IPL സംപ്രേഷണ അവകാശത്തിലും മുകേഷ് അംബാനിയും ജെഫ് ബെസോസും ഏറ്റുമുട്ടലിന്
ഇന്ത്യൻ വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ ആമസോണും റിലയൻസും പോരാടാൻ തുടങ്ങിയിട്ട് നാളുകളായി. ഫ്യൂച്ചർ ഇടപാടിൽ ശതകോടീശ്വരൻമാരായ മുകേഷ് അംബാനിയും ജെഫ് ബെസോസും തമ്മിലുളള ഏറ്റുമുട്ടൽ വേറെൊരു തലത്തിലേക്കെത്തി.
അതിപ്പോൾ ക്രിക്കറ്റിലേക്കും എത്തിയിരിക്കുന്നു.IPL ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണ അവകാശത്തെച്ചൊല്ലി ജെഫ് ബെസോസും മുകേഷ് അംബാനിയും പുതിയ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നു.IPL മീഡിയ റൈറ്റ് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ BCCI കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ടെലിവിഷനിൽ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിനും അവ ഓൺലൈനിൽ സ്ട്രീം ചെയ്യുന്നതിനുമുള്ള അവകാശങ്ങൾ വെവ്വേറെ വിൽക്കപ്പെടും. IPL ചരിത്രത്തിൽ ആദ്യമായാണ് സംപ്രേഷണ അവകാശം ഇങ്ങനെ ലേലം ചെയ്യപ്പെടുന്നത്. ഇതോടെ ലോകത്തെ അതിവേഗം വളരുന്ന വിപണികളിലൊന്നിൽ ഇ-കൊമേഴ്സ് മേധാവിത്വത്തിനായി പോരാടുന്ന കമ്പനികൾ ഇനി ഏറ്റവും ജനപ്രിയ കായിക ഇനത്തിലേക്കും മത്സരം വ്യാപിപ്പിക്കും. ജൂൺ 12-ന് ആരംഭിക്കുന്ന പരിപാടിയിൽ 7 ബില്യൺ ഡോളറോ അതിൽ കൂടുതലോ തുകയ്ക്ക് വാതുവെപ്പുകൾ നടന്നേക്കാമെന്ന് ഇൻഡസ്ട്രിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 2017ൽ 5 വർഷത്തേക്ക് 16,348 കോടി രൂപയ്ക്കാണ് സ്റ്റാർ ഇന്ത്യ ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം നേടിയത്. ഇത്തവണ സംപ്രേക്ഷണാവകാശത്തിലൂടെ 50,000 കോടി രൂപയുടെ ലാഭമാണ് BCCI ലക്ഷ്യമിടുന്നത്. നിലവിൽ ഐപിഎല്ലിന്റെ ഇന്ത്യയിലെ ഏക തത്സമയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ.
ക്രിക്കറ്റ് പോലൊരു കായികവിനോദത്തിന് ഏറെ പ്രചാരമുള്ള ഇന്ത്യയിൽ ക്രിക്കറ്റ് സംപ്രേക്ഷണ ലേലത്തിനും ആ തീവ്രതയുണ്ട്. ലൈവ്സ്ട്രീമിംഗ് രാജ്യത്തെ 1.4 ബില്യൺ ആളുകളിലേക്ക് എത്തിച്ചേരാനുള്ള ഫലപ്രദമായ മാർഗമാണ്. ആളുകൾ അവരുടെ മൊബൈൽ ഡിവൈസുകളിൽ സ്പോർട്സ് കൂടുതലായി കാണുന്നു.വിലകുറഞ്ഞ സ്മാർട്ട്ഫോണുകളും ലോകത്തിലെ ഏറ്റവും കുറഞ്ഞ ഡാറ്റാ താരിഫുകളും കൊണ്ട് ഡിജിറ്റൽ റവല്യൂഷൻ സാധ്യമാക്കിയ രാജ്യമാണ് ഇന്ത്യ. ഏകദേശം 800 ദശലക്ഷം ഇന്ത്യക്കാർക്ക് അവരുടെ മൊബൈൽ ഡിവൈസുകളിൽ സിനിമകൾ കാണാനും സ്പോർട്സ് ലൈവ് സ്ട്രീം ചെയ്യാനും ഇന്റർനെറ്റ് ആക്സസ് ഉണ്ട്. ബ്രോഡ്കാസ്റ്റ് അവകാശങ്ങളും ഡിജിറ്റൽ സ്ട്രീമിംഗും വേർതിരിക്കുന്നത് പുതിയ ലേലക്കാർക്ക് മുന്നിൽ വാതിൽ തുറക്കുന്നു. ആമസോണും റിലയൻസും ശക്തമായി രംഗത്തുണ്ടെങ്കിലും വാൾട്ട് ഡിസ്നി കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്റ്റാർ ഇന്ത്യയും അതിന്റെ ഡിസ്നി ഹോട്ട്സ്റ്റാറും ഉൾപ്പെടെയുള്ള എതിരാളികളും പിന്നോട്ടില്ലെന്നാണ് റിപ്പോർട്ട്. സോണി പിക്ചേഴ്സും സീ എന്റർടൈൻമെന്റും സംയോജിപ്പിച്ച് പുതുതായി സൃഷ്ടിച്ച ഒരു മാധ്യമ ഭീമനും ഈ പോരാട്ടത്തിലെത്തിയാൽ വമ്പൻമാരുടെ കളി തുടങ്ങും. സ്ട്രീമിംഗ് അവകാശങ്ങൾ നേടുന്നത് ആമസോണിനായാലും റിലയൻസിനായാലും അഭിമാനകരമായ നേട്ടമായിരിക്കും.
10 ടീമുകളും 70-ലധികം മത്സരങ്ങളും ഉളള, ഇന്ത്യൻ പ്രീമിയർ ലീഗ്, ലോകത്ത് ഏറ്റവുമധികം ആളുകൾ വീക്ഷിക്കുന്ന കായിക ടൂർണമെന്റുകളിൽ ഒന്നാണ്. ഇന്ത്യയിൽ ഏകദേശം അര ബില്യൺ വരിക്കാരുള്ള റിലയൻസിന്റെ ജിയോ ടെലികോം സബ്സിഡിയറിക്കെതിരായ ലേലത്തിൽ ആമസോണിന് നേട്ടം കൊയ്യാനാകുമോ എന്നാണ് ഇൻഡസ്ട്രി ഉറ്റുനോക്കുന്നത്. അഞ്ച് വർഷത്തേക്ക്, എല്ലാ വർഷവും തുടർച്ചയായ ആറ് ആഴ്ചകൾ പ്രേക്ഷകരെ നൽകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വ്യൂവർഷിപ്പ് ഇവന്റ് ആരുനേടുമെന്ന് കാത്തിരുന്നു കാണാം. ലേലത്തിലെ വിജയം നിലവിലെ സാഹചര്യത്തിൽ മാനസികമായ ഒരു മത്സരവിജയം കൂടിയായിരിക്കും ശതകോടീശ്വരൻമാർക്ക് നൽകുന്നത്.