channeliam.com

ബിസിനസ് ലോകത്ത് വ്യത്യസ്തതകൾ‌ കൊണ്ടും കൂടി സമ്പന്നനാണ് ലോകത്തെ ശതകോടീശ്വരനും ടെസ്‌ല- സ്‌പേസ് എക്‌സ് സിഇഒയുമായ ഇലോൺ മസ്ക്. മസ്കിന്റെ ആശയങ്ങളും പദ്ധതികളും ഒക്കെ ഒന്നിനൊന്നു വേറിട്ടതായിരുന്നു. വിജയത്തിലും പരാജയത്തിലും മസ്കിന് തുല്യം മസ്ക് മാത്രമാണ്. ജീവിതത്തിൽ വിജയിക്കാൻ ആഗ്രഹിക്കുന്ന യുവതലമുറക്കായി ഇലോൺ മസ്‌കിന്റെ 5 ടിപ്സുകൾ എന്തൊക്കെയെന്ന് നോക്കാം.

1.Be Useful
ഉപയോഗപ്രദമാകാൻ ശ്രമിക്കണം എന്നതാണ് മസ്ക് നൽകുന്ന ആദ്യ ഉപദേശം. കുറച്ച് ശ്രമകരമായ കാര്യമാണെങ്കിലും നിങ്ങളുടെ സഹജീവികൾക്ക്, ലോകത്തിന് ഉപയോഗപ്രദമായ കാര്യങ്ങൾ ചെയ്യുക. ഉപകാരപ്രദമായ ജീവിതമാണ് നയിക്കുന്നതെങ്കിൽ, അതാണ് ജീവിച്ചിരിക്കുന്നു എന്നതിനെ സാർത്ഥകമാക്കുന്നതെന്ന് മസ്‌ക് പറയുന്നു.


2.Contribute to Society
സമൂഹത്തിന് സംഭാവന നൽകുക. നമ്മുടെ ഉപഭോഗത്തെക്കാൾ കൂടുതലായി സമൂഹത്തിന് നല്ല സംഭാവന നൽകാൻ ശ്രമിക്കുക. സത്യസന്ധമായി ഒരു ദിവസത്തെ ജോലി ചെയ്യുന്ന ഒരാളോട് തനിക്ക് വളരെയധികം ബഹുമാനമുണ്ടെന്ന് മസ്‌ക് പറയുന്നു.


3.Don’t try to be a Leader
നേതാവായാൽ മാത്രമേ ശരിയാകൂ എന്ന് ചിന്തിക്കുന്ന തലമുറയെ മസ്ക് ഉപദേശിക്കുന്നത് നേതാവാകാൻ വേണ്ടി മാത്രമായി ശ്രമിക്കരുതെന്നാണ്. നേതാക്കളായി കാണാൻ ജനങ്ങൾ ആഗ്രഹിക്കാത്തവരാണ് പലപ്പോഴും ഇതിന് ശ്രമിക്കുന്നതെന്നാണ് മസ്ക്കിന്റെ അഭിപ്രായം.

4.Read Books and Ingest Information
സ്പേസ്എക്സ്, ന്യൂറാലിങ്ക്, ടെസ്‌ല പോലുളളവയ്ക്ക് രൂപം കൊടുക്കാൻ തന്റെ ആഴത്തിലുളള വായനയും അതിലൂടെ ലഭിച്ച ആശയങ്ങളും ഗുണകരമായെന്ന് ഇലോൺ മസ്ക്. പുസ്തകങ്ങൾ വായിക്കുകയും വിവരങ്ങൾ മനസിലാക്കുകയും ചെയ്യുക. കുട്ടിക്കാലത്ത് എൻസൈക്ലോപീഡിയ വായിച്ചിരുന്നതായി മസ്ക് പറയുന്നുണ്ട്. ധാരാളം പുസ്തകങ്ങൾ വായിക്കാൻ ഞാൻ ആളുകളെ പ്രോത്സാഹിപ്പിക്കും. നിങ്ങൾക്ക് കഴിയുന്നത്ര വിവരങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കുക. കൂടാതെ നല്ല പൊതുവിജ്ഞാനം വികസിപ്പിക്കാനും ശ്രമിക്കുക. ആഴവും പരപ്പുമേറിയ വിജ്ഞാന ഭൂപ്രകൃതിയിൽ ഒരു ചെറിയ ഇടമെങ്കിലും നിങ്ങൾക്ക് സ്വന്തമാക്കാനാകും.

5.Talk to People
ചെറുപ്പക്കാർ മറ്റുള്ളവരോട് സംസാരിക്കണം. ഒരു വ്യക്തിക്ക് വളരാനും വികസിക്കാനുമുളള ഏറ്റവും നല്ല വഴിയായി കമ്യൂണിക്കേഷൻ ചൂണ്ടിക്കാട്ടപ്പെടുന്നു. ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള ആളുകളുമായി സംസാരിക്കുക. വ്യത്യസ്ത കാര്യങ്ങൾ ചെയ്യുന്നവർ, വ്യത്യസ്തമായ പ്രൊഫഷനുകളിലുളളവർ, വേറിട്ട് നിൽക്കുന്ന കഴിവുകൾ ഉളളവർ ഇവരെല്ലാവരുമായും സംസാരിക്കുക, കഴിയുന്നത്ര അവരിൽ നിന്നും പഠിക്കുക.

ഈ ഉപദേശങ്ങളെല്ലാം ഉറപ്പായും നിങ്ങളുടെ ജീവിതത്തിലും ഗുണകരമാകും. സ്വയം ഒരു ഉദാഹരണമായി വർത്തിക്കുന്ന മസ്കിനല്ലാതെ മറ്റാർക്കാണ് യുവതലമുറക്കായി ഇത്ര തകർപ്പൻ ഉപദേശങ്ങൾ നൽകാനാകുക.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com