How did Vandana Luthra Originate VLCC? സൗന്ദര്യത്തെ ആരാധിച്ച വന്ദന എന്ന സംരംഭക
സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിപണി ഓരോ നിമിഷവും ഇന്നവേഷനും അതേസമയം മത്സരവും നിറഞ്ഞതാണ്. ദിനംപ്രതിയെന്നോണം പുതിയ ബ്രാൻഡുകൾ വിപണിയിൽ ഇടം പിടിക്കുന്നു. വെൽനസും ബ്യൂട്ടിയും ഒരേനാണയത്തിന്റെ ഇരുവശങ്ങളാണെന്നും രണ്ടും സമഗ്രമായി സംയോജിപ്പിച്ചുളള പരിഹാരങ്ങളാണ് വേണ്ടതെന്നും മുമ്പേ തിരിച്ചറിഞ്ഞ സംരംഭകയാണ് Vandana Luthra. LCC എന്ന ബ്രാൻഡ് ഇന്നൊരു ബ്യൂട്ടി എംപയർ ആയി പടർന്ന് പന്തലിച്ചതിന് പിന്നിൽ സൗന്ദര്യവർദ്ധക വിപണിയെ കുറിച്ച് വന്ദനയുടെ ആഴത്തിലുളള പഠനവും ബ്യൂട്ടി-വെൽനസിലുള്ള ഇവരുടെ കാഴ്ചപ്പാടുമാണ്.
1956 ജൂലൈ 12 ന് ഡൽഹിയിലെ ഒരു സമ്പന്ന കുടുംബത്തിലാണ് വന്ദന ലുത്ര ജനിച്ചത്. അച്ഛൻ മെക്കാനിക്കൽ എഞ്ചിനീയറും അമ്മ ആയുർവേദ ഡോക്ടറുമായിരുന്നു. ആരോഗ്യ സംരക്ഷണത്തിലും സ്വയം വികസനത്തിലും അമ്മയിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടതെന്ന് വന്ദന പിന്നീട് പറഞ്ഞിട്ടുണ്ട്. ന്യൂഡൽഹിയിലെ പോളിടെക്നിക് ഫോർ വിമൻസിൽ ആയിരുന്നു പഠനം. ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം, വന്ദന ലൂത്ര ജർമ്മനി, യുകെ, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ധാരാളം യാത്രകൾ നടത്തി. കുട്ടിക്കാലം മുതൽ തന്നെ ആളുകളുടെ ജീവിതത്തെ സ്വാധീനിക്കുന്ന പ്രവർത്തനങ്ങളിലേർപ്പെടണമെന്ന ആഗ്രഹം വന്ദന ലൂത്രയ്ക്ക് ഉണ്ടായിരുന്നു. ജർമ്മനിയിൽ നിന്ന് കോസ്മെറ്റോളജിയും ന്യുട്രിഷനും പഠിച്ചു. ലൈഫ്സ്റ്റൈൽ കെയർ, ന്യൂട്രിഷൻ, ബ്യൂട്ടി, ഫിറ്റ്നസ് എന്നിവയെക്കുറിച്ച് കൂടുതൽ മനസിലാക്കി. 1980-കളിലെ ഇന്ത്യയിൽ സൗന്ദര്യവർദ്ധക വിപണി കൂടുതലും ഇറക്കുമതി ചെയ്ത പ്രോഡക്റ്റുകളാണ് നിലനിന്നിരുന്നത്. വിപണിയെകുറിച്ച് ആഴത്തിലുളള ഗവേഷണം ഒന്നും തന്നെ നടന്നിരുന്നില്ല. വ്യവസായം തികച്ചും അസംഘടിതമായിരുന്നു. ഒരു ബ്രാൻഡ് നിർമ്മിക്കുന്നതിന് വർഷങ്ങളോളം നീണ്ട കഠിനാധ്വാനവും അർപ്പണബോധവും പ്രതിബദ്ധതയും ആവശ്യമാണ്. പ്രതിസന്ധിയിലും തിരിഞ്ഞു നോക്കാതെ മുന്നോട്ട് പോകേണ്ടത് പ്രധാനമാണ്.ജർമൻ യാത്രകൾ ഇന്ത്യയിലെയും ജർമനിയിലെയും വെൽനസ്-ബ്യൂട്ടി വിപണിയെ കുറിച്ച് ഒരു വിലയിരുത്തൽ നടത്താൻ വന്ദനയെ സഹായിച്ചിരുന്നു.
1980-കൾ വന്ദനയുടെ ജീവിതത്തിലെ രണ്ട് നിർണായക മാറ്റത്തിന്റെ വർഷങ്ങളായിരുന്നു.
