channeliam.com
വെറും 200 രൂപയുമായി 1990-കളിൽ ചെന്നൈയിൽ നിന്ന് മുംബൈയിലെത്തിയ ഒരു 17-കാരൻ പിന്നീട് ലക്ഷാധിപതി ആയി. പ്രേംഗണപതിയുടെ സിനിമയെ വെല്ലുന്ന ജീവിതം കേൾക്കാം.

വെറും 200 രൂപയുമായി 1990-കളിൽ ചെന്നൈയിൽ നിന്ന് മുംബൈയിലെത്തിയ ഒരു 17-കാരൻ പിന്നീട് ലക്ഷാധിപതി ആയി. പ്രേംഗണപതിയുടെ സിനിമയെ വെല്ലുന്ന ജീവിതം കേൾക്കാം. പ്രേം ഗണപതി മുംബൈക്കാരുടെ ദോശാവാലയാണ്. പ്രേം സാഗർ ദോശ പ്ലാസയുടെ ഉടമ. കഠിനാധ്വാനവും ജോലിയോടുള്ള അർപ്പണമനോഭാവവും നിശ്ചയദാർഢ്യവും ആണ് പ്രേംഗണപതിയെ ഒരു ലക്ഷാധിപതിയാക്കിയത്. ആ കഥ ഇങ്ങനെയാണ്.

തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ നഗലാപുരത്താണ് പ്രേം ഗണപതി ജനിച്ചത്. 10 -ാം ക്ലാസ് പൂർത്തിയാക്കിയ ശേഷം തുടർപഠനത്തിന് വഴി കാണാതെ ഇരുന്നതിനാൽ കുടുംബത്തെയും ഏഴ് സഹോദരങ്ങളെയും പോറ്റാനുളള വരുമാനം തേടി ചെന്നൈയിലെത്തി. ചെന്നൈയിൽ ചെറുതും വലുതുമായി നിരവധി ജോലികൾ ചെയ്തു. കുറച്ച് വർഷങ്ങൾക്ക് ശേഷം ചെന്നൈ വിട്ട് വലിയ സ്വപ്നങ്ങളുമായി പ്രേംഗണപതി മുംബൈയിലേക്ക് വണ്ടി കയറി. പ്രതിമാസം 1200 രൂപ ശമ്പളമുളള ജോലി വാങ്ങി തരാമെന്ന് പറഞ്ഞ ആളുമായി മുംബൈയിലെത്തിയപ്പോൾ പ്രേം ഗണപതിയുടെ കയ്യിൽ ഉണ്ടായിരുന്നത് 200 രൂപ. ബാന്ദ്ര സ്‌റ്റേഷനിൽ വെച്ച് ബാഗ് കവർച്ച ചെയ്ത് കൂടെ വന്നയാളും കടന്നുകളഞ്ഞു. ഭാഷയറിയില്ലെങ്കിലും തിരികെ പോകാൻ പ്രേം ഒരുക്കമായിരുന്നില്ല. മാഹിമിലെ ഒരു ബേക്കറിയിൽ മാസം 150 രൂപ നിരക്കിൽ പാത്രങ്ങൾ വൃത്തിയാക്കാൻ നിന്നു. രണ്ട് വർഷത്തിനുള്ളിൽ അദ്ദേഹം ഭക്ഷണശാലകളിൽ വിവിധ ജോലികൾ ചെയ്തു. 1992 ആയപ്പോഴേക്കും, സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാൻ ആവശ്യമായ കുറച്ച് പണം അദ്ദേഹം സ്വരൂപിച്ചു. പരമ്പരാഗത ഭക്ഷണമായ ഇഡ്ഡലിയും ദോശയും വിൽക്കാൻ ഒരു കൈവണ്ടി വാടകയ്‌ക്കെടുത്തു. 1000 രൂപ മൂലധനവുമായി വാഷി റെയിൽവേ സ്‌റ്റേഷനു സമീപത്തെ തെരുവിൽ അദ്ദേഹം ഒരു സ്റ്റാൾ സ്ഥാപിച്ചു. എല്ലാ ദോശകളും സാമ്പാർ വിഭവങ്ങളും അവതരിപ്പിച്ചു. രുചിയേറുന്ന ഭക്ഷണം ഉപഭോക്താക്കളിൽ മതിപ്പുളവാക്കി. ഇഡ്ഡലിയും ദോശയും അദ്ദേഹത്തിന് മികച്ച രീതിയിലുളള ലാഭം നൽകി. പ്രതിമാസം 20,000 രൂപ വരെ സമ്പാദിച്ചു. എന്നാൽ മുനിസിപ്പൽ അധികാരികൾ ഫുഡ് സ്റ്റാൾ തുടരാൻ അനുമതി നൽകിയില്ല. വണ്ടിയിലെ ബിസിനസ് ഉദ്യോഗസ്ഥർ പൂട്ടിച്ചു.

