
സാമ്പത്തിക വീണ്ടെടുക്കലിന് വിഘാതം

ലോക സമ്പദ്വ്യവസ്ഥയുടെ കോവിഡിന് ശേഷമുള്ള വീണ്ടെടുക്കലിന് വിഘാതമാകുകയാണ് റഷ്യ-ഉക്രെയ്ൻ യുദ്ധം. ലോക സമ്പദ്വ്യവസ്ഥ മുമ്പെങ്ങുമില്ലാത്തവിധം തകരാൻ കോവിഡ്-19 ഇടയാക്കിയിരുന്നു. ഉത്ഭവം എവിടെ എങ്ങനെ എന്നറിയില്ലെങ്കിലും ഇത് 2020-ൽ ലോകത്തെ ഞെട്ടിച്ചു. ആളുകളുടെ ആരോഗ്യത്തെയും ലോക സമ്പത്തിനെയും നശിപ്പിക്കുകയും ആഗോള വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ വീണ്ടും സമ്പദ്വ്യവസ്ഥയുടെ ആരോഗ്യം തകർക്കുകയാണ് റഷ്യ-ഉക്രൈൻ യുദ്ധം. ലോകത്തെ നയിക്കുന്ന അസംസ്കൃത വസ്തുക്കളുടെ പ്രധാന വിതരണക്കാരാണ് റഷ്യയും ഉക്രെയ്നും. എണ്ണ, വാതകം, മെറ്റലർജിക്കൽ ഇൻഡസ്ട്രി, മൈക്രോചിപ്പ്, സെമികണ്ടക്ടർ, കൂടാതെ ഭക്ഷ്യധാന്യങ്ങൾ, ഭക്ഷ്യ എണ്ണ എന്നിവയുടെ വിതരണക്കാർ. യൂറോപ്പും ഏഷ്യയുടെയും ആഫ്രിക്കയുടെയും ചില ഭാഗങ്ങളും വലിയൊരളവ് വരെ റഷ്യയെയും ഉക്രെയ്നെയും ആശ്രയിക്കുന്നു. യുദ്ധത്തെ തുടർന്ന് വിതരണ ശൃംഖലകൾ തടസ്സപ്പെട്ടതോടെ ഊർജമേഖലയിൽ നിന്ന് മൊബൈൽ-ഇന്റർനെറ്റ് ആശയവിനിമയങ്ങളിലേക്കും ഭക്ഷണത്തിലേക്കും വരെ ആഘാതം വ്യാപിക്കുകയാണ്.
ഇന്ധന-വാതക വില കുതിച്ചുയരുന്നു

ഇന്ധന വിതരണം കണക്കിലെടുത്താൽ ഏറ്റവും മികച്ച മൂന്ന് വിതരണക്കാരിൽ ഒന്നാണ് റഷ്യ. റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു.യുഎസും യുകെയും യൂറോപ്പിലെ ഭൂരിഭാഗം രാജ്യങ്ങളും റഷ്യൻ എണ്ണ വാങ്ങുന്നത് നിരോധിക്കുകയോ വാങ്ങേണ്ടെന്ന് തീരുമാനിക്കുകയോ ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ100 ബാരൽ എണ്ണയിൽ 10-12 ബാരൽ എണ്ണയാണ് റഷ്യയുടെ സംഭാവന. റഷ്യ പ്രതിദിനം 45-50 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യുന്നു. 2020-ൽ ലോകത്തിനാവശ്യമായ എണ്ണയുടെ 12 ശതമാനവും 16 ശതമാനം പ്രകൃതിവാതകവും റഷ്യയാണ് നൽകിയത്.റഷ്യൻ എണ്ണയ്ക്ക് അനുമതി നിഷേധിക്കുന്നത് ഊർജ്ജ പ്രതിസന്ധിക്ക് കാരണമാകും. പ്രത്യേകിച്ച് ദരിദ്രരാജ്യങ്ങൾക്കും വികസ്വര സമ്പദ്വ്യവസ്ഥകൾക്കും കോവിഡ് -19 ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുമ്പോൾ അത് തിരിച്ചടിയായി മാറും. ടോപ്പ് സപ്ലൈയേഴ്സിൽ റഷ്യ ഇല്ലെങ്കിലും എണ്ണവില ഉയരുന്നത് ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിനെയും ആശങ്കപ്പെടുത്തുന്നു. ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങുന്നത് ഏകദേശം 1 ബില്യൺ ഡോളറിന്റെ എണ്ണയാണ്. റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യയ്ക്കും അവസരമാണ്. രൂപ-റൂബിൾ വിനിമയത്തിൽ കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങാൻ റഷ്യ ഇന്ത്യയോട് നിർദ്ദേശിച്ചത് ഈ പശ്ചാത്തലത്തിൽ കാണേണ്ടതുണ്ട്.