- പ്രമുഖ സംരംഭകൻ മുകേഷ് ലൂത്ര വന്ദനയെ വിവാഹം കഴിച്ചു.
- 1989-ൽ ന്യൂ ഡൽഹിയിലെ സഫ്ദർജംഗ് എൻക്ലേവിൽ ആദ്യത്തെ VLCC സെന്റർ സ്ഥാപിച്ചു.
ഇത് ആത്യന്തികമായി ഇന്ത്യയിലെ വെൽനസ് വ്യവസായത്തെ മാറ്റിമറിച്ചു. സ്ത്രീകളുടെയും പുരുഷന്മാരുടെയും വർദ്ധിച്ചുവരുന്ന ജീവിതശൈലി ആവശ്യങ്ങൾക്കായി പോഷകാഹാരവും വൈദ്യശാസ്ത്ര വൈദഗ്ധ്യവും സംയോജിപ്പിക്കാനുള്ള ദീർഘവീക്ഷണമുള്ള ഒരു സ്വപ്നമായിരുന്നു വന്ദന VLCC എന്ന സാമ്രാജ്യത്തിലൂടെ സൃഷ്ടിച്ചത്. ഈ കേന്ദ്രം അത്യാധുനിക സ്കിൻ, ഹെയർ ചികിത്സകൾക്കൊപ്പം വെയ്റ്റ് മാനേജ്മെന്റ് പ്രോഗ്രാമുകളും നടത്തി.
VLCC പോലുള്ള ഒരു ബ്രാൻഡ് നിർമ്മിക്കുന്നതിന് ബ്യൂട്ടി -ഹെൽത്ത്കെയർ എന്നിവയിൽ സൂക്ഷ്മവും ശാസ്ത്രീയവുമായ സമീപനം ആവശ്യമായിരുന്നു. ഇന്ത്യയിലെ ബ്യൂട്ടി ഇൻഡസ്ട്രിയിൽ വിപ്ലവം സൃഷ്ടിക്കാനുള്ള വന്ദന ലുത്രയുടെ അഭിനിവേശമാണ് VLCC എന്ന ബ്രാൻഡിന്റെ പിറവിക്ക് വഴി തെളിച്ചത്.
VLCC ആരംഭിച്ചപ്പോൾ പിന്നിൽ വന്ദനയുടെ നിശ്ചയദാർഢ്യവും കഠിനാധ്വാനവുമായിരുന്നു കൈമുതലായത്. 1980-കളിൽ താൻ ബിസിനസ്സ് ആരംഭിച്ചപ്പോൾ എടുത്ത് പറയാവുന്ന വനിതാ സംരംഭകർ ഉണ്ടായിരുന്നില്ലെന്ന് അവർ ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. വനിതാ സംരംഭകരെ വ്യവസായലോകത്തിന് ഉൾക്കൊളളാൻ ബുദ്ധിമുട്ടുണ്ടായരുന്നു. മാത്രമല്ല അവർ വലിയ തോതിൽ വിമർശനങ്ങളും നേരിട്ടിരുന്നു. എന്നിരുന്നാലും, തന്റെ ആശയം യുണീക്കാണെന്നും ഇന്ത്യയിൽ ഇതാദ്യമാണെന്നും അവർ ഉറച്ചു വിശ്വസിച്ചു. തന്നെ പിന്തുണച്ച ഭർത്താവിനും വന്ദന ക്രെഡിറ്റ് നൽകുന്നു. സാമ്പത്തികമായി പിന്തുണയ്ക്കാമെന്ന് ഭർത്താവ് വാഗ്ദാനം നൽകി. എന്നിരുന്നാലും, സ്വന്തം പരിശ്രമത്തിൽ സ്വപ്നം സാക്ഷാത്കരിക്കാനായിരുന്നു വന്ദനയുടെ തീരുമാനം.ബാങ്ക് ലോൺ എടുത്താണ് ആദ്യത്തെ ഔട്ട്ലെറ്റിന് സ്ഥലം ബുക്ക് ചെയ്തത്. ആദ്യ ഔട്ട്ലെറ്റ് സ്ഥാപിച്ച് ഒരു മാസത്തിനുള്ളിൽ, നിരവധി ഉപഭോക്താക്കളെയും സെലിബ്രിറ്റികളെയും ആകർഷിക്കാൻ VLCC ക്ക് കഴിഞ്ഞു. ഗ്ലാമറിനെകുറിച്ചല്ല, അതിലുപരി വെൽനസിൽ ഊന്നിയായിരിക്കണം VLCCയുടെ പ്രവർത്തനങ്ങളെന്ന് വന്ദന നിഷ്കർഷിച്ചിരുന്നു. ആദ്യഘട്ടത്തിൽ ന്യൂട്രിഷണിസ്റ്റുകളെയും കോസ്മെറ്റോളജിസ്റ്റുകളെയും തന്റെ ആശയങ്ങൾ ബോധ്യപ്പെടുത്താൻ വന്ദന നന്നേ പണിപ്പെട്ടിരുന്നു. തുടക്കത്തിൽ, VLCC