Kalyan Jewelers India Limited-ന്റെ ചെയർമാനായി മുൻ CAG Vinod Rai-യെ നിയമിച്ചു

കല്യാൺ ചെയർമാനായി മുൻ CAG

ഇന്ത്യയിലെ മുൻനിര ജൂവലറിയായി പേരെടുത്ത കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും ഇൻഡിപെൻഡന്റ് നോൺ എക്സിക്യുട്ടീവ് ഡയറക്ടറുമായി മുൻ CAG വിനോദ് റായിയെ നിയമിച്ചു. നിയമനത്തിന് ഷെയർഹോൾഡർമാരുടെയും റെഗുലേറ്ററി അനുമതിയും ലഭിക്കേണ്ടതുണ്ടെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ അറിയിച്ചു. ടി എസ് കല്യാണരാമൻ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി തുടരും.
പുരോഗതിയിലേക്കുളള നടപടിയെന്ന് കല്യാൺ

കല്യാൺ ജ്വല്ലേഴ്സുമായി സഹകരിക്കാൻ കഴിഞ്ഞത് ഒരു പദവിയായി കണക്കാക്കുന്നതായി വിനോദ് റായ് പറഞ്ഞു. കല്യാണുമായുള്ള എന്റെ ബന്ധത്തിന് ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. മുൻ സിഎജി എന്ന നിലയിലുളള അദ്ദേഹത്തിന്റെ അനുഭവപരിചയം കല്യാണിന് കൂടുതൽ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ടി എസ് കല്യാണരാമൻ പറഞ്ഞു. കമ്പനിയുടെ പുരോഗതിയിലേക്കുളള നടപടിയാണിതെന്നും കല്യാണരാമൻ പറഞ്ഞു. ചെയർമാനായി വിനോദ് റായിയെ നിയമിച്ചതോടെ കല്യാണിന്റെ ബോർഡിലെ എട്ടാമത്തെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി അദ്ദേഹം മാറി.
ഭരണതലത്തിലെ ശ്രദ്ധേയൻ

ഇന്ത്യയുടെ മുൻ CAGയും യുണൈറ്റഡ് നേഷൻസ് പാനൽ ഓഫ് എക്സ്റ്റേണൽ ഓഡിറ്റേഴ്സിന്റെ മുൻ ചെയർമാനുമായിരുന്നു വിനോദ് റായ്.കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുള്ളിൽ വിവിധ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. കൂടാതെ വിവിധ പരിഷ്കാരങ്ങളിലും നിർണായക പങ്കുവഹിച്ചു. രാജ്യത്തെ പൊതു ബാങ്കിംഗ് പരിഷ്കരിക്കുന്നതിനായി സർക്കാർ രൂപീകരിച്ച ബോഡിയായ ബാങ്ക്സ് ബോർഡ് ബ്യൂറോയുടെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്, യുഎസിലെ ഹാർവാർഡ് കെന്നഡി സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് ഇക്കണോമിക്സിലും പബ്ലിക് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. രാജ്യത്തിന് നൽകിയ സേവനങ്ങളെ മാനിച്ച് വിനോദ് റായിക്ക് പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.