ഓണവിപണിയിൽ റെക്കോർഡ് വിൽപ്പനയുമായി സപ്ലൈകോ കുതിക്കുകയാണ്. ഉത്സവ സീസണിലെ തിരക്കുകളിലേക്ക് വിപണി പൂർണമായി കടക്കുന്നതിന് തൊട്ടുമുമ്പ് തന്നെ സർവ്വകാല റെക്കോർഡ് വിൽപ്പനയാണ് സപ്ലൈകോ ഔട്ട്ലെറ്റുകളിലും പ്രത്യേകം സജ്ജമാക്കിയ ഓണം ഫെയറുകളിലും രേഖപ്പെടുത്തുന്നത്.സംസ്ഥാനത്ത് സപ്ലൈകോ നടത്തുന്ന ഔട്ട്ലെറ്റുകളിലെ ചില്ലറ വിൽപ്പനയിൽ ഓഗസ്റ്റ് ഒന്ന് മുതൽ 19 ഉച്ച വരെയുള്ള കണക്കുകൾ പ്രകാരം ആകെ വിറ്റുവരവ് 207 കോടി രൂപ പിന്നിട്ടു.

പൊതുവിപണിയിലെ വിലക്കയറ്റം തടഞ്ഞ് നിർത്താൻ കുറഞ്ഞ നിരക്കിൽ ഗുണനിലവാരമുള്ള അവശ്യസാധനങ്ങൾ നൽകിയതാണ് ജനങ്ങളെ സപ്ലൈകോയിലേക്ക് കൂടുതൽ ആകർഷിച്ചത്. ഇക്കുറി സപ്ലൈകോ വഴി ആവശ്യസാധനങ്ങൾ കൂടുതലായി വില്പനക്കെത്തിച്ചതും, ഗിഫ്റ്റ് കാർഡുകൾ, നറുക്കെടുപ്പ് കൂപ്പണുകൾ, വിവിധ ഡിസ്കൗണ്ടുകൾ എന്നിവ അവതരിപ്പിച്ചതും, ഓണമാരംഭിക്കുന്നതിനു മുമ്പ് വിപണിയിൽ ഉത്പന്നങ്ങളെത്തിച്ചു സജീവമാകാൻ സാധിച്ചതും ഒക്കെയാണ് വിജയമായി കണക്കാക്കുന്നത്.
കഴിഞ്ഞ 19 ദിവസത്തിനിടെ 26 ലക്ഷത്തോളം ഉപഭോക്താക്കളാണ് സപ്ലൈകോയുടെ വിവിധ വിൽപ്പനശാലകളും ഫെയറുകളും സന്ദർശിച്ചത്. സമാഹരിച്ച ആകെ വിറ്റുവരവ് 207 കോടി രൂപയിൽ 72 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയും, 135 കോടി രൂപ നോൺ-സബ്സിഡി ഇനങ്ങളുടെ വിൽപ്പനയിലൂടെയുമാണ് നേടിയെടുത്തത് .
ജില്ലാ – താലൂക്ക് തലങ്ങളിൽ സംഘടിപ്പിച്ച പ്രത്യേക ഫെയറുകളിൽ നിന്ന് മാത്രം രണ്ടു കോടി രൂപയുടെ വിറ്റുവരവുണ്ടായി.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ പ്രധാന നഗരങ്ങളിൽ സംഘടിപ്പിച്ചിരിക്കുന്ന മെഗാ ട്രേഡ് ഫെയറുകൾക്ക് ജനങ്ങളിൽ നിന്ന് വൻ പിന്തുണയാണ് ലഭിക്കുന്നത്. ഇതിൽ ഏറ്റവും ഉയർന്ന വിൽപ്പന രേഖപ്പെടുത്തിയത് നിലവിൽ കോഴിക്കോട് ബീച്ചിൽ നടക്കുന്ന മെഗാ ഫെയറിലാണ്. ഇവിടെ നിന്ന് മാത്രം ഇതുവരെ 32 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായി. ഓഗസ്റ്റ് 13 – ന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ ആരംഭിച്ച ഫെയറിലൂടെ 30 ലക്ഷം രൂപയുടെ വിൽപ്പനയും നടന്നു.
പൊതുവിപണിയിൽ ഇടപെട്ട് വിലനിലവാരം നിയന്ത്രിക്കാനും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഓണാഘോഷ സാധനങ്ങൾ ലഭ്യമാക്കാനും സപ്ലൈകോയുടെ സജീവമായ ഇടപെടലിന് സാധിച്ചിട്ടുണ്ട്. ഓണദിനങ്ങൾ അടുക്കുന്ന ദിവസങ്ങളിൽ ഔട്ട്ലെറ്റുകളിലൂടെയുള്ള വിൽപ്പന ഇനിയും റെക്കോർഡ് തലത്തിൽ ഉയരുമെന്നാണ് കണക്കുകൂട്ടൽ.
സപ്ലൈകോയുടെ മേൽനോട്ടത്തിൽ സംസ്ഥാനത്തെ AAY മഞ്ഞ കാർഡ് വിഭാഗക്കാർക്കുള്ള സൗജന്യ ഓണക്കിറ്റുകളുടെ വിതരണം അവസാന ഘട്ടത്തിലാണ്. ആകെ നൽകുന്ന ആറ് ലക്ഷം കിറ്റുകളാണ് ഇത്തരത്തിൽ വിതരണം ചെയ്യുന്നത്.
Supplyco crosses ₹207 crore turnover in Onam sales from August 1 to 19, attracting over 26 lakh customers with subsidized items and festive fairs across Kerala
