ഗുഡ്ഫെലോസ് ഒരു Companionship കമ്പനി
സ്റ്റാർട്ടപ്പുകളുടെ യുഗമാണിത്. പലവിധത്തിലുളള ടെക്നോളജി, സർവീസ് സ്റ്റാർട്ടപ്പുകൾ രാജ്യത്തുണ്ട്. എന്നാൽ രത്തൻ ടാറ്റ അടുത്തിടെ പിന്തുണ പ്രഖ്യാപിച്ച GoodFellows, എന്ന സ്റ്റാർട്ടപ്പ് ഈ ശ്രേണിയിൽ കുറച്ച് വ്യത്യസ്തത പുലർത്തുന്നതാണ്. ഗുഡ്ഫെലോസ് ഒരു companionship കമ്പനിയാണ്. തലമുറകൾ തമ്മിലുള്ള സൗഹൃദങ്ങൾക്ക് കുട പിടിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ടപ്പാണെന്നതാണ് ഗുഡ്ഫെലോസിന്റെ പ്രത്യേകത. ഏകാന്തത എന്നത് ഏതൊരു പ്രായത്തിലും ഗ്രസിക്കാവുന്നതാണെങ്കിലും രാജ്യത്തെ വലിയൊരു വിഭാഗം പ്രായമായവർ നേരിടുന്ന ഏകാന്തതയും മാനസിക പ്രശ്നങ്ങളും പ്രത്യേകം വിലയിരുത്തപ്പെടേണ്ടതാണ്. ഈ ഏകാന്തതയിലേക്കാണ് ഗുഡ് ഫെലോസ് കടന്നു വരുന്നത്.
പ്രായമായവരോടുള്ള വാത്സല്യത്തിൽ പിറന്ന Startup
രത്തൻ ടാറ്റയുമായുള്ള ഇന്റർജനറേഷൻ സൗഹൃദത്തിന്റെയും പ്രായമായവരോടുള്ള തന്റെ വാത്സല്യത്തിന്റെയും പ്രതീകമായാണ് ഈ സംരംഭക യാത്ര ആരംഭിക്കാൻ ഇടയായതെന്ന് രത്തൻ ടാറ്റയുടെ ബിസിനസ് അസിസ്റ്റന്റും ഗുഡ്ഫെലോസിന്റെ ഫൗണ്ടറുമായ ശന്തനു നായിഡു പറയുന്നു.
GoodFellows വാഗ്‌ദാനം ചെയ്യുന്ന ഇന്റർജനറേഷൻ സൗഹൃദങ്ങൾ, ഒറ്റയ്‌ക്ക് ജീവിക്കുന്ന പ്രായമായവരെ സഹായിക്കുന്നതിനുള്ള അർത്ഥവത്തായതും ആധികാരികവുമായ മാർഗമാണ്. സഹാനുഭൂതി അളക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള നിരവധി സൈക്കോമെട്രിക് ടെസ്റ്റുകളിലൂടെയാണ് ഓരോ ഗുഡ്‌ഫെല്ലോസും കടന്നു പോകുന്നത്.
30 വയസ്സ് വരെ പ്രായമുള്ള, വിദ്യാസമ്പന്നരായ ബിരുദധാരികളെയാണ് വയോധികരുടെ ഏകാന്തത കുറയ്ക്കുന്നതിന് കൂട്ടുകാരായി നിയമിക്കുന്നത്. അടിസ്ഥാനപരമായി ഈ കൊച്ചുമക്കളുടെ ഒരേയൊരു ലക്ഷ്യം നിയോഗിച്ചിരിക്കുന്ന മുത്തശ്ശന്മാരുടെ/മുത്തശ്ശിമാരുടെ ജീവിതത്തിൽ നിന്നുള്ള ഏകാന്തത ഇല്ലാതാക്കുകയെന്നതാണ്. വീടിന് ചുറ്റുമുള്ള അല്ലെങ്കിൽ പുറത്തുള്ള ജോലികളിലൂടെ അവരുടെ ദൈനംദിന ജീവിതം കൂടുതൽ എളുപ്പത്തിൽ ജീവിക്കാൻ അവരെ സഹായിക്കുന്നു. ഗുഡ്‌ഫെലോ അവരാവശ്യപ്പെടുന്ന എന്തും ചെയ്യും. ഒപ്പം നടക്കുക, സിനിമ കാണുക, പലചരക്ക് വാങ്ങാൻ സഹായിക്കുക, ഡോക്ടറുടെ അടുത്ത് കൊണ്ടുപോകുക, പുതിയ ടെക്നോളജികളുമായി പൊരുത്തപ്പെടുന്നതിന് പഠിപ്പിക്കുക, പേപ്പർവർക്കുകളിലും ഇമെയിലുകളിലും സഹായിക്കുക, തുടങ്ങി അവരുമായി പരമാവധി സമയം ചെലവഴിക്കുക.
