പോസ്റ്റ് ഓഫീസ് നിക്ഷേപ-സമ്പാദ്യ പദ്ധതികൾ
വിശ്വാസ്യതയും നിക്ഷേപത്തിൽ റിസ്ക് ഫ്രീ റിട്ടേണും നൽകുന്നവയാണ് പോസ്റ്റ് ഓഫീസ് സേവിംഗ് സ്കീമുകൾ. രാജ്യമെമ്പാടുമുളള 1.54 ലക്ഷം പോസ്റ്റ് ഓഫീസുകൾ വഴിയാണ് ഈ പദ്ധതികൾ നടപ്പാക്കുന്നത്. ചില നിക്ഷേപ പദ്ധതികളെ കുറിച്ചറിയാം.
ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയാണ്. ഉപഭോക്താക്കൾക്ക് പേഴ്സണൽ അക്കൗണ്ടോ സംയുക്ത ഉടമസ്ഥതയിൽ അക്കൗണ്ടോ തുറക്കാൻ കഴിയും. 4% പലിശ നിക്ഷേപങ്ങൾക്ക് കിട്ടും.
ഒരു ചെക്ക് ബുക്ക്, ATM കാർഡ്, ഇ-ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ, എന്നിവ അക്കൗണ്ടിനൊപ്പം ലഭിക്കും.
5 വർഷത്തെ പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡിപ്പോസിറ്റ് അക്കൗണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ, ഈ RD അക്കൗണ്ടിന്റെ കാലാവധി അഞ്ച് വർഷമാണ്. 100 രൂപ മുതൽ ആരംഭിക്കുന്ന ഒരു നിശ്ചിത പ്രതിമാസ ഡെപ്പോസിറ്റ് പേയ്മെന്റിൽ 5.8% വാർഷിക പലിശ നേടാം.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ടുകൾ നാല് തരം ഉണ്ട്, 1 വർഷം, 2 വർഷം, 3 വർഷം, 5 വർഷം എന്നിങ്ങനെയാണത്. ഈ അക്കൗണ്ടിൽ അനുവദിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. 3 വർഷം വരെയുള്ള കാലയളവിൽ, വാർഷിക പലിശ നിരക്ക് 5.5%, 5 വർഷത്തെ കാലാവധിക്ക് ഇത് 6.7% ആണ്.
പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം അക്കൗണ്ടിൽ മിനിമം 1000 രൂപയും പരമാവധി നിക്ഷേപം 4.5 ലക്ഷം രൂപ വരെയും ജോയിന്റ് അക്കൗണ്ടിൽ 9 ലക്ഷം രൂപ വരെയുമാണ്. 6.6% പലിശ നിരക്ക് ഈ അക്കൗണ്ട് വഴി സമ്പാദിക്കാം. സ്കീമിൽ നിന്ന് പ്രതിമാസ സ്ഥിര വരുമാനം നേടാം. ഒരു വർഷം പൂർത്തിയാക്കുന്നതിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്യാനാകില്ല.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അക്കൗണ്ട്
ഇത് ഒരു ഗവൺമെന്റ് പിന്തുണയുള്ള റിട്ടയർമെന്റ് സ്കീം ആണ്, ഒറ്റത്തവണയായി ഒരു തുക നിക്ഷേപിക്കാൻ അനുവദിക്കുന്നു. നിക്ഷേപം 1,000 രൂപ മുതൽ 15 ലക്ഷം രൂപ വരെയാകാം. സ്കീം 7.4% വാർഷിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 60 വയസ്സിന് മുകളിലുള്ളവർക്ക് ഈ അക്കൗണ്ട് തുറക്കാൻ അർഹതയുണ്ട്.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ
കുറഞ്ഞത് 1,000 രൂപ ഡെപ്പോസിറ്റ് ചെയ്യേണ്ട സ്കീം. അഞ്ച് വർഷത്തെ കാലാവധിയുണ്ട്. ഈ അക്കൗണ്ടിന് പരമാവധി നിക്ഷേപം നിർവചിച്ചിട്ടില്ല. 6.8% നിരക്കിൽ, പ്രതിവർഷം കണക്കാക്കുന്ന പലിശ നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ കിട്ടും. ഒരു വ്യക്തിക്ക് ഈ സ്കീമിന് കീഴിൽ എത്ര അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം.ഇതിന്റെ സർട്ടിഫിക്കറ്റ് പണയം വയ്ക്കാനോ ഭവന ധനകാര്യ കമ്പനി, ബാങ്കുകൾ, സർക്കാർ കമ്പനികൾ എന്നിവയ്ക്കു സെക്യുരിറ്റി ആയോ ഉപയോഗിക്കാനാകും
കിസാൻ വികാസ് പത്ര
ഈ സ്കീമിന്റെ ആകർഷണം, അക്കൗണ്ട് കാലാവധിയിൽ, നിക്ഷേപം ഇരട്ടിയാകുമെന്നതാണ്. ഈ അക്കൗണ്ടിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. പരമാവധി നിക്ഷേപം നിശ്ചയിച്ചിട്ടില്ല. പ്രതിവർഷം പലിശ നിരക്ക് 6.9%. കൂടാതെ അക്കൗണ്ടിന്റെ കാലാവധി 124 മാസമാണ്.
സുകന്യ സമൃദ്ധി അക്കൗണ്ട്
പെൺകുട്ടികളുടെ സാമ്പത്തിക ക്ഷേമത്തിനായി ആവിഷ്കരിച്ച സർക്കാർ പദ്ധതിയാണിത്. 10 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്ക് മാത്രമേ ഈ അക്കൗണ്ടിന്റെ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുള്ളൂ. രക്ഷിതാക്കളാണ് അക്കൗണ്ട് തുറക്കുന്നതും ഓപ്പറേറ്റ് ചെയ്യുന്നതും.
ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപം 250 രൂപയും ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി 1.5 ലക്ഷം രൂപയുമാണ്. 7.6% പലിശ നിരക്ക് ബാധകമാണ്. പെൺകുട്ടിക്ക് 18 വയസ്സ് തികയുന്നതുവരെ രക്ഷിതാവിന് അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യാൻ കഴിയും. അക്കൗണ്ട് തുറന്ന തീയതി മുതൽ പരമാവധി 15 വർഷത്തേക്ക് നിക്ഷേപിക്കാം.