ഒരു വെൽനസ് സെന്റർ ആയാണ് അറിയപ്പെട്ടത്. എന്നാൽ വന്ദനയുടെ കാഴ്ചപ്പാട് ബൃഹത്തായിരുന്നു. ഇന്ന് ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ, GCC മേഖല, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലെ 14 രാജ്യങ്ങളിലെ 153 നഗരങ്ങളിലായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ ബിസിനസ്സ് കമ്പനിയായി VLCC വികസിപ്പിക്കപ്പെട്ടു. മെഡിക്കൽ പ്രൊഫഷണലുകൾ, ന്യുട്രിഷൻ കൗൺസിലർമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, കോസ്മെറ്റോളജിസ്റ്റുകൾ, ബ്യൂട്ടി പ്രൊഫഷണലുകൾ എന്നിവരുൾപ്പെടെ 4000ത്തിലധികം ജീവനക്കാരാണ് VLCC യുടെ കരുത്ത്.
ഇന്ന് ഒരു റിപ്പോർട്ട് അനുസരിച്ച്,VLCCയുടെ മുൻനിര ക്ലയന്റുകളിൽ 40% അന്താരാഷ്ട്രതലത്തിലാണ്.കമ്പനി ആരംഭിച്ച് 30 വർഷത്തിനു ശേഷവും വന്ദന ലൂത്രയും VLCCയും ഇന്ത്യയിലെ സൗന്ദര്യസാമ്രാജ്യത്തിന്റെ നിർണായക ഭാഗമായി തുടരുന്നു. സ്ലിമ്മിംഗ് പാക്കേജുകൾ മുതൽ ലേസർ വരെ മിതമായ നിരക്കിൽ സേവനങ്ങൾ നൽകുന്നു. സൗന്ദര്യത്തിന്റെ അർത്ഥവും അർത്ഥവ്യതിയാനങ്ങളും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. കമ്പനിയെ കാലികവും പ്രസക്തവുമായി നിലനിർത്തുന്നതിന്, റിസർച്ച് ആൻഡ് ഡവലപ്മെന്റ് ടീമിനെയും യാത്രകളെയും വന്ദന ആശ്രയിക്കുന്നു. ക്ലയന്റുകൾക്ക് വ്യത്യസ്തമായ ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകാനും ശ്രദ്ധിക്കുന്നു.
- 2013-ൽ, വ്യാപാര-വ്യവസായ മേഖലകളിലെ മഹത്തായ സംഭാവനയ്ക്ക്,
- രാജ്യത്തെ ഏറ്റവും വലിയ ബഹുമതികളിലൊന്നായ പത്മശ്രീ അവർക്ക് ലഭിച്ചു.
- 2012-ൽ ഏഷ്യൻ ബിസിനസ് ലീഡേഴ്സ് ഫോറം ട്രയൽബ്ലേസർ അവാർഡ്,
- 2010-ൽ എന്റർപ്രൈസ് ഏഷ്യ വുമൺ എന്റർപ്രണർ ഓഫ് ദി ഇയർ അവാർഡ്,
- 2008-ൽ രാജീവ് ഗാന്ധി അവാർഡ് എന്നിവ നേടി.
- ഫോർബ്സ് ഏഷ്യ 2016-ലെ ഏഷ്യ-പസഫിക് മേഖലയിലെ 50 പവർഫുൾ ബിസിനസ്സ് വുമൺ പട്ടികയിൽ അവർ ഇടംനേടി.
- 2011 മുതൽ 2016 വരെ തുടർച്ചയായി ആറ് വർഷക്കാലം ഫോർച്യൂൺ മാസികയുടെ ഇന്ത്യയിലെ ബിസിനസിലെ ഏറ്റവും ശക്തരായ 50 സ്ത്രീകളുടെ വാർഷിക പട്ടികയിലും ഇടം നേടിയിട്ടുണ്ട്.
ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച ബ്യൂട്ടി, വെൽനസ് സേവന വ്യവസായങ്ങളിലൊന്നാണ് VLCC. സർക്കാരിന്റെ ജൻ-ധൻ യോജനയുടെയും ഒരു പ്രധാന ഭാഗമാണ് VLCC ഇന്ന്.