സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സ്ഥാപിക്കൽ, ഗവേഷണവും വികസനവും പിന്തുണയ്ക്കൽ എന്നെ ലക്ഷ്യങ്ങളോടെ കേരള ഗ്രഫീൻ പോളിസിക്കും, അടുത്ത 25 വർഷത്തെ കേരളത്തിന്റെ വികസന ദിശ നിർണയിക്കുന്ന നഗര നയത്തിനും, സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നൽകി . 2050 ഓടെ 80 ശതമാനം നഗരവൽക്കരിക്കപ്പെട്ട സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് നഗര നയത്തിന്റെ ലക്ഷ്യം.
വിവിധ വ്യവസായ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ശേഷിയുള്ള ഗ്രാഫീൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനായി ഗ്രാഫീൻ ഉൽപ്പാദനത്തിലും ഗവേഷണത്തിലും കേരളത്തെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ തുടക്കമായിട്ടാണ് സംസ്ഥാനത്ത് ഗ്രഫീൻ ആവാസ വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന കേരള ഗ്രഫീൻ പോളിസിക്ക് അംഗീകാരം നൽകിയത്.

സംസ്ഥാനത്ത് ഗ്രഫീനിന്റെയും അനുബന്ധ വസ്തുക്കളുടെയും ഗവേഷണം, ഉത്പാദനം, ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുക, വികസനത്തിനും വ്യാവസായത്തിനും പിന്തുണ ഉറപ്പാക്കുക എന്നതാണ് കേരള ഗ്രഫീൻ നയം ലക്ഷ്യമിടുന്നത്.
ഗ്രഫീൻ അധിഷ്ഠിത മേഖലയിൽ സ്ഥിരതയുള്ള പ്രവർത്തനങ്ങൾ സൃഷ്ടിക്കൽ, അനുകൂലമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സ്ഥാപിക്കൽ, ഗവേഷണവും വികസനവും പിന്തുണയ്ക്കൽ, സാങ്കേതിക പിന്തുണയും ആഗോള പങ്കാളിത്തങ്ങളും ഉറപ്പാക്കൽ, സാമ്പത്തിക കൺസൾട്ടൻസി സേവനങ്ങളും മാർക്കറ്റിംഗും തുടങ്ങിയവ നയത്തിലും പദ്ധതികളിലും ഉൾപ്പെടുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കരട് നഗര നയം, അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന കേരളത്തിന്റെ ഭാവി വികസനത്തിന് വ്യക്തമായ രൂപരേഖ നൽകുന്നു. രണ്ടു വർഷത്തെ നിരന്തരമായ പ്രവർത്തനങ്ങൾക്കൊടുവിലാണ് രാജ്യത്ത് ആദ്യമായി ഇത്തരമൊരു നയം ഒരു സംസ്ഥാനം രൂപീകരിക്കുന്നത്. 2023-24 ലെ സംസ്ഥാന ബജറ്റിലാണ് ഇത് സംബന്ധിച്ച ആദ്യ പ്രഖ്യാപനം ഉണ്ടായത്.
നഗര നയ കമ്മിഷന്റെ വിലയിരുത്തൽ പ്രകാരം 2050 ഓടെ കേരളം 80 ശതമാനം നഗരവൽക്കരിക്കപ്പെട്ട സംസ്ഥാനമായി മാറും. മലയോര മേഖലക്കും, തീരദേശത്തിനും ഇടയിലുള്ള ജനസാന്ദ്രതയേറിയ മേഖലകളിൽ വികേന്ദ്രീകൃതമായ രീതിയിലായിരിക്കും ഈ വികസനം നടക്കുക. കാലാവസ്ഥാ വ്യതിയാനം ഒരു വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ, പരിസ്ഥിതിലോല പ്രദേശങ്ങളിലെ നഗര വികസനത്തെ ശാസ്ത്രീയമായി സമീപിക്കുന്നതിനുള്ള ഒരു അടിസ്ഥാന രേഖയായി ഈ നയം പ്രവർത്തിക്കും. ഇത് കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ സാധ്യതകൾ തുറന്നു നൽകുന്നു.
2050 ആകുമ്പോഴേക്കും ക്ലൈമറ്റ്-സ്മാർട്ട് നഗരങ്ങളുടെയും പട്ടണങ്ങളുടെയും ഒരു ശൃംഖല സൃഷ്ടിക്കുക എന്നതാണ് ഈ നയം വിഭാവനം ചെയ്യുന്നത്. നിയമങ്ങളിലും ഭരണ സംവിധാനങ്ങളിലും വരുത്തുന്ന പരിഷ്കാരങ്ങൾ, ജനകേന്ദ്രീകൃതമായ സേവനങ്ങൾ, പദ്ധതികൾ എന്നിവയ്ക്കാണ് നയം മുൻഗണന നൽകുന്നത്. ഉദ്യോഗസ്ഥരുടെ കാര്യശേഷി വികസിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, തന്ത്രപരമായ ആസൂത്രണം നടപ്പിലാക്കുക എന്നീ മേഖലകളിലൂന്നിയായിരിക്കും വരും വർഷങ്ങളിൽ കേരളത്തിലെ നഗര വികസനം നടക്കുക.
Kerala Cabinet approves the Graphene Policy to boost high-tech research and the Urban Policy 2050 to transform the state into an 80% urbanized, climate-smart hub.