ആശങ്കകൾക്ക് അതിരുകളില്ല

റഷ്യയെയും ഉക്രെയ്നെയും യൂറോപ്പിന്റെ ‘ബ്രെഡ് ബാസ്ക്കറ്റ്’ എന്ന് വിളിക്കുന്നു. റഷ്യയും ഉക്രെയ്നും ലോകത്തിന്റെ ഭക്ഷ്യധാന്യങ്ങളുടെയും ഭക്ഷ്യ എണ്ണയുടെയും പ്രധാന വിതരണക്കാരാണ്. മൊത്തത്തിൽ നോക്കിയാൽ ഏകദേശം 30 ശതമാനം ഗോതമ്പും 20 ശതമാനം ചോളവും ഇരുരാജ്യങ്ങളും ഒന്നിച്ച് വിതരണം ചെയ്യുന്നു. ഇന്ത്യയിൽ ഉപയോഗിക്കുന്ന പ്രധാന റിഫൈൻഡ് ഓയിലുകളിൽ ഒന്നായ സൂര്യകാന്തി എണ്ണയുടെ ഏറ്റവും വലിയ വിതരണക്കാരാണ് ഉക്രെയ്ൻ. റഷ്യയാണ് ഇതിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വിതരണക്കാരൻ. മൊത്തത്തിലുളള ഉല്പാദനത്തിൽ, റഷ്യയും ഉക്രെയ്നും സൂര്യകാന്തി എണ്ണയുടെ 60 ശതമാനം ഉത്പാദിപ്പിക്കുന്നു. റഷ്യ-ഉക്രെയ്ൻ യുദ്ധം ഭക്ഷ്യധാന്യങ്ങൾ, ചോളം, ഭക്ഷ്യ എണ്ണ എന്നിവയുടെ വിതരണം തടസ്സപ്പെടുത്തി. ഈ യുദ്ധം വളരെക്കാലം നീണ്ടുനിൽക്കുകയാണെങ്കിൽ, അത് യൂറോപ്പിൽ മാത്രമല്ല, ആഫ്രിക്കയിലും ഭക്ഷ്യവിതരണത്തിൽ ആശങ്കകൾക്ക് കാരണമാകും.
സ്വർണ്ണം പൊളളിക്കുമോ?

ഓസ്ട്രേലിയയ്ക്കും ചൈനയ്ക്കും ശേഷം ലോക വിപണിയിലേക്ക് ഏറ്റവും കൂടുതൽ സ്വർണ്ണം വിതരണം ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് റഷ്യ. റഷ്യ-ഉക്രെയ്ൻ യുദ്ധം മൂലം സ്വർണ വില 19 മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചു.ഇറക്കുമതിയിലൂടെയാണ് ഇന്ത്യ സ്വർണത്തിന്റെ ആവശ്യകതയുടെ ഭൂരിഭാഗവും നിറവേറ്റുന്നത്. റഷ്യ-യുക്രൈൻ സംഘർഷം ഉടൻ പരിഹരിച്ചില്ലെങ്കിൽ മഞ്ഞ ലോഹത്തിന്റെ വില 10 ഗ്രാമിന് 55,000 രൂപ വരെ കടന്നേക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇന്ത്യ, സ്വിറ്റ്സർലൻഡിൽ നിന്നാണ് സ്വർണത്തിന്റെ പകുതിയോളം വാങ്ങുന്നത്.
