ഇന്ത്യൻ റീട്ടെയിൽ വിപണിയിൽ ആധിപത്യത്തിനായി റിലയൻസുമായി ആമസോണിന്റെ  പോരാട്ടം
 

റീട്ടെയ്ൽ വിപണി പിടിക്കുന്നത് ആരാണ്?

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന റീട്ടെയിൽ മാർക്കറ്റുകളിലൊന്നാണ് ഇന്ത്യ. ഇവിടെ ആർക്കാണ് മുൻതൂക്കം ലഭിക്കുകയെന്ന് തീരുമാനിക്കുന്നതിനുള്ള പ്രധാന തർക്കമായി മാറുകയാണ് ആമസോണും റിലയൻസും തമ്മിലുളള പോരാട്ടം. ആമസോണും  ഫ്യൂച്ചർ ഗ്രൂപ്പും സങ്കീർണ്ണമായ ഒരു നിയമയുദ്ധം തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. ഇത് രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന് എതിരായി മാറുന്നത് ഫ്യൂച്ചർ ഗ്രൂപ്പിന്റെ 3.4 ബില്യൺ ഡോളർ ആസ്തികൾ വിറ്റഴിക്കുന്നത് ആമസോൺ തടഞ്ഞതോടെയാണ്.
മാസങ്ങളോളം കോടതി മുറികളിൽ കീറി മുറിച്ച വാദങ്ങൾക്ക് ശേഷം ആമസോണും ഫ്യൂച്ചറും തങ്ങളുടെ തർക്കം പരിഹരിക്കാൻ ചർച്ചകൾ നടത്താൻ അപ്രതീക്ഷിതമായി സമ്മതിച്ചിരിക്കുകയാണ്.  

എന്താണ് തർക്കത്തിന് കാരണം?

2019-ൽ, ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഒരു യൂണിറ്റിൽ ആമസോൺ 200 മില്യൺ ഡോളർ നിക്ഷേപിച്ചപ്പോൾ, വിപണിയിലെ മുൻപനായ റിലയൻസിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായ ആമസോണും ഫ്യൂച്ചറും ബിസിനസ്സ് പങ്കാളികളായി മാറി. ഇന്ത്യയിലെ അതിസമ്പന്നരിൽ ഒരാളായ മുകേഷ് അംബാനി നടത്തുന്ന റിലയൻസ് ഉൾപ്പെടെയുള്ള ചില എതിരാളികൾക്ക് റീട്ടെയിൽ ആസ്തികൾ വിൽക്കുന്നതിൽ നിന്ന് ഫ്യൂച്ചറിനെ വിലക്കുന്ന നോൺ-കോംപീറ്റ് വ്യവസ്ഥകളുമായാണ് ആ ഇടപാട് നടന്നതെന്ന് ആമസോൺ വാദിക്കുന്നു. സിംഗപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ നിഷ്കർഷിച്ചിട്ടുള്ള നിയമങ്ങൾക്കനുസൃതമായി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള വ്യവസ്ഥകളും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ആമസോൺ പറയുന്നത്. എന്നാൽ 2020-ൽ, ഫ്യൂച്ചർ ഗ്രൂപ്പ് കോവിഡ് ആഘാതത്തിൽ ആടിയുലഞ്ഞപ്പോൾ റിലയൻസിന് ആസ്തികൾ വിൽക്കാൻ തീരുമാനിച്ചു. ഇതേ തുടർന്ന് ആമസോൺ സിംഗപ്പൂർ ആർബിട്രേറ്ററെ സമീപിക്കുകയും വിൽപ്പന വിജയകരമായി തടയുകയും ചെയ്തു. പിന്നീട് ഇന്ത്യൻ നിയമം അനുസരിച്ചുളള നടപടികളിലേക്ക് നീങ്ങിയതിനാൽ സുപ്രീം കോടതി ഉൾപ്പെടെയുള്ള ഇന്ത്യൻ കോടതികളിൽ വ്യവഹാരങ്ങളുമായി ഇരുകക്ഷികളും പരസ്പരം വെല്ലുവിളിക്കുകയും ചെയ്തു.