എന്നാൽ ഇതോടെ ഒരു നല്ല ബിസിനസ് നടത്താനുള്ള എല്ലാ തന്ത്രങ്ങളും പ്രേംഗണപതി മനസിലാക്കിയിരുന്നു. ഒടുവിൽ 1997-ൽ ഒരു ചെറിയ കട പാട്ടത്തിനെടുക്കാൻ തീരുമാനിച്ചു. 50,000 രൂപ നിക്ഷേപിച്ച് കടയെടുത്ത് റസ്റ്റോറന്റിന് പ്രേം സാഗർ ദോസ പ്ലാസ എന്ന് പേരിടുകയും ചെയ്തു. സഹോദരങ്ങളെയും നാട്ടിൽ നിന്ന് ഒപ്പം കൂട്ടി, കുറച്ച് ജീവനക്കാരെയും നിയമിച്ചു. ദോശ സ്റ്റാൾ ഒരു വലിയ ഹിറ്റായി മാറി. സ്ഥിരം സന്ദർശകരിൽ പലരും കോളേജ് വിദ്യാർത്ഥികളായിരുന്നു. അവരുമായി നല്ല സൗഹൃദം സ്ഥാപിച്ചു. അവരിൽ നിന്ന് ഇന്റർനെറ്റ് ഉപയോഗിക്കാൻ പഠിച്ച അദ്ദേഹം ഇന്റർനെറ്റിൽ പാചകക്കുറിപ്പുകൾ തിരയാൻ തുടങ്ങി. ദോശയിൽ പരീക്ഷണം തുടങ്ങിയ അദ്ദേഹം ആദ്യ വർഷം തന്നെ ഷെസ്വാൻ ദോശ, പനീർ ചില്ലി ദോശ, സ്പ്രിംഗ് റോൾ ദോശ എന്നിങ്ങനെ 26 പുതിയ ദോശകൾ അവതരിപ്പിച്ചു. മുംബൈയിൽ സർവ്വവ്യാപിയായ ഭക്ഷണശാലകളിൽ നിന്നുള്ള മത്സരങ്ങൾക്കിടയിലും ചെറിയ ദോശ സ്റ്റാൾ വിജയിച്ചത് അതിന്റെ ശുചിത്വവും വെയിറ്റർമാരുടെ സേവന മനോഭാവവും വ്യത്യസ്തമായ പുതിയ ചേരുവകളും പരീക്ഷണങ്ങളും കൊണ്ടാണെന്ന് പ്രേം പറയും. 2002 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ റെസ്റ്റോറന്റിൽ 105 ഇനം ദോശകൾ ഉണ്ടായിരുന്നു. വിജയത്തിന് രഹസ്യങ്ങളൊന്നുമില്ല. അത് ആസൂത്രണത്തിന്റെയും കഠിനാധ്വാനത്തിന്റെയും പരാജയത്തിൽ നിന്ന് പാഠം പഠിക്കുന്നതിന്റെയും ഫലമാണെന്ന് പ്രേംഗണപതി തെളിയിച്ചു. എന്നിരുന്നാലും, മുംബൈയിലെ ഒരു മാളിൽ ഒരു ഔട്ട്‌ലെറ്റ് ഉണ്ടാകണമെന്നത് അദ്ദേഹത്തിൻ്റെ സ്വപ്നമായിരുന്നു. നിരവധി മാളുകളെ സമീപിച്ചെങ്കിലും മക്‌ഡൊണാൾഡ് പോലുള്ള വലിയ ബ്രാൻഡുകൾക്കായി സ്പേസ് മാറ്റിവെച്ചതിനാൽ പ്രേംഗണപതിയുടെ സ്വപ്നം യാഥാർത്ഥ്യമായില്ല. എന്നാൽ വാഷിയിലെ സെന്റർ വൺ മാളിൽ ഒരു ഔട്ട്‌ലെറ്റ് തുറക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. മാളിലെ മാനേജരും സ്റ്റാഫും പ്രേമിന്റെ റെസ്റ്റോറന്റിൽ പതിവ് സന്ദർശകരായിരുന്നതിനാലാണ് അദ്ദേഹത്തിന് ആ അവസരം ലഭിച്ചത്. മാളിലെ അദ്ദേഹത്തിന്റെ ഔട്ട്‌ലെറ്റ് വൻ വിജയമായി. 2003-ൽ താനെയിലെ വണ്ടർമാളിൽ ആദ്യ ഫ്രാഞ്ചൈസി ആരംഭിച്ചു. 2012- ആയപ്പോൾ 11 ഇന്ത്യൻ സംസ്ഥാനങ്ങളിലായി 45 റെസ്റ്റോറന്റുകളും ന്യൂസിലാൻഡ്, ദുബായ്, മസ്‌കറ്റ് തുടങ്ങിയ രാജ്യങ്ങളിൽ 7 റസ്റ്റോറന്റുകളും ദോശ പ്ലാസ എന്ന പേരിൽ വിജയമായി മാറി. മികച്ച ഓഫറുകളും അതിലും മികച്ച ഉപഭോക്തൃ സേവനവും വഴി വളരുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ബ്രാൻഡ് ലോഗോ, മെനു കാർഡ്, വെയിറ്റേഴ്‌സ് ഡ്രസ് തുടങ്ങി ബ്രാൻഡിന് ഒരു ഐഡന്റിറ്റി സൃഷ്ടിക്കാൻ പ്രേംഗണപതി ശ്രദ്ധിച്ചു. ഫ്രാഞ്ചൈസികളിൽ പോലും ബ്രാന്റിന്റെ തനിമ നിലനിർത്താൻ പ്രേം ശ്രദ്ധാലുവായിരുന്നു.

വരുംവർഷങ്ങളിൽ 40 കോടി രൂപ ലാഭം നേടാനാണ് പ്രേംഗണപതിയെന്ന ദോശാവാല ലക്ഷ്യമിടുന്നത്. ഒരിക്കൽ നെപ്പോളിയൻ ഹിൽസ് പറഞ്ഞു, ശക്തിയും വളർച്ചയും ഉണ്ടാകുന്നത് നിരന്തര പരിശ്രമത്തിലൂടെയും പോരാട്ടത്തിലൂടെയുമാണ്.കാരണം സ്വപ്നങ്ങൾ പൂർണ്ണമാക്കുന്നതിന് നിങ്ങൾക്ക് അവസരങ്ങൾ കുറവായിരിക്കും.ലക്ഷ്യത്തിനായി പരിശ്രമിക്കാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ ലോകം നിങ്ങളെ തിരിച്ചറിയില്ല.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com