Woman Engine

US പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിൽ സുപ്രധാന പദവി വഹിക്കുന്ന സ്ത്രീകൾ

ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയുടെ താക്കോൽസ്ഥാനങ്ങളിൽ ഇന്ന് സ്ത്രീകളാണ്. അവിടങ്ങളിൽ അവർ പരമാവധി പെർഫോം ചെയ്യാൻ ശ്രമിക്കുന്നുമുണ്ട്.  ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലെൻ, കൊമേഴ്‌സ് സെക്രട്ടറി ഗിന റൈമോണ്ടോ, ട്രേഡ് റെപ്രസെന്ററ്റീവ് കാതറിൻ തായ് എന്നിവർ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിൽ ഉയർന്ന പദവികൾ വഹിക്കുന്നു. ബൈഡന്റെ സാമ്പത്തിക ഉപദേഷ്ടാക്കളിൽ പലരും സ്ത്രീകളാണ്. കാബിനറ്റ് തലത്തിലുള്ള ഉദ്യോഗസ്ഥരിൽ 48 ശതമാനവും വനിതകൾ തന്നെ. ഈ മാറ്റം ഇതിനകം തന്നെ സാമ്പത്തിക രംഗത്ത് പ്രതിഫലിച്ചിട്ടുണ്ട്.

“സ്ത്രീകൾ‌ കടന്നുവരുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ വളരെ വ്യക്തമാണ്.  സമൂഹങ്ങൾ മികച്ചതാകുന്നു, സമ്പദ്‌വ്യവസ്ഥകൾ‌ മികച്ചതാകുന്നു, ലോകം‌ തന്നെ മെച്ചപ്പെട്ടതാകുന്നു, ”ഐ‌എം‌എഫും മറ്റ് സ്ഥാപനങ്ങളും നടത്തിയ  ഗവേഷണ റിപ്പോർട്ടുകൾ ഉദ്ധരിച്ച് ജോർ‌ജിവ പറഞ്ഞു.
അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ കണ്ടെത്തിയത്    വനിതാ ഗവർണർമാരുള്ള യുഎസ് സംസ്ഥാനങ്ങളിൽ മറ്റുള്ളിടങ്ങളെ അപേക്ഷിച്ച് COVID-19 മരണങ്ങൾ കുറവാണെന്നാണ്.

കഴിഞ്ഞയാഴ്ച ബൈഡൻ അവതരിപ്പിച്ച 2.3 ട്രില്യൺ ഡോളറിന്റെ വികസന പദ്ധതിയിൽ “കെയർ എക്കണോമി” ക്കായി  400 ബില്യൺ ഡോളറാണ്  മാറ്റിവച്ചത്. കുട്ടികളെയും മുതിർന്നവരെയും പരിപാലിക്കുന്ന ഭവന-കമ്മ്യൂണിറ്റി അധിഷ്ഠിത ജോലികളെ പ്രോത്സാഹിക്കുന്നതിനാണ് തുക വകയിരുത്തിയത്. കൂടുതലും സ്ത്രീകൾ ജോലി ചെയ്യുന്ന ഈ രംഗത്തിന്  വേണ്ടത്ര ശ്രദ്ധ സർക്കാരുകൾ നൽകാറില്ല.

സാമ്പത്തിക നയങ്ങളിൽ പുത്തൻ കാഴ്ചപ്പാട് കൊണ്ടുവരാൻ വനിതാ നേതാക്കൾക്കാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. “നിങ്ങൾ‌ ഗ്രൂപ്പിലെ മറ്റുള്ളവരിൽ‌ നിന്നും വ്യത്യസ്‌തരായിരിക്കുമ്പോൾ പലപ്പോഴും കാര്യങ്ങൾ‌ വ്യത്യസ്തമായി കാണാനാകും,” ഹാർ‌വാർഡ് ബിസിനസ് സ്കൂളിലെ പ്രൊഫസർ റെബേക്ക ഹെൻഡേഴ്സൺ പറയുന്നു.
കഴിഞ്ഞ അരനൂറ്റാണ്ടിൽ 57 സ്ത്രീകൾ അവരവരുടെ രാജ്യങ്ങളുടെ പ്രസിഡന്റോ പ്രധാനമന്ത്രിയോ ഒക്കെ ആയിരുന്നിട്ടുണ്ട്.  എന്നാൽ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്ന സ്ഥാപനങ്ങൾ പുരുഷന്മാർ നിയന്ത്രിക്കുന്ന രീതി അടുത്ത കാലം വരെ തുടർന്നു.
യുഎസിന് പുറത്തേ കാര്യങ്ങൾ നോക്കിയാൽ, 2.8 ട്രില്യൺ ഡോളർ ബാലൻസ് ഷീറ്റുള്ള യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ ചുക്കാൻ പിടിക്കുന്നത് ക്രിസ്റ്റിൻ ലഗാർഡാണ് എന്ന മഹിളയാണ്.  ഒരു ട്രില്യൺ ഡോളർ വായ്പാ ശേഷിയുള്ള  ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ അമരക്കാരി ക്രിസ്റ്റാലിന ജോർജിവയാണ്.  വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ തലപ്പത്ത്  ഒകോൻജോ ഇവാലയും. 10 വർഷം മുമ്പ് പുരുഷന്മാർ കൈവശം വച്ചിരുന്ന പദവികളാണ് ഇവയെല്ലാം. ലോകത്തിലെ 16 രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാർ സ്ത്രീകളാണ്.  14 കേന്ദ്ര ബാങ്കുകളും ഇവരുടെ കൈകളിൽ ഭദ്രം.
സ്ത്രീശാക്തീകരണം തകർന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു പിടിവള്ളികൂടിയാണ്. കോവിഡിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ട സ്ത്രീകളെ തിരികെ തൊഴിലിടങ്ങളിലേക്ക് കൊണ്ടുവരുന്നത് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 27 ശതമാനം വർദ്ധിപ്പിക്കുമെന്നാണ് IMF പറയുന്നത്.

Leave a Reply

Back to top button