ഒരു കുടുംബാംഗത്തിന്റെ വാത്സല്യത്തോടെയും ഉത്സാഹത്തോടെയും വിശ്വസ്തതയോടെയും കാണാവുന്ന ഒരാളാണ് ഗുഡ്‌ഫെലോ. നിലവിൽ മുബൈയിലാണ് സ്റ്റാർട്ടപ്പിന്റെ പൈലറ്റ് പ്രോഗ്രാം നടപ്പാക്കുന്നത്. പൈലറ്റ് പ്രോഗ്രാം അവസാനിച്ചു കഴിഞ്ഞാൽ അടുത്ത ജനുവരി മുതൽ GoodFellows ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും. പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ മോഡലിൽ GoodFellows പ്രവർത്തിക്കും.
വയോജനങ്ങൾ ഏകാന്തതയിലും ഒറ്റപ്പെടലിലും തളച്ചിടുന്നു.
2011 ലെ സെൻസസ് അനുസരിച്ച്, ഇന്ത്യയിൽ ഏകദേശം 15 ദശലക്ഷം പ്രായമായവർ തനിച്ച് ജീവിക്കുന്നു. വിവിധ NGOഒകളുടെ കണക്കനുസരിച്ച്, ഇന്ത്യയിൽ തനിച്ച് ജീവിക്കുന്നത് ഏകദേശം 25 ദശലക്ഷം വയോജനങ്ങളാണ്. തനിച്ച് ജീവിക്കുന്നവർ അവരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള വഴികൾ സ്വയം കണ്ടെത്തിയേക്കാമെങ്കിലും, empty nest syndrome അവരെ ഏകാന്തത, ഒറ്റപ്പെടൽ തുടങ്ങിയ സാമൂഹ്യാരോഗ്യ പ്രശ്‌നങ്ങൾക്ക് ഗുരുതരമായ ശാരീരിക മാനസിക പ്രത്യാഘാതങ്ങളുണ്ട്. ധാരാളം മുതിർന്ന പൗരന്മാർ, പ്രത്യേകിച്ച് ഒറ്റയ്ക്ക് താമസിക്കുന്നവർ, കോവിഡിന്റെ തുടക്കം മുതൽ വിഷാദം, ഉത്കണ്ഠ, ഒഴിവാക്കപ്പെടൽ എന്നിവയോട് പോരാടുകയാണെന്നു വിവിധ പഠന റിപ്പോർട്ടുകൾ പറയുന്നു. ഏകാന്തത മരുന്നുകൾ കൊണ്ടല്ല, മനുഷ്യത്വം കൊണ്ട് മാത്രം മാറ്റാൻ കഴിയുന്ന അവസ്ഥയാണ്. അതുകൊണ്ട് ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്ന ഒരു മുത്തച്ഛനോ മുത്തശ്ശിയോ ഉണ്ടെങ്കിൽ അല്ലെങ്കിൽ സൗജന്യമായി പൈലറ്റ് പ്രോഗ്രാം പരീക്ഷിക്കാൻ താൽപ്പര്യമുള്ള ഒരാളെ അറിയാമെങ്കിൽ, www.theGoodFellows.in ൽ ബന്ധപ്പെടുക. വ്യത്യസ്തമായ ആശയങ്ങൾ സംരംഭകത്വത്തെ പുതിയ തലങ്ങളിലെത്തിക്കട്ടെ..