2,500രൂപയിൽ നിന്ന് ഒരൊറ്റ വർഷത്തിനുള്ളിൽ 11 ലക്ഷം രൂപയോളം നേടിയ Anubhuti – An Experience
സ്ത്രീ സംരംഭകരും അവരുടെ വിജയഗാഥയും ചാനൽ ഐ ആം ഡോട്ട്കോം ഒരുപാട് പരിചയപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, വെറും 2,500രൂപയിൽ നിന്ന് ആരംഭിച്ച ഒരു ഓൺലൈൻ ബിസിനസ് ഒരൊറ്റ വർഷത്തിനുള്ളിൽ 11 ലക്ഷം രൂപയോളം വരുമാനം നേടുകയെന്നത് നിസ്സാര കാര്യമല്ല. അതും ഒരു വീട്ടമ്മയുടെ സംരംഭം. ലക്നൗവിലെ 32വയസ്സുകാരിയായ അനുഭൂതി ജെയ്ൻ മിശ്രയാണ് അനുഭൂതി-ആൻ എക്സ്പീരിയൻസ് എന്ന തന്റെ സംരംഭത്തിലൂടെ വേറിട്ട മാതൃക തീർക്കുന്നത്.
2019ൽ മകന്റെ ജനനത്തെ തുടർന്നാണ് ഗൂഗിളിലെ ജോലി അനുഭൂതി രാജിവെയ്ക്കുന്നത്. ജന്മനാ കിഡ്നി രോഗബാധിതനായിരുന്ന മകന് പൂർണ്ണ പരിചരണം ആവശ്യമായിരുന്നു. ഒരു വീട്ടമ്മയുടെ ഉത്തരവാദിത്തങ്ങൾക്കും തിരക്കുകൾക്കുമിടയിലും സ്വന്തമായുളള ബിസിനസ് സാദ്ധ്യതകൾ തേടി അന്വേഷണത്തിലായിരുന്നു അനുഭൂതി. ഗർഭകാലത്ത് ചർമത്തിലും മുടിയിലുമുണ്ടായ മാറ്റങ്ങൾക്ക് പ്രതിവിധി എന്ന നിലയിൽ പല ബ്രാൻഡുകളും പരീക്ഷിച്ച് മടുത്തിരുന്നു അവർ. ചെറുപ്പത്തിൽ വീട്ടിൽ പരീക്ഷിച്ച നാടൻ പ്രതിവിധികളാണ് ഇവിടെ അനുഭൂതിയെ തുണച്ചത്. ഇതോടെ ബിസിനസ് ആ രീതിയിൽ ഒരു ഉല്പന്നമായാലോ എന്നവർ ചിന്തിച്ചു. കോവിഡ് രൂക്ഷമായതോടെ ജനങ്ങളിൽ മിക്കവരും ആരോഗ്യകരമായ ശീലങ്ങളിലേക്ക് ചുവടുമാറുന്നതായി അവർ മനസ്സിലാക്കി. അതോടെ അനുഭൂതിയിലെ സംരംഭക ഉണർന്നു. അങ്ങനെയാണ് 2021 മെയ് മാസത്തിൽ ആദ്യമായി തന്റെ ബ്രാൻഡ് പുറത്തിറക്കുന്നത്.
199 മുതൽ 499 രൂപ വരെയുളള വിലയിൽ നാച്വറലും ഹാൻഡ്മെയ്ഡുമായ സ്കിൻ,ഹെയർ,ബേബി കെയർ പ്രൊഡക്ടുകൾ വിപണിയിലെത്തിച്ചു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പോലുള്ള സാമൂഹ്യ മാദ്ധ്യമങ്ങൾ വഴിയും പ്രാദേശിക മേളകൾ വഴിയും പ്രദർശിപ്പിച്ചാണ് ആദ്യ ഘട്ടത്തിൽ അനുഭൂതി പ്രൊഡക്ടുകൾക്ക് പ്രചാരം നൽകിയത്. ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ കേശ-ചർമ്മ സംരക്ഷണത്തിനായി വിവിധ തരം ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ആരംഭിച്ചു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽത്തന്നെ പ്രകൃതിദത്ത സോപ്പുകൾ, എണ്ണകൾ, സ്കിൻ-ഹെയർ കെയർ ഉൽപ്പന്നങ്ങൾ എന്നിങ്ങനെ വൈവിധ്യങ്ങൾ അനുഭൂതി അവതരിപ്പിച്ചു. പരിസ്ഥിതി സൗഹൃദ ഉല്പന്നങ്ങൾക്ക് വിപണിയിലുളള ഡിമാൻഡ് അനുഭൂതിയിലെ സംരംഭകയ്ക്ക് ഏറെ ഗുണം ചെയ്തു.
ഏതൊരു സ്ത്രീ സംരംഭകയെയും പോലെ തുടക്ക കാലത്ത് ചില വെല്ലുവിളികളും അനുഭൂതി നേരിട്ടു. വൻകിട ഷോപ്പുടമകളും സ്വന്തം ബന്ധുക്കളുമടക്കം ആരും തന്റെ ബ്രാൻഡിനെ ആദ്യ ഘട്ടത്തിൽ ഗൗരവമായി എടുത്തിരുന്നില്ലെന്നാണ് അനുഭൂതി പറയുന്നത്. താൻ നേരിട്ട എല്ലാ വിമർശനങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമുള്ള മറുപടിയാണ് ബ്രാൻഡിന്റെ ഇന്നത്തെ വളർച്ചയെന്ന് അനുഭൂതി ജെയ്ൻ സാക്ഷ്യപ്പെടുത്തുന്നു.
അനുഭൂതിയുടെ സ്വന്തം വെബ്സൈറ്റ് വഴിയല്ലാതെ ഫ്ളിപ്പ്കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും ഉല്പന്ന വിപണനം നടത്തുന്നുണ്ട്. അധികം വൈകാതെ മിന്ത്രയിലും നൈക്കയിലും പ്രൊഡക്ടുകൾ ലഭിച്ചുതുടങ്ങും. Neutrogena, Lotus, Khadi തുടങ്ങി വിപണിയിൽ ചുവടുറപ്പിച്ച കരുത്തുററ ബ്രാൻഡുകളിൽ നിന്നുളള മത്സരത്തിലും അനുഭൂതിയുടെ പ്രൊഡക്ടുകൾക്ക് കൃത്യമായ മാർക്കറ്റ് സ്പേസുണ്ട്.ഡിജിറ്റൽ മാർക്കറ്റിംഗ് സാദ്ധ്യതകളെക്കൂടി ഉപയോഗപ്പെടുത്തി ബ്രാൻഡിന്റെ വളർച്ച ഉത്തേജിപ്പിക്കാനാണ് അനുഭൂതിയുടെ നിലവിലെ പരിശ്രമങ്ങൾ.