റോബോട്ടുകളുടെ നടത്തവും ആട്ടവുമൊക്കെ പഴയകഥയായത്, മനുഷ്യരുടേതുപോലെ മെയ്വഴക്കത്തോടെ, പാട്ടിനൊത്ത് കൈകാലുകൾ വിടർത്തിയും തറയിൽ നിന്നും കുതിച്ചുയർന്നും ചുവടുകൾ വയ്ക്കുന്ന റോബോട്ടുകളുടെ വീഡിയോ തരംഗമായതോടെയാണ്. ആ വീഡിയോ വീണ്ടും വൈറലാകുകയാണ് സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയും അതിശയകരമായ ആപ്ലിക്കേഷനുമാണ് ഈ റോബോട്ട് ഡാൻസ് കാണിച്ചു തരുന്നത്. ബോസ്റ്റൺ ഡൈനാമിക്സ് എന്ന കമ്പനി അവരുടെ മൂന്ന് AI റോബോട്ടുകളുപയോഗിച്ച് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. സ്പോട്ട്, അറ്റ്ലസ്, ഹാൻഡിൽ എന്നിങ്ങനെ മൂന്ന് മൊബൈൽ AI റോബോട്ടുകളുടെ പരമ്പര സൃഷ്ടിച്ചുകൊണ്ട് 1992 ലാണ് ബോസ്റ്റൺ ഡൈനാമിക്സ് സ്ഥാപിതമായത്.
ഈ റോബോട്ടുകളുടെ മൂന്നു മിനുട്ടിൽ താഴെയുള്ള ഒരു വീഡിയോയാണ് ഇന്റർനെറ്റ് കീഴടക്കിയിരിക്കുന്നത്. വീഡിയോയിൽ ഇവർ 1962 ലേ ഹിറ്റായ, The Contours എന്ന ആഫ്രിക്കൻ-അമേരിക്കൻ സംഘത്തിന്റെ “Do you love me?” എന്ന ഗാനത്തിനാണ് ചുവടുവയ്ക്കുന്നത്. വിസ്മയിപ്പിക്കുന്ന ഈ വീഡിയോ ആദ്യ ആഴ്ചയിൽ 30 ദശലക്ഷത്തിലധികം ആൾക്കാർ കണ്ടു.
അറ്റ്ലസ് ഒരു ഹ്യൂമനോയിഡ് റോബോട്ടാണ്. സ്പോട്ട്, നായ എന്ന് തോന്നിപ്പിക്കുന്ന മഞ്ഞ നിറത്തിലുള്ള റോബോട്ടും. ഹാൻഡിൽ ഒരു ഒട്ടകപ്പക്ഷിയെ ഓർമ്മിപ്പിക്കും. ഡാൻസ് വീഡിയോ ആരംഭിക്കുന്നത് അറ്റ്ലസിന്റെ സോളോ പെർഫോമൻസിലാണ്. പിന്നീട് ഒരു നർത്തകിയെപ്പോലെ ചുവടുവച്ച് സ്പോട്ട് എത്തുന്നു. വീഡിയോയിൽ ഹാന്റിലിന്റെത് ഒരു ഹ്രസ്വ സന്ദർശനമാണ്.
മനുഷ്യന്റെ നീക്കങ്ങളെ അനുകരിക്കുന്ന ചലനങ്ങളാണ് ഈ റോബോട്ടുകളുടേത്. ഇവർക്ക് വൃദ്ധർ മുതൽ കുഞ്ഞുകുട്ടികൾ വരെ ഉൾപ്പെടുന്ന വലിയ ആരാധകവൃന്ദമുണ്ട്. അവർ വീണ്ടും വീണ്ടും ഈ വീഡിയോ കാണാൻ താത്പര്യം കാണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
റോബോട്ടുകളെ നൃത്തം ചെയ്യിക്കുകയെന്നത് ശ്രമകരമായ ജോലിയാണ്. ഇതിന് ബോസ്റ്റൺ ഡൈനാമിക്സ് മികച്ച മോഷൻ-പ്രോഗ്രാമിംഗ് ടൂളുകളേയാണ് ആശ്രയിച്ചത്. മോണിക്ക തോമസ് ആണ് നൃത്തം സംവിധാനം ചെയ്തത്.
കണ്ട്യിന്യുവിറ്റി, പെർഫെക്ഷൻ, പെർസിസ്റ്റൻസ് എന്നിവയിൽ റോബോട്ടിക് ഇന്റലിജൻസ് എത്രമാത്രം അഡ്വാൻസ്ഡ് ആണന്ന് വ്യക്തമാക്കുകയാണ് ബോസ്റ്റൺ ഡൈനാമിക്സ്. കമ്പനി ഇതിനകം തന്നെ സ്പോട്ടിന്റെ വിൽപ്പന ആരംഭിച്ചുകഴിഞ്ഞു. വ്യാവസായിക പരിശോധന മുതൽ വിനോദം വരെ ഏതുജോലികൾക്കും ഉചിതമാണ് ഈ റോബോട്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.