ഒരു മാർച്ചിൽ എത്തിയ അബ്ദുള്ള, 2 കോടി വാരിയ ലാലിന്റെ പടം
ഗോപികാവസന്തം തേടി വനമാലീ…..
ചില സിനിമകളുണ്ട്, കാലമെത്ര കഴിഞ്ഞാലും മനസിൽ നിന്നും മായാതെ നിൽക്കുന്ന ഒരു ദൃശ്യാനുഭവമായി വിശേഷിപ്പിക്കാവുന്നവ. അഭിനയമാണോ കഥയാണോ കഥാ പറഞ്ഞ രീതിയാണോ പാട്ടുകളാണോ ആകർഷിച്ചതെന്ന് ചോദിച്ചാൽ, എല്ലാമെന്ന് പറയാവുന്നത്ര സുന്ദരമായ ചിത്രങ്ങൾ. മലയാളിയുടെ നൊസ്റ്റാൾജിക് ഫിലിമുകൾ..
അനന്തനായും അബ്ദുളളയായും മോഹൻലാൽ നിറഞ്ഞാടിയ ഹിസ് ഹൈനസ്സ് അബ്ദുള്ള ഇറങ്ങിയതും ഇതുപോലെ ഒരു മാർച്ചിലായിരുന്നു. 1990 മാർച്ച് മുപ്പതിന് തീയറ്ററുകളിലെത്തിയ ചിത്രം മോഹൻലാൽ എന്ന നടന്റെ ആദ്യനിർമാണസംരംഭം എന്ന നിലയിൽ കൂടിയാണ് ശ്രദ്ധേയമായത്. മകൻ പ്രണവിന്റെ പേരിൽ തുടങ്ങിയ നിർമാണ കമ്പനിയായ പ്രണവം ആർട്സാണ് ഹിസ് ഹൈനസ്സ് അബ്ദുള്ള നിർമിച്ചത്. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന ലോഹിതദാസ് ആയിരുന്നു. മോഹൻലാലിനൊപ്പം നെടുമുടി വേണു, ഗൗതമി.ശ്രീനിവാസൻ, തിക്കുറിശ്ശി,കവിയൂർ പൊന്നമ്മ,ജഗദീഷ്, മാമുക്കോയ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. പിൽക്കാലത്ത് പ്രണവം ആർട്സ് കലാമൂല്യമുള്ളതും ബോക്സ്ഓഫീസ് ഹിറ്റുകളുമായ നിരവധി ചിത്രങ്ങൾ നിർമ്മിച്ചു. അതിന് തുടക്കമിട്ടത് കലാമൂല്യത്തിലും ബോക്സ്ഓഫീസിലെ മണിക്കിലുക്കത്തിലും ഒരുപോലെ വിജയമായ ഹിസ്ഹൈനസ് അബ്ദുളളയായിരുന്നു. ഏകദേശം 65 ലക്ഷത്തിനടുത്ത് ചിലവഴിച്ച് നിർമിച്ച ചിത്രം ബോക്സ്ഓഫീസിൽ നേടിയത് രണ്ടുകോടിയോളം രൂപയായിരുന്നു എന്നത് ഇന്നത്തെ ബോക്സ്ഓഫീസ് വിജയങ്ങൾ കണക്കാക്കുമ്പോൾ വലിയൊരു തുക തന്നെയാണ്. ആ വർഷത്തെ ഏറ്റവും വലിയ പണം വാരിപടവും നൂറ് ദിവസത്തിലധികം ഓടിയ ഈ അബ്ദുളളയായിരുന്നു.
പ്രമദവനം വീണ്ടും………
ഉദയവർമ്മ തമ്പുരാനെ കൊന്ന് സമ്പത്ത് തട്ടിയെടുക്കാൻ ബന്ധുക്കൾ കളത്തിലിറക്കുന്ന വാടകകൊലയാളി അനന്തൻ എന്ന അബ്ദുളള , മോഹൻലാൽ എന്ന നടന്റെ കരിയറിലെയും മികച്ച കഥാപാത്രങ്ങളിലൊന്നായി. പാട്ടുകൾക്ക് പ്രാധാന്യം നൽകിയ ചിത്രത്തിൽ രവീന്ദ്ര സംഗീതത്തിൽ പിറവിയെടുത്തത് ആറ് ഗാനങ്ങൾ. എല്ലാം ഇന്നും മലയാളിയുടെ ചുണ്ടുകൾ മൂളി നടക്കുന്നവ. പ്രമദവനവും നാദരൂപിണിയും ദേവസഭാതലവുമെല്ലാം പകരം വയ്ക്കാനില്ലാത്ത നാദസൗഭഗങ്ങളായി ഇന്നും ചുണ്ടുകളിൽ തത്തിക്കളിക്കുന്നു. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് മോഹൻ സിതാര ആണ്. ഗാനരചന നിർവഹിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയും മധു ബിഹാറും. എംജി ശ്രീകുമാറും നെടുമുടി വേണുവും രവീന്ദ്രനും ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾക്കും ഈ ചിത്രത്തിലൂടെ അർഹരായി.
ദേവസഭാതലം…
ഒരു സിനിമയുടെ ബോക്സ്ഓഫീസ് വിജയത്തിൽ നിർണായകമാകുന്ന എല്ലാ ഘടകങ്ങളും ഒരുപോലെ സംയോജിച്ച ചിത്രമായിരുന്നു ഹിസ്ഹൈനസ് അബ്ദുളള. കഥയും കഥ പറച്ചിലും അഭിനയവും പാട്ടും അഭിനേതാക്കളുമെല്ലാം പരസ്പരപൂരകങ്ങളായപ്പോൾ പിറന്നത് മലയാളിക്ക് എന്നും ഓർത്തുവയ്ക്കാവുന്നതും വാണിജ്യപരമായി മലയാളസിനിമക്ക് മുതൽക്കൂട്ടായതുമായ ഒരു ചിത്രമായിരുന്നു.