സാമൂഹ്യ സംരംഭകത്വത്തെ വലിയ തോതിൽ സമൂഹം ഉപയോഗിക്കേണ്ടതുണ്ടെന്ന് ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ. സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും തുല്യനീതിയും സമൂഹത്തിൽ തുല്യപദവിയും ലഭിക്കാൻ സോഷ്യൽ എൻട്രപ്രണർഷിപ്പ് പ്രമോട്ട് ചെയ്യേണ്ടത് ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ലിംഗസമത്വത്തിനായുള്ള അന്താരാഷ്ട്ര സമ്മേളനം കോഴിക്കോട് ജെൻഡർ പാർക്കിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ലിംഗ വിവേചനത്തിന്റെ ഇരകളാകുന്ന ഇവർക്ക് പലപ്പോഴും അവസരങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും മന്ത്രി പറഞ്ഞു. സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും അവരുടെ കഴിവ് തെളിയിക്കാവുന്ന നിരവധി മേഖലകളുണ്ട്. ജെൻഡർ പാർക്ക് എല്ലാവിധ പിന്തുണയും തുടർന്നും അവർക്ക് നൽകാൻ സന്നദ്ധമാണ്. യു എന്നിന്റെ Sustainable Development Goals ലെ മുഖ്യ ഘടകമായ സ്ത്രീകളുടെയും ട്രാൻസ്ജെൻഡറുകളുടെയും സംരംഭങ്ങൾക്ക് സൗത്ത് ഏഷ്യയിലെ ആദ്യത്തെ ജെൻഡർ പാർക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസം, നൈപുണ്യവികസനം, സംരംഭകത്വം എന്നിവയുൾപ്പെടെയുളള മേഖലകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും തുല്യ അവസരം ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാ ബദ്ധമാണ്. യുഎൻ വുമണുമായി സഹകരിച്ചുളള ജെൻഡർ പാർക്ക് സ്റ്റഡി സെന്റർ ഈ ലക്ഷ്യം മുൻ നിറുത്തിയിയുളളതാണ്. ഇന്ത്യ, ഭൂട്ടാൻ,മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലെ സ്ത്രീകളുടെയും ട്രാൻസ്ജെൻഡറുകളുടെയും പ്രശ്നങ്ങൾ പഠിക്കുക സെന്ററിന്റെ ലക്ഷ്യമാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഈ രാജ്യങ്ങളിൽ നിന്നുള്ള വനിതാ സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾ മികച്ച രീതിയിൽ വിപണനം ചെയ്യുന്നതിനായാണ് ജെൻഡർ പാർക്കിൽ ഒരു International Women’s Trade Centre ആരംഭിക്കുന്നത്.
Related Posts
Add A Comment