ആമസണും ഫ്യൂച്ചറും എന്താണ് പറയുന്നത്?

ഫ്യൂച്ചറുമായി 2019-ൽ ഒപ്പുവച്ച വിവിധ കരാറുകൾ ഫ്യൂച്ചറിന്റെ റീട്ടെയിൽ ആസ്തികളിൽ പ്രത്യേക അവകാശങ്ങൾ നൽകിയിട്ടുണ്ടെന്ന് ആമസോൺ വാദിക്കുന്നു. വിദേശ നിക്ഷേപകർക്കുള്ള ഇന്ത്യൻ നിയമങ്ങൾ ലഘൂകരിച്ചാൽ ആസ്തികളിൽ ചിലത് ആത്യന്തികമായി സ്വന്തമാക്കാമെന്ന് ആമസോൺ പ്രതീക്ഷിക്കുന്നു. എന്നാൽ ഫ്യൂച്ചർ-റിലയൻസ് കരാർ ആ സാധ്യതയെ നശിപ്പിക്കുന്നതാണന്ന് യുഎസ് കമ്പനി പറയുന്നു. ഫ്യൂച്ചറിന്റെ റീട്ടെയിൽ ബിസിനസിൽ ആമസോൺ നിയമവിരുദ്ധമായി നിയന്ത്രണം ഏർപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് ഫ്യൂച്ചർ ആമസോണിന്റെ വാദങ്ങൾ നിഷേധിക്കുന്നു.  ഫ്യൂച്ചർ റീട്ടെയിൽ പറയുന്നത്, തങ്ങൾ ലിക്വിഡേഷനെ അഭിമുഖീകരിക്കുകയാണെന്നും റിലയൻസ് ഡീൽ പരാജയപ്പെട്ടാൽ ഗ്രൂപ്പിലെ 27,000-ലധികം ജീവനക്കാർ തൊഴിൽരഹിതരാകുമെന്നുമാണ്.

ചുരുളഴിയുന്ന ചിത്രം ഏതാണ്?

നിയമപോരാട്ടവും അനുനയ ചർച്ചകളും മുറുകുമ്പോൾ 1.3 ബില്യൺ ഉപഭോക്താക്കളുള്ള 900 ബില്യൺ ഡോളറിന്റെ റീട്ടെയിൽ വിപണിയിൽ റിലയൻസിനേക്കാൾ വലിയ ശക്തിയായി മാറാൻ ആമസോണിന് കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം. റിലയൻസിന് 1,100 സൂപ്പർമാർക്കറ്റുകൾ ഉണ്ട്, ഫ്യൂച്ചറിന് ഏകദേശം 1,500 ഉണ്ട്. രണ്ടും ഇ-കൊമേഴ്‌സിലേക്ക് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു, എന്നാൽ ഫ്യൂച്ചറുമായുളള ഡീൽ റിലയൻസിന്റെ റീട്ടെയിൽ ബിസിനസിന് വൻതോതിൽ വളർച്ച നൽകും. ആമസോൺ ഇന്ത്യയിൽ 6.5 ബില്യൺ ഡോളർ നിക്ഷേപിച്ചു. ആഗോളതലത്തിലെ പ്രമുഖ ഇ-കൊമേഴ്‌സ് വമ്പന്റെ ഒരു പ്രധാന വളർച്ചാ വിപണിയായി ഇന്ത്യയെ കണക്കാക്കുന്നു. ഫ്യൂച്ചർ പങ്കാളിത്തം ആമസോണിനെ അതിന്റെ വെബ്‌സൈറ്റിൽ ഇന്ത്യൻ കമ്പനിയുടെ സ്റ്റോറുകൾ സംയോജിപ്പിച്ച് പലചരക്ക് ഡെലിവറികളുടെ ഓൺലൈൻ പോർട്ട്‌ഫോളിയോ വർദ്ധിപ്പിക്കാൻ ഇതിനകം സഹായിച്ചിരുന്നു. റിലയൻസിൽ നിന്ന് ഫ്യൂച്ചറിനെ അകറ്റി നിർത്തുന്നത് അംബാനിയുടെ വളർച്ചാ പദ്ധതികളെ ചെറുക്കാനുള്ള ആമസോണിന്റെ ശ്രമങ്ങളായി വ്യാഖ്യാനിക്കപ്പെടുന്നു.

