Adar Poonawalla നയിക്കുന്ന Serum Institute പിറന്നതും പിതാവിന്റെ പ്രിയപ്പെട്ട കുതിരകളും
കോവിഡ് കാലത്ത് ഇന്ത്യയിൽ ഏറ്റവുമധികം ഉയർന്ന് കേട്ട പേരുകളിലൊന്നാണ് അദാർ പൂനാവാലയുടേത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ Serum ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ CEO. ഇന്ത്യയിലെ വാക്സിനേഷൻ ഡ്രൈവിന്റെ പോസ്റ്റർ ബോയ് എന്ന് അദാർ പൂനവാലയെ എളുപ്പത്തിൽ വിശേഷിപ്പിക്കാം. പിതാവ് നിർമിച്ച വാക്സിൻ സാമ്രാജ്യത്തിന്റെ അമരക്കാരൻ, സെറം ഇൻസ്റ്റിറ്റ്യൂട്ടിനെ വൈവിധ്യവത്കരണത്തിന്റെ പാതയിലേക്ക് നയിച്ച ക്രാന്തദർശി. അദാർ പൂനാവാലയുടെ കഥ പറയുമ്പോൾ സൈറസ് പൂനാവാലയുടെയും സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും കഥ കൂടിയാണ് അത്. 1966-ൽ ആരംഭിച്ച സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ലിമിറ്റഡ്, ഇന്ത്യയിലെ മുൻനിര ബയോടെക് കമ്പനിയാണ്. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ചിട്ടുണ്ട് പൂനവാലയുടെ സ്വന്തം സെറം ഇൻസ്റ്റിറ്റ്യൂട്ട്. അത്യാധുനിക ജനിതക, കോശ അധിഷ്ഠിത സാങ്കേതികവിദ്യകൾ, ആന്റിസെറം, മറ്റ് മെഡിക്കൽ സ്പെഷ്യാലിറ്റികൾ എന്നിവ ഉപയോഗിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട്, സ്പെഷ്യലൈസ്ഡ് ലൈഫ് സേവിംഗ് വാക്സിനുകൾ നിർമ്മിക്കുന്നു. കോവിഡ് കാലത്ത് കോവിഷീൽഡ് വാക്സിനിലൂടെയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് വാർത്തകളിൽ ഇടംപിടിച്ചത്.

SII യുടെ പിന്നിലെ മനുഷ്യൻ സൈറസ് പൂനാവാല
കുടുംബപരമായി നോക്കിയാൽ കുതിര വളർത്തലിന് പിന്നാലെയാണ് പോകേണ്ടത്. കാരണം ഏക്കറുകണക്കിന് കിടക്കുന്ന Poonawalla Stud Farms രാജ്യത്തെ അറിയപ്പെടുന്ന വൻകിട സ്ററഡ് ഫാമുകളിലൊന്നാണ്. എന്നാൽ ചെറുപ്പത്തിൽ തന്നെ, കുതിരപ്പന്തയത്തിന് ഇന്ത്യയിൽ ഭാവിയില്ലെന്ന് സൈറസ് പൂനവാല മനസ്സിലാക്കി. കാശുകാരുടെ കുതിരപ്പന്തയമല്ല, സാധാരണക്കാർക്ക് കൂടി ഉപയോഗപ്രദമായ ഒരു സംരംഭമാണ് വേണ്ടതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. കുതിരകളെ വിറ്റ് 12,000 ഡോളർ സമാഹരിച്ച ശേഷമാണ് സൈറസ് പൂനവാലയും സഹോദരൻ സാവരി ( Zavary) പൂനാവാലയും തങ്ങളുടെ സംരംഭം ആരംഭിച്ചത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അങ്ങനെ യാതര് തുടങ്ങി. ശാസ്ത്രപരിജ്ഞാനം കുറവായതിനാൽ, ഹാഫ്കൈനിൽ (Haffkine Institute of Mumbai) നിന്ന് മൂന്ന് ഡോക്ടർമാരെ അവർ നിയമിച്ചു. അവർ ഇപ്പോൾ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ബോർഡ് അംഗങ്ങളാണ്. രണ്ട് വർഷത്തിനുള്ളിൽ SII, ആദ്യത്തെ ടെറ്റനസ് സെറം പുറത്തിറക്കുകയും ആന്റി ടെറ്റനസ് വാക്സിനുകൾ നിർമ്മിക്കാൻ തുടങ്ങുകയും ചെയ്തു. കുതിരകളിൽ നിന്ന് സെറം വേർതിരിച്ച് വാക്സിനുകൾ വികസിപ്പിക്കുക എന്നതായിരുന്നു സൈറസിന്റെ ആശയം. പോളിയോ വാക്സിൻ നിർമാണത്തിലും സെറം രാജ്യത്ത് മുൻപന്തിയിലെത്തി. BCG, r-ഹെപ്പറ്റൈറ്റിസ് ബി, മീസിൽസ്, മുണ്ടിനീര്, റുബെല്ല തുടങ്ങിയവയ്ക്കുള്ള വാക്സിനുകൾ സെറം ഇൻസ്റ്റിററ്യൂട്ട് വിപണിയിലെത്തിച്ചു. കോവിഡ് കാലത്ത് ബ്രിട്ടീഷ്-സ്വീഡിഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ AstraZeneca , ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി എന്നിവയുമായി സഹകരിച്ച് കൊറോണ വൈറസിനെതിരെ ദശലക്ഷക്കണക്കിന് കോവിഷീൽഡ് വാക്സിനുകൾ നിർമ്മിച്ചു.

