ഇന്ത്യയിലെ Electric വാഹനങ്ങൾക്ക് തീപിടിക്കുന്നത് എങ്ങനെയാണ്?
ഭാവിയുടെ മൊബിലിറ്റി ഇലക്ട്രിക് ആണ്. ലോകവ്യാപകമായി ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രചാരവും ലഭിക്കുന്നുണ്ട്. പ്രമുഖ വാഹനനിർമാതാക്കളും ഇ-മൊബിലിറ്റിയിലേക്ക് കളം മാറ്റി ചവിട്ടി കഴിഞ്ഞു. ഇന്ത്യയിലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ സബ്സിഡികളിലൂടെയും ഇലക്ട്രിക് വാഹനനയങ്ങളിലൂടെയും EV കൾക്ക് പ്രോത്സാഹനം നൽകുന്നു. പക്ഷേ കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഇലക്‌ട്രിക് വാഹനങ്ങൾക്ക്, പ്രത്യേകിച്ച് ഇ-സ്‌കൂട്ടറുകൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ രാജ്യത്ത് ഇടയ്‌ക്കിടെ ഉണ്ടാകുന്നുണ്ട്. ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് മാറാൻ തയ്യാറെടുക്കുന്ന സമയത്ത് ഉപയോക്താക്കൾക്ക് ഇതൊരു പ്രധാന ആശങ്കയാണ്.
പൂനെയിലും വെല്ലൂരിലും നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങൾ ഇലക്ട്രിക് വാഹനങ്ങളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ഇ-സ്‌കൂട്ടറുകൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. രണ്ട് തീപിടുത്തങ്ങളിലും സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് റോഡ് ഗതാഗത മന്ത്രാലയം ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ വിഭാഗമായ സെന്റർ ഫോർ ഫയർ എക്‌സ്‌പ്ലോസീവ് ആൻഡ് എൻവയോൺമെന്റ് സേഫ്റ്റിക്ക് കത്തയച്ചിട്ടുണ്ട്.
ഒല ഇലക്ട്രിക്, ഒകിനാവ സ്കൂട്ടറുകൾ ഉൾപ്പെട്ട അപകടങ്ങൾ വൈറലായതോടെ ആശങ്കയിലായത് നിരവധി ഉപയോക്താക്കളാണ്. EV-കൾ തീപിടിക്കുന്ന സംഭവങ്ങൾ ഇ-മൊബിലിറ്റി ഇൻഡസ്ട്രിക്ക് തന്നെ ഒരു തലവേദനയാാണ്. ഫലപ്രദമായ ഒരു തിരുത്തൽ നടപടി സ്വീകരിച്ചില്ലെങ്കിൽ വിൽപ്പന ചാർട്ടുകൾ കുത്തനെ താഴേക്ക് പതിക്കാം. EV നിർമാണത്തിൽ ബാറ്ററി ഡിസൈനിംഗും കൂളിംഗ് സൊല്യൂഷനുകളും കമ്പനികൾ വിശദമായി പരിശോധിക്കേണ്ടതുണ്ട്. ബാറ്ററിയിൽ കോബാൾട്ടിൽ നിന്ന് സോഡിയത്തിലേക്കും മറ്റ് സാങ്കേതികവിദ്യകളിലേക്കും മാറുന്നത് അപകടസാധ്യത കുറയ്ക്കും. ബാറ്ററി സ്വാപ്പിംഗ് നെറ്റ്‌വർക്കുകളുടെ സജ്ജീകരണവും അപകടസാധ്യതകൾ കുറയ്ക്കാൻ ഉപകരിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ഒരു ഇലക്‌ട്രിക് വാഹനത്തിലെ ലിഥിയം-അയൺ ബാറ്ററി പായ്ക്ക് തീപിടിക്കാൻ പോകുമ്പോൾ, അത് ചില മുന്നറിയിപ്പ് സൂചനകൾ നൽകുന്നു.
