സ്റ്റാർട്ടപ്പ് ലോകത്ത് ഫണ്ടിംഗ് പൊതുവെ വാർത്തയാകാറുണ്ട്. ഇസ്രയേലി ഡിജിറ്റൽ ഹെൽത്ത് സ്റ്റാർട്ടപ്പ് OutSense സീരീസ് എ ഫിനാൻസിംഗ് റൗണ്ടിൽ 2.7 മില്യൺ ഡോളർ നേടിയത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഔട്ട്സെൻസ് ഫണ്ട് നേടിയതിനേക്കാൾ ആ വാർത്തയെ ശ്രദ്ധേയമാക്കിയത് ഫണ്ടിംഗിന് അർഹമായ സ്റ്റാർട്ടപ്പിന്റെ ടെക്നോളജിയാണ്
സ്മാർട്ട് ടോയ്ലറ്റ് ബൗൾ (smart toilet bowl) ടെക്നോളജിയാണ് ഔട്ട്സെൻസ് വികസിപ്പിച്ചിരിക്കുന്നത്. ടോയ്ലെറ്റ് ബൗളിൽ ക്ലിപ്പ് ചെയ്യുന്ന ഔട്ട്സെൻസിന്റെ IoT ഡിവൈസ് മനുഷ്യ വിസർജ്യം നിരീക്ഷണ വിധേയമാക്കി ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തും. ലൈറ്റിംഗ് ഡിവൈസും Wi-Fi റിസീവറുള്ള ഓട്ടോണോമസ് കൺട്രോളറുമാണ് ഡിവൈസിലുളളത്. ഇത് മൾട്ടി-സ്പെക്ട്രൽ ഒപ്റ്റിക്കൽ സെൻസറുകൾ ഉപയോഗിച്ച് വിസർജ്ജനം സ്കാൻ ചെയ്യുന്നു. ഔട്ട്സെൻസിന്റെ AI ക്ലൗഡ് അധിഷ്ഠിത വിശകലനത്തിനായി ഡാറ്റ അയയ്ക്കുന്നു.
വിസർജ്ജനത്തിന്റെ രാസ, ഭൗതിക ഘടനയെ അടിസ്ഥാനമാക്കി അനാലിസിസ് നടത്തും. അന്തിമഫലത്തിൽ അസാധാരണത്വം കണ്ടെത്തിയാൽ, സിസ്റ്റം ഇതിന്റെ നോട്ടിഫിക്കേഷനും റിസൾട്ടും ഉടനടി അയയ്ക്കുന്നു. ഔട്ട്സെൻസ് ഡിവൈസ് നിലവിൽ മലത്തിലെ രക്തം തിരിച്ചറിയാൻ പ്രാപ്തമാണ്. ഇത് പലപ്പോഴും വൻകുടൽ കാൻസറിന്റെ ലക്ഷണമായാണ് പരിഗണിക്കുന്നത്. നേരത്തെയുളള ചികിത്സ ലഭ്യമാക്കാൻ ഈ റിസൾട്ട് സഹായിക്കും.
മാത്രമല്ല, മലം,മൂത്രം ഇവ ശേഖരിച്ച് ലാബുകളിലെത്തിച്ച് ടെസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനാമാകും. വൈകി മാത്രം തിരിച്ചറിയപ്പെടുന്ന പല രോഗങ്ങളും ആരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നതിനും വേണ്ട ചികിത്സകൾ നൽകുന്നതിലൂം ഇത്തരം സ്മാർട്ട് സൊല്യൂഷനുകൾ ഉപകരിക്കും.
ഇസ്രായേലിലെ Meir Medical സെന്ററിലെ ക്ലിനിക്കൽ ട്രയലിലൂടെ ഉപകരണം 90% കൃത്യത പുലർത്തുന്നതായി തെളിയിക്കപ്പെട്ടുവെന്ന് കമ്പനി വ്യക്തമാക്കുന്നു.
ഔട്ട്സെൻസ് നിലവിൽ ഇസ്രയേലിൽ ക്ലിനിക്കൽ ട്രയൽ നടത്തുന്നുണ്ട്. ജപ്പാനിലും സ്റ്റാർട്ടപ്പ് പൈലറ്റ് പ്രോഗ്രാം ചെയ്യുന്നു. യുഎസ്, ജപ്പാൻ, യൂറോപ്പ്, ചൈന എന്നിവിടങ്ങളിൽ ഡിവൈസിന് പേറ്റന്റ് നൽകിയിട്ടുണ്ട്.
2016 ൽ സ്ഥാപിതമായ ഔട്ട്സെൻസ് ഇസ്രായേലിലെ Or Yehuda ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു. മനുഷ്യ വിസർജ്യം അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാബേസ് സൃഷ്ടിക്കാനും ഔട്ട്സെൻസ് പദ്ധതിയിടുന്നു. ഡിറ്റക്ഷൻ ലിസ്റ്റിൽ കൂടുതൽ രോഗങ്ങൾ കണ്ടെത്താനുള്ള അൽഗരിതം ഉൾക്കൊളളിക്കാനും കമ്പനി ഗവേഷണം നടത്തുന്നു. സ്മാർട്ട് സൊല്യൂഷനുകൾ മനുഷ്യന്റെ ജീവിതത്തിലും ആരോഗ്യത്തിലും അത്ഭുതകരമായ മാറ്റങ്ങളാണ് കൊണ്ടുവരാൻ പോകുന്നത്.