മൈക്രോചിപ്പ് ക്ഷാമം രൂക്ഷമാക്കും
അലൂമിനിയം, ചെമ്പ്, പ്ലാറ്റിനം, നിക്കൽ, സ്റ്റീൽ തുടങ്ങിയ വ്യാവസായിക ലോഹങ്ങളുടെ ഏറ്റവും പ്രധാന വിതരണക്കാരിൽ ഒന്നും റഷ്യയാണ്. അലുമിനിയം, ചെമ്പ്, നിക്കൽ എന്നിവയുടെ വിതരണത്തിലെ തടസ്സം വാഹനനിർമ്മാതാക്കൾക്ക് വലിയ ആശങ്ക ഉയർത്തുന്നതാണ്.
ജനുവരി മുതൽ അലൂമിനിയത്തിന്റെയും ചെമ്പിന്റെയും വിലയിൽ 30 ശതമാനത്തോളം വർധനയുണ്ടായി. നിക്കലിന്റെ വില 75 ശതമാനത്തിലേറെയായി. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററികൾ നിർമ്മിക്കുന്നതിനുള്ള പ്രധാന ലോഹമാണ് നിക്കൽ.സെമികണ്ടക്ടർ ഇൻഡസ്ട്രി മുൻപ് തന്നെ പ്രതിസന്ധിയിലായിരുന്നു. മൈക്രോചിപ്പുകൾ എന്നറിയപ്പെടുന്ന അർദ്ധചാലകങ്ങൾ കമ്പ്യൂട്ടറുകൾ, സ്മാർട്ട്ഫോണുകൾ, വീട്ടുപകരണങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും പ്രവർത്തനത്തിനും നിർണായകമാണ്.നിയോൺ വാതകവും പലേഡിയവും ചിപ്പ് നിർമാണവുമായി ബന്ധപ്പെട്ടവയാണ്. അർദ്ധചാലകങ്ങൾക്കായി ഉയർന്ന ഗ്രേഡ് നിയോണിന്റെ 90 ശതമാനത്തിലധികം ഉക്രെയ്ൻ നൽകുന്നു. പലേഡിയത്തിന്റെ മൂന്നിലൊന്ന് റഷ്യയാണ് നൽകുന്നത്. കൂടാതെ, റഷ്യയുടെ ഉരുക്ക് വ്യവസായമാണ് നിയോണിന്റെ പ്രാഥമിക ഉറവിടം. റഷ്യ-ഉക്രെയ്ൻ യുദ്ധവും അതിന്റെ ഫലമായി യുഎസും യൂറോപ്യൻ രാജ്യങ്ങളും റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളും ആഗോളതലത്തിൽ മൈക്രോചിപ്പ് ക്ഷാമത്തിനും കാരണമാകും. 2014-ൽ റഷ്യ ക്രിമിയ പിടിച്ചടക്കിയ സമയത്തും സമാനമായ ഒരു സാഹചര്യമാണ് ലോകം കണ്ടത്. എന്നാൽ ആ പ്രതിസന്ധി ഹ്രസ്വകാലത്തേക്കായിരുന്നു.
ചുരുക്കത്തിൽ റഷ്യ-ഉക്രൈൻ യുദ്ധം കോവിഡ് ഏൽപ്പിച്ച ആഘാതത്തെക്കാൾ വലിയ പ്രത്യാഘാതമാണ് ലോക സമ്പദ് വ്യവസ്ഥക്ക് സൃഷ്ടിക്കാൻ പോകുന്നത്. യുദ്ധങ്ങൾ ഏല്പിക്കുന്നത് മുറിവുകൾ മാത്രമല്ല, അതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക മാന്ദ്യവും ലോകത്തെയാകെ ബാധിക്കുമെന്നത് പോരടിക്കുന്ന ശക്തികൾ തിരിച്ചറിയാതെ പോകുന്നുവെന്നതാണ് ഓരോ യുദ്ധവും പറഞ്ഞുതരുന്ന പാഠം.