ഇന്ത്യയുടെ വാക്സിൻ രാജകുമാരൻ എന്ന വിളിപ്പേരിനർഹനായ അദാർ പൂനവാല ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം 2001-ലാണ് പിതാവിനൊപ്പം ചേർന്നത്. 2011-ൽ സിഇഒ ആയി SII യുടെ അധികാരം ഏറ്റെടുത്തു.താമസിയാതെ, നെതർലൻഡ്സ് ആസ്ഥാനമായുള്ള സർക്കാർ വാക്സിൻ നിർമ്മാണ കമ്പനിയായ ബിൽതോവൻ ബയോളജിക്കൽസ് (Bilthoven Biologicals) ഏറ്റെടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. SIIയുടെ ബെസ്റ്റ് സെല്ലറായ ഓറൽ പോളിയോ വാക്സിൻ പുറത്തിറക്കുന്നതിലും അദാർ പ്രധാന പങ്കുവഹിച്ചു. കമ്പനിയുടെ വരുമാനത്തിന്റെ 85% സംഭാവന ചെയ്യുന്നത് കയറ്റുമതിയാണ്. ബയോടെക്നോളജി ആൻഡ് ബയോഫാർമസ്യൂട്ടിക്കൽസ് കമ്പനി 2020-ലെ ഡോസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായി മാറി. നിലവിൽ, കമ്പനി പ്രതിവർഷം 1.5 ബില്യൺ ഡോസ് വാക്സിനുകൾ നിർമ്മിക്കുന്നു, ഇതിൽ 200 ദശലക്ഷം കോവിഷീൽഡ് ഡോസുകൾ ഉൾപ്പെടുന്നു. യുണിസെഫിനും പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷനും വാക്സിനുകൾ വിതരണം ചെയ്യുന്നു. Covishield-ന്റെ വിൽപനയിലൂടെ കരുത്തുനേടിയ SII-യുടെ വരുമാനം 2018-19-ലെ 5,238 കോടി രൂപയിൽ നിന്ന് 2020-21-ആയപ്പോൾ 7,201 കോടി രൂപയായി ഉയർന്നു.

ഏറ്റെടുക്കലുകളുടെയും നിക്ഷേപത്തിന്റെയും വൈവിധ്യവത്കരണത്തിന്റെയും കാര്യത്തിൽ പിതാവ് സൈറസ് പൂനാവാലയെക്കാൾ ശ്രദ്ധാലുവാണ് അദാർ പൂനാവാല. 2019 ഏപ്രിലിൽ, ബിസിനസ് ലോണുകൾ, വ്യക്തിഗത വായ്പകൾ, പ്രൊഫഷണലുകൾക്കുളള വായ്പകൾ എന്നിവ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പൂനവാല ഫിനാൻസ് എന്ന NBFC അദാർ സ്ഥാപിച്ചത് ഇക്കാരണത്താലാണ്. ഒരു വർഷത്തിനുള്ളിൽ 1,000 കോടി രൂപയുടെ ആസ്തിയായി അതിനെ വളർത്തിയെടുത്തു.2021 ഫെബ്രുവരിയിൽ കൊൽക്കത്ത ആസ്ഥാനമായ മാഗ്മ ഫിൻകോർപ്പിന്റെ 60 ശതമാനം ഓഹരികൾ 3,456 കോടി രൂപയ്ക്ക് അദാർ വാങ്ങിയിരുന്നു.ഫോർബ്സ് ലിസ്റ്റിംഗ് അനുസരിച്ച് സൈറസ് പൂനാവാല ഇന്ത്യയിലെ അഞ്ചാമത്തെ ശതകോടീശ്വരനാണ്. ആസ്തി 19.9 ബില്യൺ ഡോളർ.


ജീവൻ അപകടത്തിലാക്കുന്ന കുതിരപ്പന്തയമല്ല, ജീവിതം നൽകുന്ന വാക്സിൻ നിർമാണമാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ സൈറസ് പൂനാവാലയും പുതുവഴികളിലൂടെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനെ നയിക്കുന്ന അദാർ പൂനാവാലയും മഹാമാരിയുടെ നടുവിൽ ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാനമുയർത്തി. ആഗോള വാക്സിൻ നിർമ്മാണത്തിന്റെ മുഖം മാറ്റിയ കോവിഡ് കാലം ഇനിയും അവസാനിച്ചിട്ടില്ല. 171 രാജ്യങ്ങളിൽ സാന്നിധ്യമുറപ്പിച്ചിട്ടുളള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, എങ്ങനെ പുതിയ മേഖലകൾ കണ്ടെത്തി മുന്നോട്ട് പോകണമെന്ന് ഓരോ സംരംഭകനേയും ഓർമ്മിപ്പിക്കുന്നു.
സംരംഭക ജീവിതങ്ങളും സ്റ്റാർട്ടപ് കുതിപ്പുകളും അറിയാം. ചാനൽ അയാം ഡോട്ട് കോം സബ്സ്ക്രൈബ് ചെയ്യൂ. യുട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെ എല്ലാ പ്ലാറ്റ്ഫോമുകളിലും ചാനൽ അയാം ഡോട്ട് കോം ലഭ്യമാണ്.