EV തീപിടുത്തം: ഗൗരവതരമായി കാണുന്നുവെന്ന് സർക്കാർ; പ്രശ്നം കാലാവസ്ഥയോ ബാറ്ററിയോ?

വിശദാന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപിടിച്ച സംഭവങ്ങൾ വളരെ ഗൗരവതരമാണെന്നും, ഓരോ സംഭവങ്ങളിലും ഫോറൻസിക് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഉയർന്ന താപനില മൂലമാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നാണ് വിലയിരുത്തൽ. അപകടത്തിന് പിന്നിലെ കൃത്യമായ സാങ്കേതിക കാരണം അറിഞ്ഞതിന് ശേഷം സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഗഡ്കരി പറഞ്ഞു. തീപിടിത്തത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് അന്തിമ നിഗമനത്തിനായി വിദഗ്ധ സമിതിയുടെ റിപ്പോർട്ടുകൾ കാത്തിരിക്കുകയാണെന്ന് മന്ത്രി പ്രതികരിച്ചു.

ബാറ്ററി പാക്കുകൾ ഇന്ത്യൻ വിപണിക്ക് ചേർന്നതല്ല?

ഇന്ത്യയിലേക്ക് വരുന്ന പല ഇലക്ട്രിക് വാഹന ബാറ്ററി പാക്കുകളും ഇന്ത്യൻ വിപണിക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് രൂപകൽപ്പന ചെയ്തിട്ടുള്ളതല്ലെന്ന് Ather Energy ഫൗണ്ടറും സിഇഒയുമായ തരുൺ മേത്ത പ്രതികരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലുണ്ടായ വിവിധ ഇലക്ട്രിക് സ്കൂട്ടറുകളുടെ തീപിടുത്തം പരാമർശിച്ച് പ്രതികരിക്കുകയായിരുന്നു Ather സിഇഒ. ഉൽപന്നങ്ങൾ രൂപകൽപ്പന ചെയ്യാൻ കമ്പനികൾ വേണ്ടത്ര സമയം എടുക്കുന്നില്ലെന്നാണ് ഈ സംഭവങ്ങളുമായി ബന്ധപ്പെടുത്തി തരുൺ മേത്ത അഭിപ്രായപ്പെടുന്നത്.

ലോഞ്ചിന് മുമ്പ് വിശദമായ പരിശോധന ആവശ്യമാണെന്നും Ather സിഇഒ പറയുന്നു. Ola, Okinawa, Pure EV എന്നിവയുടെ ഇലക്ട്രിക് സ്കൂട്ടറുകൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ തീപിടിച്ചത്. പൂനെയിൽ ഒല ഇലക്ട്രിക് സ്കൂട്ടറിന്റെ S1 Pro മോഡലിനും വെല്ലൂരിൽ ഒകിനാവയുടെ Praise Pro മോഡലിനും മാർച്ച് 26 നാണ് തീപിടിച്ചത്. മാർച്ച് 29 ന് ചെന്നൈയിൽ പ്യുവർ ഇലക്ട്രിക് സ്കൂട്ടറിനും തീപിടിച്ചിരുന്നു. ഇന്ത്യൻ താപനില ഇലക്ട്രിക് വാഹനങ്ങൾക്ക് അനുയോജ്യമല്ലെന്നും ഡിസൈൻ തലത്തിൽ കർശനമായ പരിശോധന ആവശ്യമാണന്നും വാഹന രംഗത്തെ പ്രമുഖരും കഴിഞ്ഞ ദിവസങ്ങളിൽ പ്രതികരിച്ചിരുന്നു.

ലിഥിയം അയൺ ബാറ്ററികൾ പ്രവർത്തിക്കുന്നതെങ്ങനെ?

ഇന്ന് ഏറ്റവും പ്രചാരമുള്ള ബാറ്ററികളിൽ ഒന്നാണ് ലിഥിയം-അയൺ ബാറ്ററികൾ. ഇലക്‌ട്രിക് കാറുകളും, സ്‌മാർട്ട്‌ഫോണുകളും മുതൽ ലാപ്‌ടോപ്പുകളിൽ വരെ ഇവ ഉപയോഗിക്കുന്നുണ്ട്. കുറഞ്ഞ ഭാരം, ഉയർന്ന ഊർജ്ജ സാന്ദ്രത, റീചാർജ് ചെയ്യാനുള്ള കഴിവ് എന്നിവയാണ് ലിഥിയം-അയൺ ബാറ്ററിയെ മറ്റുള്ളവയെക്കാൾ മികച്ചതാക്കുന്ന പ്രധാന സവിശേഷതകൾ.ഇതുകൂടാതെ, ഒരു ലെഡ് ആസിഡ് ബാറ്ററിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ദീർഘകാലത്തേയ്ക്ക് നിലനിൽക്കുന്നവയാണ് ലി-അയൺ ബാറ്ററികൾ. ഇരുചക്ര വാഹന നിർമ്മാതാക്കളായ ആതർ എനർജിയുടെ തന്നെ പഠനം അനുസരിച്ച്, ലിഥിയം-അയൺ ബാറ്ററികളുടെ ഉയർന്ന ഊർജ്ജ സാന്ദ്രതകൊണ്ടുതന്നെ ചില സാഹചര്യങ്ങളിൽ ഇവ അസ്ഥിരമാകുകയും പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. സുരക്ഷിതമായ പ്രവർത്തന പരിധിക്കുള്ളിൽ അവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. അതുകൊണ്ടുതന്നെ ഒരു ലിഥിയം-അയൺ ബാറ്ററി സുരക്ഷിതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ പലപ്പോഴും ബാറ്ററി മാനേജ്മെന്റ് സിസ്റ്റം (BMS) പ്രയോഗിക്കേണ്ടിവരുന്നു.ഒരു ലിഥിയം-അയൺ ബാറ്ററി പാക്കിലെ എല്ലാ സെല്ലുകളുമായും ബന്ധിപ്പിച്ചിരിക്കുന്ന ഒരു ഇലക്ട്രോണിക് സംവിധാനമായ BMS, ബാറ്ററി വോൾട്ടേജും അതിലൂടെ ഒഴുകുന്ന കറന്റും നിരന്തരം അളക്കുന്ന സംവിധാനമാണ്. ഒരു ബിഎംഎസിൽ എണ്ണമറ്റ ടെംപറേച്ചർ സെൻസറുകളും സജ്ജീകരിച്ചിരിക്കുന്നു. ഇത് ബാറ്ററി പാക്കിന്റെ വിവിധ ഭാഗങ്ങളിലെ താപനിലയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. ചാർജിംഗ്, ഡിസ്ചാർജ് നിരക്ക്, ബാറ്ററി ലൈഫ് സൈക്കിൾ, കാര്യക്ഷമത എന്നിവ പോലുള്ള ബാറ്ററി പാക്കിന്റെ മറ്റ് പാരാമീറ്ററുകൾ കണക്കാക്കാൻ ഈ ഡാറ്റയെല്ലാം BMS-നെ സഹായിക്കുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version