ഫ്ലിപ്കാർട്ട് പിന്തുണയുള്ള നിൻജാകാർട്ട് അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്കായി 25 മില്യൺ ഡോളർ ഫണ്ട് പ്രഖ്യാപിച്ചു
സീഡ് ഇൻവെസ്റ്റ്മെന്റുമായി നിൻജകാർട്ട്
ഫ്ലിപ്കാർട്ടിന്റെ പിന്തുണയുള്ള അഗ്രിടെക് സ്റ്റാർട്ടപ്പായ നിൻജാകാർട്ട് കാർഷിക മേഖലയിൽ വളർന്നുവരുന്നതും പുതിയതുമായ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി 25 മില്യൺ ഡോളർ ഫണ്ട് ആരംഭിച്ചു. ഇന്നവേഷന് പ്രോത്സാഹനം നല‍്കുന്നതിന് നിൻജകാർട്ട് ലക്ഷ്യമിടുന്നു. യുണീക്കും സസ്റ്റയിനബിളുമായ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പരിഹാരങ്ങൾ അവതരിപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾ, സംരംഭകർ,ടെക് ഇന്നവേറ്റേഴ്സ് എന്നിവരിൽ നിൻജാകാർട്ട് സീഡ് ഇൻവെസ്റ്റ്മെന്റ് നടത്തും.കൂടാതെ, മികച്ച സാങ്കേതിക കഴിവുകളുള്ള ടീമുകളിലും നിൻജാകാർട്ട് നിക്ഷേപിക്കും. മൂലധന പിന്തുണയ്‌ക്കൊപ്പം,വളർന്നുവരുന്ന സ്റ്റാർട്ടപ്പുകൾക്ക് കാർഷിക പ്ലാറ്റ്‌ഫോമുകളുടെ വിപുലമായ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളിലേക്കും ഡാറ്റ പൂളുകളിലേക്കും പ്രവേശനവും ഗ്രോത്ത് സ്റ്റേജ് അഡ്വൈസറി സപ്പോർട്ടും നിൻജകാർട്ട് നൽകും.
ആഗോള കാർഷിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തും
ഒരു കമ്പനി എന്ന നിലയിൽ, ആഗോള കാർഷിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നത് ലക്ഷ്യമിടുന്നുവെന്ന് നിൻജാകാർട്ട് കോഫൗണ്ടറും സിഇഒയുമായ തിരുകുമാരൻ നാഗരാജൻ പറഞ്ഞു. അടുത്ത തലമുറയിലെ സംരംഭകരെയും ചെറുകിട ബിസിനസുകാരെയും സഹായിക്കുന്നതിലൂടെ, സുസ്ഥിരവും ഉൽപ്പാദനക്ഷമവുമായ സഹകരണത്തിന്റെ ശക്തമായ അടിത്തറയിൽ കെട്ടിപ്പടുക്കുന്ന ഭാവിയ്ക്ക് വേണ്ടിയാണ് ശ്രമിക്കുന്നതെന്ന് തിരുകുമാരൻ നാഗരാജൻ പറഞ്ഞു.വളർന്നുവരുന്ന സംരംഭങ്ങൾക്ക് ഡാറ്റ, വിതരണ ശൃംഖല അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, കർഷകർ, നിലവിലുള്ള പങ്കാളികൾ എന്നിവയെ ആക്സസ് ചെയ്യാൻ അനുവദിക്കുന്ന സംവിധാനമൊരുക്കും. സ്റ്റാർട്ടപ്പുകൾക്ക് വെൻച്വർ ക്യാപിറ്റലുകൾ, എയ്ഞ്ചൽ നിക്ഷേപകർ, ഇൻകുബേറ്ററുകൾ എന്നിവരെ പരിചയപ്പെടുത്തും.
അത്യാധുനിക സാങ്കേതികവിദ്യയിൽ നിക്ഷേപം
2021 ഡിസംബറിൽ, ഫ്ലിപ്കാർട്ടും വാൾമാർട്ടും നിൻജകാർട്ടിൽ 145 മില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. വാൾമാർട്ടിന്റെയും ഫ്ലിപ്കാർട്ടിന്റെയും കമ്പനിയിലെ സമീപകാല നിക്ഷേപങ്ങൾ, കർഷകർ, റീസെല്ലർമാർ, റീട്ടെയിലർമാർ, ഉപഭോക്താക്കൾ, സപ്ലൈ ചെയിൻ പങ്കാളികൾ എന്നിവരുൾപ്പെടെ എല്ലാ അഗ്രി-പ്ലേയർമാർക്കും പുതിയ ഉൽപ്പന്നങ്ങൾ സുതാര്യമായ രീതിയിൽ വാങ്ങാനും വിൽക്കാനും അനുവദിക്കുന്ന ഒരു ഡിജിറ്റൽ കാർഷിക-ഇക്കോസിസ്റ്റം സൃഷ്ടിക്കുക എന്ന കമ്പനിയുടെ ലക്ഷ്യം വിശാലമാക്കി മാറ്റിയതായി തിരുകുമാരൻ നാഗരാജൻ പറഞ്ഞു.അത്യാധുനിക സാങ്കേതികവിദ്യയിൽ നിക്ഷേപം നടത്താനാണ് നിൻജകാർട്ട് കൂടുതൽ ലക്ഷ്യമിടുന്നത്.