ആന്റിട്രസ്റ്റ് ഏജൻസി ഇടപെട്ടത് എന്തിനാണ്?

2019-ലെ കരാറിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ആമസോൺ തെറ്റായതും പരസ്പരവിരുദ്ധവുമായ വ്യാഖ്യാനങ്ങൾ നടത്തുന്നുവെന്ന് ഫ്യൂച്ചർ കഴിഞ്ഞ വർഷം ആന്റിട്രസ്റ്റ് ഏജൻസിക്ക് പരാതി നൽകിയിരുന്നു. തങ്ങൾ ഒരിക്കലും ഒരു വിവരവും മറച്ചുവെച്ചിട്ടില്ലെന്ന് ആമസോൺ പറഞ്ഞു, എന്നാൽ കഴിഞ്ഞ ഡിസംബറിൽ റെഗുലേറ്റർ ഫ്യൂച്ചറുമായുള്ള 2019-ലെ കരാറിന്റെ അംഗീകാരം താൽക്കാലികമായി തട‍ഞ്ഞു. ഇടപാടിന്റെ യഥാർത്ഥ ഉദ്ദേശ്യത്തെ അടിച്ചമർത്താൻ ആമസോണിന്റെ ഭാഗത്തുനിന്ന് ബോധപൂർവമായ ഒരു നീക്കം ഉണ്ടെന്നും പരാമർശിച്ചിരുന്നു.

ആമസോണിന്റെ മനംമാറ്റത്തിന് പിന്നിൽ

ആമസോണും ഫ്യൂച്ചറുമായുളള തർക്കത്തിൽ നേരിട്ട് പങ്കാളിയല്ലാത്ത റിലയൻസ് 500 ഓളം ഫ്യൂച്ചർ സ്റ്റോറുകൾ ഫെബ്രുവരി 25-ന് ഏറ്റെടുക്കാൻ നീക്കം തുടങ്ങി. പണമില്ലാതെ ലീസ് മുടങ്ങിയ ഫ്യൂച്ചർ സ്റ്റോറുകൾ റിലയൻസ് ഏറ്റെടുത്തിരുന്നു. സ്റ്റോറുകൾ റീബ്രാൻഡ് ചെയ്യാനുളള നീക്കത്തിലാണ് റിലയൻസ്. ഇത് ആമസോണിനെ ഞെട്ടിച്ചുവെന്ന് ബിസിനസ് വൃത്തങ്ങൾ പറയുന്നു. ഇതോടെയാണ് മാർച്ച് 3 ന്, ആമസോൺ സുപ്രീം കോടതി വിചാരണയ്ക്കിടെ സമാധാനത്തിന്റെ ഒലിവ് ഇല നീട്ടി മര്യാദക്കാരായത്. ചർച്ചകളിലൂടെ പ്രശ്നപരിഹാരമാകാമെന്ന് കോടതിയിൽ ആമസോൺ അഭിഭാഷകൻ സമ്മതിച്ചിരുന്നു. ഇനിയെല്ലാം കളത്തിന് പുറത്തെ കളിയാണ്. കോടതിക്ക് പുറത്ത് ചർച്ചകളിലൂടെ പ്രശ്നപരിഹാരം സാധ്യമാകുമോയെന്നാണ് ബിസിനസ് ലോകം ഉറ്റുനോക്കുന്നത്. എന്തായാലും എല്ലാം ഇന്ത്യൻ റീട്ടെയ്ൽ വിപണിക്ക് വേണ്ടിയുളള കളിയാണ്. കളിക്കുന്നത് വമ്പൻമാരാകുമ്പോൾ അന്തിമഫലവും അതുപോലെ പ്രസക്തമാകും.

 
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version