വാട്സ്ആപ്പിന് മുന്നിൽ മുട്ടു മടക്കേണ്ടി വന്നുവെങ്കിലും ഫേസ്ബുക്കിന് സമാനമായ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം എന്ന സ്വപ്നത്തിന് പിന്നാലെയാണ് Kavin Bharti Mittal. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ Bharti Airtel ഉടമ സുനിൽ മിത്തലിന്റെ മകൻ. Hike മെസഞ്ചർ എന്ന ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പിന്റെ സ്ഥാപകൻ, Kavin Bharti Mittal ന് വിശേഷണങ്ങൾ ഏറെയാണ്. ന്യൂഡൽഹി ആസ്ഥാനമായ ഹൈക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ് 2012 ൽ Hike മെസഞ്ചർ ആരംഭിക്കുന്നത്. Softbank Group ഉൾപ്പെടെയുളള ഇൻവെസ്റ്റേഴ്സ് പിന്തുണച്ച ഹൈക്കിന് 2016ൽ യൂണികോൺ പദവിയും സ്വന്തമായി. യൂണികോൺ പദവി നേടിയ ശേഷം നിരവധി തിരിച്ചടികളാണ് ഹൈക്ക് നേരിട്ടത്.
ഇന്ത്യയിലെ വാട്സ്ആപ്പിന്റെ പ്രയാണത്തിന് തടയിടുന്നതിൽ ദേശി ആപ്പ് ആയിരുന്നിട്ട് കൂടി ഹൈക്ക് പരാജയപ്പെട്ടു. Tencent Holdings Ltd, Foxconn Technology Group എന്നിവരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പ്ലാറ്റ്ഫോമായ സിഗ്നേച്ചർ മെസേജിംഗ് ആപ്ലിക്കേഷൻ കഴിഞ്ഞ മാസം അടച്ചുപൂട്ടിയപ്പോഴാണ് ഏറ്റവും പുതിയ തിരിച്ചടി ഉണ്ടായത്. എന്നാൽ ആ തിരിച്ചടികളൊന്നും സുനിൽ മിത്തലിന്റെ മകനെ പിന്നോട്ട് വലിക്കുന്നില്ല. മിത്തലിന്റെ മറ്റൊരു ആശയമായ ചൈനയുടെ WeChat ന് സമാനമായ ഒരു സൂപ്പർ ആപ്ലിക്കേഷനും ഫലപ്രാപ്തിയിലെത്തിയില്ല. എന്നാൽ ഇപ്പോൾ 155 ജീവനക്കാരുമായി ഹൈക്ക് കൂടുതൽ കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ മടങ്ങിയെത്തുന്നു.
ഫേസ്ബുക്കിന് ബദലായ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമെന്ന കവിൻ ഭാർതി മിത്തലിന്റെ പുതിയ ലക്ഷ്യത്തിന് ഉത്തരമാണ് സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്സൈറ്റായ Vibe. കഴിഞ്ഞ മാസം സൈൻഅപ്പുകൾ ഓപ്പൺ ചെയ്തതിന് ശേഷം 300,000 ത്തിലധികം അപേക്ഷകൾ ലഭിച്ചു. അപ്രൂവലിലൂടെ മാത്രമാണ് പ്രവേശനം. പ്രൈവസിയും സേഫ്റ്റിയുമാണ് വാഗ്ദാനം. ഹൈക്കിന്റെ പുതിയ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമായ Rush ഡിസംബറിൽ അവതരിപ്പിച്ചിരുന്നു.
ആൻഡ്രോയ്ഡ് iOS പ്ലാറ്റ്ഫോമുകളിൽ Rush ലഭ്യമാണ്. ഇത് മാളുകളിലും അമ്യൂസ്മെന്റ് പാർക്കുകളിലും കാണുന്ന കോയിൻ ഉപയോഗിച്ച കളിക്കുന്ന ഗെയിമിംഗ് ആർക്കേഡുകളുടെ ഓൺലൈൻ പതിപ്പാണ്. രാജ്യത്തെ ഓൺലൈൻ ഗെയിമിംഗ് വ്യവസായം 2019 ലെ 1.1 ബില്യൺ ഡോളറിൽ നിന്ന് 2022 ൽ 2.8 ബില്യൺ ഡോളറായി ഉയരുമെന്നാണ് ഇൻഡസ്ട്രിയുടെ കണക്കുകൂട്ടൽ. Vibe, Rush ഇവയിലൂടെ 2022 ൽ ലാഭത്തിലേക്കെത്തുക എന്ന ലക്ഷ്യത്തിലാണ് Kavin Bharti Mittal. ഈ വർഷം വൈകാതെ തന്നെ ധനസമാഹരണത്തിനായി നിക്ഷേപകരിലേക്ക് എത്താനുളള തീരുമാനത്തിലുമാണ് ഹൈക്ക് പ്രൈവറ്റ് ലിമിറ്റഡ്.