channeliam.com
ഇന്ത്യയിലെ Venture ക്യാപിറ്റലിന്റെ God Mother എന്നറിയപ്പെടുന്ന Vani Kola യുടെ വിജയഗാഥ

Kalaari Capital- വാണിയുടെ ഡ്രീം പ്രോജക്ട്

രാജ്യത്തെ സ്റ്റാർട്ടപ്പ് ഫണ്ടിംഗിൽ വെ‍ഞ്ച്വർ ക്യാപിറ്റൽ കമ്പനികളുടെ പ്രാധാന്യം വളരെ വലുതാണ്. എന്നാൽ വെഞ്ച്വർ ക്യാപിറ്റൽ കമ്പനികൾ അത്രയൊന്നും പ്രചാരം നേടാതിരുന്ന കാലത്ത് അത്തരം ഒരു കമ്പനി സ്ഥാപിച്ച വനിതയുണ്ട്. ഇന്ത്യയിലെ വെഞ്ച്വർ ക്യാപിറ്റലിന്റെ ഗോഡ്മദർ എന്നറിയപ്പെടുന്ന Vani Kola. ബാംഗ്ലൂർ ആസ്ഥാനമായുള്ള വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ Kalaari Capital-ന്റെ ഫൗണ്ടറും സിഇഒയുമാണ് അവർ. ഏർളി സ്റ്റേജ് സംരംഭങ്ങളിലെ ഇന്ത്യയിലെ മുൻനിര നിക്ഷേപകരാണ് Kalaari Capital. ഇ-കൊമേഴ്‌സ്, മൊബൈൽ സേവനങ്ങൾ, ഹെൽത്ത് കെയർ സേവനങ്ങൾ എന്നിവയിലുൾപ്പെടെ 50-ലധികം കമ്പനികൾക്ക് ഫണ്ടിംഗ് നൽകിയിട്ടുണ്ട്. 

തങ്ങളുടെ കീഴിലുള്ള സംരംഭകരെ വളർച്ചയുടെ എല്ലാ മേഖലകളിലും പ്രോത്സാഹിപ്പിക്കുകയും അവരെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.ഇന്ത്യൻ ടെക് കമ്പനികളിലാണ് കലാരി ക്യാപിറ്റലിന്റെ ഭൂരിപക്ഷ നിക്ഷേപങ്ങളും. ജാസ്പർ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്നാപ്ഡീലിലും ഫ്ലിപ്കാർട്ട് ഓൺലൈൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെ 60-ലധികം സ്റ്റാർട്ടപ്പുകളിൽ ഓഹരി പങ്കാളിത്തം നേടിയിട്ടുണ്ട്. പ്രധാന നിക്ഷേപങ്ങളിൽ ചിലത് Myntra, VIA, Apps Daily, Zivame, WinZO,Cashkaro,Dream11,Active.ai, Power2SME, Bluestone, Urban Ladder എന്നിവയാണ്.

സംരംഭകത്വത്തിന്റെ ആദ്യനാളുകൾ

ഹൈദരാബാദിൽ ജനിച്ച വാണി കോല ഉസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കി.1980-കളുടെ അവസാനത്തിൽ, അവർ യു‌എസിലേക്ക് പോകുകയും അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു. ഇതിനുശേഷം അവർ Empros, Control Data Corporation, Consilium തുടങ്ങിയ പ്രശസ്ത കമ്പനികളുമായി സാങ്കേതിക മേഖലയിൽ പ്രവർത്തിച്ച് തുടങ്ങി. ഏകദേശം 12 വർഷത്തോളം ജീവനക്കാരിയായി ജോലി ചെയ്തതിന് ശേഷം വാണി തന്റെ ആദ്യ ബിസിനസ്സ് സംരംഭമായ റൈറ്റ് വർക്ക്സ് 1996-ൽ സ്ഥാപിച്ചു. റൈറ്റ് വർക്ക്സ് 4 വർഷം പൂർത്തിയാക്കിയ ശേഷം, വാണി കമ്പനിയുടെ 53% ഓഹരി ക്യാഷ് & സ്റ്റോക്ക് ഡീലിൽ 657 മില്യൺ ഡോളറിന് ഇന്റർനെറ്റ് ക്യാപിറ്റൽ ഗ്രൂപ്പിന് വിറ്റു. 2001-ൽ കമ്പനി പൂർണമായും 86 മില്യൺ ഡോളറിന് 12 ടെക്നോളജീസിന് വിറ്റു. പിന്നീട് സാൻജോസിൽ സപ്ലൈ ചെയിൻ സോഫ്റ്റ് വെയർ ഡെവലപ്പിംഗ് കമ്പനിയായ NthOrbit സ്ഥാപിച്ചു. ഈ കമ്പനിയുടെ കീഴിൽ, Certus എന്ന സോഫ്റ്റ്‌വെയറും ആരംഭിച്ചു. 2005-ൽ, പെപ്‌സികോ Certus ഇന്റേണൽ കൺട്രോൾ & അഷ്വറൻസ് സോഫ്‌റ്റ്‌വെയർ വാങ്ങി. ഇതോടെ 22 വർഷത്തെ യുഎസ് ജീവിതത്തിന് ശേഷം വാണി ഇന്ത്യയിലേക്ക് മടങ്ങിയെത്തി.

