ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിലെ കിരീടം വെക്കാത്ത രാജാവാണ് രാകേഷ് ജുൻജുൻവാല. ഇന്ത്യൻ വാറൻ ബഫറ്റ് എന്ന് വിളിപ്പേരുളള രാകേഷ് ജുൻജുൻവാലയും യഥാർത്ഥ വാറൻ ബഫറ്റും തമ്മിൽ നിരവധി സാമ്യങ്ങളുണ്ട്. ഓഹരി വിപണിയിലെ നിക്ഷേപങ്ങളിലൂടെയാണ് ഇരുവരും ശതകോടീശ്വരസ്ഥാനത്തേക്കുയർന്നതും നില നിൽക്കുന്നതും.
എയർലൈൻ സ്റ്റോക്കുകൾ രണ്ടുപേരുടെയും സ്റ്റോക്ക് പോർട്ടഫോളിയോയിൽ ഇടംപിടിച്ചിരുന്നു. പാൻഡമിക് കാലത്ത് വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലായപ്പോൾ വാറൻ ബഫറ്റ് യുഎസ് എയർലൈൻ സ്റ്റോക്കുകൾ കൈവിടുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ ഇവിടെ വ്യത്യസ്തനാകുകയാണ് രാകേഷ് ജുൻജുൻവാല. 70 വിമാനങ്ങളുള്ള ഒരു ബജറ്റ് എയർലൈൻ ആരംഭിക്കാൻ പദ്ധതിയിടുന്ന രാകേഷ് ജുൻജുൻവാലയാണ് ഈയിടെ വാർത്തകളിൽ നിറയുന്നത്.. കോവിഡ് 19- ഇത്രയധികം ബാധിക്കപ്പെട്ട വ്യോമയാന മേഖലയിൽ പണം നിക്ഷേപിക്കാനുളള ജുൻജുൻവാലയുടെ തീരുമാനം വിപ്ലകരമെന്ന് വിലയിരുത്തപ്പെടുന്നു.
എയർലൈൻ സ്റ്റോക്കുകൾ അപകടകരവും പണം നഷ്ടമാക്കുന്നവയും ആണെന്നാണ് പൊതു വിലയിരുത്തൽ.
1989 -ൽ ബഫറ്റ് യു.എസ് എയറിന്റെ വലിയൊരു ഭാഗം ഓഹരികൾ കൈവശം വച്ചിരുന്നു. ചില ഡിവിഡന്റുകൾക്കൊപ്പം ബഫറ്റിന് മുടക്കിയ പണം തിരികെ നേടാൻ സാധിച്ചെങ്കിലും, സ്റ്റോക്ക് ഒരിക്കലും പ്രവചിച്ചതുപോലെ വിലമതിച്ചിരുന്നില്ല. അടുത്തിടെ, ബഫറ്റിന്റെ കമ്പനിയായ Berkshire Hathaway, എയർലൈനുകളിൽ വീണ്ടും നിക്ഷേപം നടത്തി. എന്നാൽ പാൻഡെമിക് ബാധിക്കുകയും വിമാനക്കമ്പനികളുടെ ഓഹരി വില കുറയുകയും ചെയ്തതോടെ ബഫറ്റ് ഷെയറുകൾ കൈവിട്ടു. ഓഹരികൾ വിറ്റതിൽ ഖേദമില്ലെന്നും ഏകദേശം 5 ബില്യൺ ഡോളർ നഷ്ടമുണ്ടായെന്നും ബഫെറ്റ് പറഞ്ഞിരുന്നു.
മറുവശത്ത്, ജുൻജുൻവാല വ്യോമയാന മേഖലയുടെ ശക്തമായ വക്താവാണ്. 2014 ൽ, ബജറ്റ് എയർലൈനായ സ്പൈസ് ജെറ്റിൽ ജുൻജുൻവാല നിക്ഷേപം നടത്തിയിരുന്നു. ഇത് ശരിയായ തീരുമാനമല്ലെന്ന് പലരും വിലയിരുത്തി. ഇൻഡിഗോയുടെ IPOയിലും ജുൻജുൻവാല പങ്കാളിയായി.
ഡിമാൻഡ് കണക്കിലെടുക്കുമ്പോൾ ഇന്ത്യയുടെ വ്യോമയാന മേഖലയെക്കുറിച്ച് താൻ വളരെ bullish ആണെന്ന് ബ്ലൂംബെർഗ് ടെലിവിഷന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ജുൻജുൻവാല പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം പാൻഡെമിക് ആരംഭിച്ചതിനുശേഷം ജുൻജുൻവാലയുടെ എയർലൈൻ ഓഹരികൾ ഗണ്യമായി ഇടിഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ പ്രാരംഭ മുതൽമുടക്കിന് ആനുപാതികമായ വരുമാനം ഇപ്പോഴും എയർലൈൻ സ്റ്റോക്കുകൾ നൽകുന്നു.
വ്യോമയാനം പോലെ കയറ്റിറക്കങ്ങൾ പതിവായ മേഖലയിൽ, ഏത് കോടീശ്വരനാണ് അന്തിമമായി വിജയിക്കുകയെന്നത് കാത്തിരുന്നു കാണേണ്ടി വരും.