കി, ഇറാൻ വഴി ബദൽ വിതരണമാർഗ്ഗങ്ങൾ ക്രമീകരിക്കാൻ സർക്കാരിന് അതിവേഗം പ്രവർത്തിക്കേണ്ടി വന്നു. ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാനും പാൽ വിതരണം ഉറപ്പാക്കാനും ആയിരക്കണക്കിന് പശുക്കളെ ആകാശമാർഗ്ഗം ഇറക്കുമതി ചെയ്തു. ഇവ അന്താരാഷ്ട്രസമൂഹത്തിനു മുമ്പിൽ ഖത്തറിന്റെ സമരവീര്യത്തിന്റെ പ്രതീകങ്ങളുമായി. ഇടനിലക്കാരെ ഒഴിവാക്കി യഥാർത്ഥ വിതരണക്കാരിലേക്ക് നേരിട്ട് എത്തിച്ചേരാൻ ഖത്തറിനെ പഠിപ്പിച്ചത് വാസ്തവത്തിൽ ഒറ്റപ്പെടുത്തലായിരുന്നു.
ഓഫ്ഷോർ വാതകശേഖരത്തിൽനിന്നുള്ള സമ്പത്ത് പരമാവധി ഉപയോഗിച്ച് ഖത്തർ ബഹിഷ്കരണത്തെ മറികടക്കുന്ന കാഴ്ചയാണ് ലോകം പിന്നീട് കണ്ടത്. പ്രതിശീർഷ GDP പരിഗണിച്ചാൽ ലോകത്തിലെതന്നെ ഏറ്റവും സമ്പന്നങ്ങളിൽ ഒന്നാണ് ഖത്തറിന്റെ സമ്പദ്വ്യവസ്ഥ. 2015, 2016 ലെ ലോക റാങ്കിംഗിൽ ഏറ്റവും മികച്ച പത്ത് രാജ്യങ്ങളിൽ ഒന്നുമായിരുന്നു.
ബഹിഷ്കരണം ആരംഭിച്ച് മൂന്നുമാസങ്ങൾ പിന്നീടവേ 7.4 ബില്യൺ ഡോളർ ചെലവഴിച്ച് നിർമ്മിച്ച ഹമദ് തുറമുഖം തുറന്നു. ഇത് രാജ്യത്തെ വലിയ ചരക്ക് കപ്പലുകളെ സ്വീകരിക്കാൻ പ്രാപ്തമാക്കി. ഖത്തറിലെ വിദേശനിക്ഷേപം വർദ്ധിപ്പിക്കുന്നതിന് തൊഴിൽ നിയമങ്ങൾ, സ്വകാര്യവൽക്കരണം, പ്രത്യേക സാമ്പത്തിക മേഖലകൾ, വിദേശ ഉടമസ്ഥാവകാശ പരിധി എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ പരിഷ്കരിച്ചു.
“ഉപരോധം ജനങ്ങളെ ഒരുമിപ്പിക്കുകയും രാജ്യത്തിന്റെ പുരോഗതിക്കായി ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കാൻ സജ്ജരാക്കുകയും ചെയ്തു. അത് ഊർജ്ജസ്വലതയും സ്വാശ്രയത്വവും വളർത്തി,” സംരംഭകനായ ഖാലിദ് അൽ മൊഹന്നദി അഭിപ്രായപ്പെട്ടു.
ഇന്നിപ്പോൾ ഹൈപ്പർ മാർക്കറ്റ് ഷെൽഫുകളിൽ ലോകത്തിന്റെ മുക്കിലും മൂലയിലും നിന്നുമുള്ള ഭക്ഷ്യോത്പന്നങ്ങൾ നിരന്നിരിക്കുന്ന കാഴ്ച ഹൃദയഹാരിയാണ്. ഉപരോധം പൗരന്മാരെ അവരവരിൽ വിശ്വസിക്കാൻ പഠിപ്പിച്ചുവെന്നും ഖാലിദ് അൽ മൊഹന്നദി അഭിപ്രായപ്പെടുന്നു
സംരംഭകത്വത്തെ വലിയതോതിൽ പ്രോത്സാഹിപ്പിച്ചതിന്റെ ഫലമായി വിജയകരമായ പുതിയ പല സംരംഭങ്ങളും ബിസിനസുകളും വളർന്നുവന്നു.
Startup -കൾക്ക് പൂർണപിന്തുണയാണ് രാജ്യം വാഗ്ദാനം ചെയ്യുന്നത്. സംരംഭകരിൽ 30 ശതമാനത്തിലധികം സ്ത്രീകളാണെന്നത് മറ്റൊരു പ്രത്യേകത. പ്രമുഖ സ്റ്റാർട്ടപ്പുകളുടെയും സംഘടനകളുടെയും തലപ്പത്തു സ്ത്രീകളാണെന്ന് ഖത്തർ ഡെവലപ്മെന്റ് ബാങ്ക് സിഇഒ അബ്ദുൽ അസീസ് ബിൻ നാസർ അൽ ഖലീഫ അഭിമാനത്തോടെ പറയുന്നു. കായിക സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ആശയങ്ങൾ പദ്ധതികളാക്കി മാറ്റുന്നതിൽ സംരംഭകർക്കായി ഖത്തർ മത്സരവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്നിപ്പോൾ ഫിഫ 2022 ലോകകപ്പ് ആതിഥേയരാകാൻ തയ്യാറെടുക്കുകയാണ് ഖത്തർ. കാൽപ്പന്തു മാമാങ്കത്തിനുള്ള നാലാം വേദിയായ അൽ റയ്യാൻ സ്റ്റേഡിയത്തിന്റെ പണിപൂർത്തിയായത് കഴിഞ്ഞമാസമാണ്. ഇനി നാലെണ്ണത്തിന്റെ നിർമ്മാണംകൂടി പൂർത്തിയാക്കാനുണ്ട്. ബിസിനസ്സിന്റെ പൊതുധാരയിലേക്ക് വീണ്ടുമെത്തുന്ന ഖത്തറിൽ സംരംഭകർക്ക് വലിയ സാധ്യത തുറക്കുന്നുണ്ട്.