ഒരു വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് ആയി മാറുന്നു

ഒരു വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് എന്ന നിലയിലുള്ള വാണിയുടെ യാത്ര ആരംഭിച്ചത് നിക്ഷേപത്തിന്റെ കാര്യത്തിൽ ഇന്ത്യൻ വിപണിയെ കുറിച്ച് ആഴത്തിൽ പഠനം നടത്തിയതിന് ശേഷമായിരുന്നു. ഏറെ ഗവേഷണങ്ങൾക്ക് ശേഷമാണ് 2006-ൽ സിലിക്കൺ വാലി ആസ്ഥാനമായുള്ള സംരംഭകനായ വിനോദ് ധാം, ഇന്റൽ ക്യാപിറ്റൽ ഇന്ത്യയുടെ മുൻ മേധാവി കുവാർ ഷിരലാഗി എന്നിവരുമായി സഹകരണത്തിലേർപ്പെടുന്നത്. ന്യൂ എന്റർപ്രൈസ് അസോസിയേറ്റ്സിന്റെ പിന്തുണയോടെ അവർ 189 ദശലക്ഷം ഡോളർ ഫണ്ടിന് തുടക്കമിട്ടു. ഈ സംരംഭത്തിന് NEA ഇൻഡോ-യുഎസ് വെഞ്ച്വർ പാർട്‌ണേഴ്‌സ് എന്ന് പേരിട്ടു. 4 വർഷത്തെ വിജയകരമായ പ്രവർത്തനത്തിന് ശേഷം, ഈ സംയുക്ത സംരംഭത്തിൽ നിന്ന് മാറി നേരിട്ട് ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ NEA തീരുമാനിച്ചു. 2011-ൽ വാണിയും ഷിരലാഗിയും സ്ഥാപനത്തെ റീബ്രാൻഡ് ചെയ്യുകയും കലാരി ക്യാപിറ്റൽ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. കേരളത്തിലെ പ്രാചീന ആയോധന കലാരൂപമായ കളരിപ്പയറ്റിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. ഇന്ത്യയിലെ പ്രാരംഭ ഘട്ടത്തിലുള്ള ടെക്നോളജി ബേസ്ഡ് സ്റ്റാർട്ടപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കലാരി ക്യാപിറ്റൽ സ്ഥാപിച്ചത്. വിനോദ് ധാമുമായി വേർപിരിഞ്ഞതിന് ശേഷം, വാണി 440 ദശലക്ഷം ഡോളർ കൂടി സമാഹരിച്ചു. ഇത് കലാരി ക്യാപിറ്റലിനെ ആസ്തിയിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്ഥാപനമായും ഒരു സ്ത്രീ നയിക്കുന്ന ഏറ്റവും വലിയ സ്ഥാപനമായും മാറ്റി. സ്ഥാപനത്തിന്റെ 84 നിക്ഷേപങ്ങളിൽ 21 സ്റ്റാർട്ടപ്പുകൾ വിൽക്കാൻ വാണി കോലയ്ക്ക് കഴിഞ്ഞു.

സംരംഭകർക്ക് എന്നും പ്രചോദനം

TED Talks, TIE, INK തുടങ്ങിയ സംരംഭക വേദികളിൽ പ്രചോദനാത്മകമായ പ്രസംഗങ്ങൾ നടത്തിയിട്ടുള്ള മികച്ച പ്രഭാഷക കൂടിയാണ് അവർ. 2014-ൽ ഫോർബ്‌സിന്റെ ഇന്ത്യയിലെ ഏറ്റവും ശക്തരായ വനിതകളിൽ ഒരാളായി അവർ അംഗീകരിക്കപ്പെട്ടു. 2015-ലെ മികച്ച നിക്ഷേപക അവാർഡ് നേടി. 2016-ൽ ലിങ്ക്ഡിനിന്റെ ടോപ്പ് വോയ്‌സ് പുരസ്കാരവും അവർക്ക് ലഭിച്ചു. വാണി കോല ഇന്ത്യയിലെ സംരംഭങ്ങൾക്ക് സാമ്പത്തിക പ്രചോദനം മാത്രമല്ല, ഇന്ത്യയിലെ സംരംഭകർക്ക് പ്രത്യേകിച്ചും വനിതാ സംരംഭകർക്ക് മികച്ച മാർഗദർശി കൂടിയാണ്. ഇന്ത്യയിലെ വെഞ്ച്വർ ക്യാപിറ്റലിന്റെ ഗോഡ്മദർ എന്ന പദവി അതിനാൽ തന്നെ അന്വർത്ഥമാണ്.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com