ഒന്നാമതായി, ബാറ്ററി വീർക്കുകയും വളരെ ചൂടാകുകയും ചെയ്യും. രണ്ടാമതായി, അത് നിറം മാറിയേക്കാം. പൊള്ളൽ, കേടുപാടുകൾ എന്നിവയ്ക്കും സാധ്യതയുണ്ട്. പുക ഉയരാൻ തുടങ്ങിയാൽ, ജാഗ്രത പാലിക്കുകയും ഇവിയിൽ നിന്ന് മാറുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
നിർമ്മാണ തകരാർ മൂലവും ഇലക്‌ട്രിക്കൽ ഷോർട്ട് സർക്യൂട്ട് കാരണവും ബാറ്ററികൾക്ക് തീപിടിച്ചേക്കാം. ഒരു തകരാർ സംഭവിക്കുമ്പോൾ, ബാറ്ററി സെല്ലിന്റെ താപനിലയും മർദ്ദവും അതിവേഗം വർദ്ധിക്കുന്നു. കത്താൻ കാരണമായ വാതകങ്ങളും പുറത്തുവിടുന്നു. ഉയർന്ന ഊഷ്മാവ് കാരണം വാതകങ്ങൾ ജ്വലിക്കുകയും അതിന്റെ ഫലമായി തീപിടിത്തം ഉണ്ടാകുകയും ചെയ്യുന്നു. ഷോർട്ട് സർക്യൂട്ട് സംഭവിക്കുമ്പോൾ, ബാറ്ററിക്കുള്ളിലെ താപനില 500 ഡിഗ്രി സെൽഷ്യസ് വരെ എത്തുന്നു, ഇത് സ്ഫോടനത്തിനും കാരണമാകുന്നു.
ഒരു EV-ക്ക് തീ പിടിക്കാനുള്ള സാധ്യത കുറവാണ്. പക്ഷേ ബാറ്ററിയിലെ തീപിടുത്തം നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. അപകടസാധ്യതകൾ ഒഴിവാക്കാൻ, വാഹനം ഓട്ടം നിർത്തിയ ഉടൻ ബാറ്ററി ചാർജ് ചെയ്യരുത്. ആദ്യം അത് തണുക്കട്ടെ. Detachable ബാറ്ററികൾ ചാർജ് ചെയ്യുന്നതിനുമുമ്പ് വിച്ഛേദിക്കണം. cool,dry സ്ഥലങ്ങളിൽ ബാറ്ററി സൂക്ഷിക്കുക. ഒറിജിനൽ യൂണിറ്റുകൾ മാത്രം ഉപയോഗിക്കുക. കൂടാതെ, എന്തെങ്കിലും കേടുപാടുകൾ കണ്ടാൽ ബാറ്ററി നിർമ്മാതാക്കൾക്ക് കംപ്ലയിന്റ് ഫയൽ ചെയ്യുക.
ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ, ഇൻഷുറൻസ് കമ്പനികൾ അത്തരം മോഡലുകളുടെ പ്രീമിയം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല, പുതിയ EV- വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ഫ്യുവൽ വാഹനങ്ങളിൽ നിന്ന് EV-കളിലേക്ക് മാറുന്നതിന് വേണ്ടത്ര സുരക്ഷിതത്വവും തോന്നിയേക്കില്ല. ഇതൊന്നും ഭാവിയുടെ മൊബിലിറ്റിയായ EV വിപണിക്ക് ഗുണകരമാകില്ല. അതുകൊണ്ടുതന്നെയാണ് സർക്കാരും ഈ വിഷയത്തെ ഗൗരവകരമായി കാണുന്നത്. ആശങ്കയുടെയും അഭ്യൂഹങ്ങളുടെയും പുകമറ നീക്കാൻ അന്വേഷണങ്ങൾക്ക് കഴിയണം. അത് ഇന്ത്യൻ EV വിപണിക്കുളള ഒരു പ്രോത്സാഹനമായി മാറുമെന്ന് പ്രത്യാശിക്കാം.