Sirona’s Menstrual Cups are Changing India- ഒരു ടൊയ്ലറ്റ് അനുഭവത്തിൽ പിറന്ന PeeBuddy Startup
ഒരു ടോയ്ലറ്റ് വിപ്ലവം തന്നെ സൃഷ്ടിച്ച ഒരു സ്റ്റാർട്ടപ്പിനെ ചാനൽ ഐ ആം ഇന്ന് അവതരിപ്പിക്കുകയാണ്.
അടിസ്ഥാന ശുചിത്വവുമായി ബന്ധപ്പെട്ട് സ്ത്രീകൾ നേരിടുന്ന നിരവധി മോശം അനുഭവങ്ങളാണ് ദീപ് ബജാജിനും മോഹിത് ബജാജിനും ഒരു സ്റ്റാർട്ടപ്പ് സ്ഥാപിക്കാനുളള പ്രേരണയായത്. ഡൽഹി ആസ്ഥാനമായി 2015-ലാണ് സിറോണ എന്ന പേരിൽ ഒരു സ്റ്റാർട്ടപ്പ് തുടങ്ങുന്നത്.
ടോയ്ലറ്റ് പ്രശ്നങ്ങൾ ഉൾപ്പെടെ, സ്ത്രീ ശുചിത്വവുമായി ബന്ധപ്പെട്ട് അഡ്രസ് ചെയ്യാതെ കിടന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള ദൗത്യത്തിലാണ് ഈ സ്റ്റാർട്ടപ്പ്.
ഡീപ് ബജാജിന്റെ സംരംഭകത്വ യാത്ര വ്യത്യസ്തമായിരുന്നു. ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മാനേജ്മെന്റ് പഠനശേഷം, അവിടെ തന്നെ ജോലിക്കുളള സാധ്യതകളുണ്ടായിരുന്നെങ്കിലും അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. തുടക്കത്തിൽ ഇവന്റ് മാനേജ്മെന്റ് കമ്പനിയിലും ഹെൽത്ത് കെയർ സ്റ്റാർട്ടപ്പിലുമാണ് പ്രവർത്തിച്ചത്. 2013-ൽ ഭാര്യ റാഷിയ്ക്കൊപ്പമുളള ഒരു യാത്രയിലാണ് പീബഡ്ഡിയെക്കുറിച്ചുള്ള ആശയം ദീപിന്റെ തലയിലുദിക്കുന്നത്. ഡൽഹി- ജയ്പൂർ യാത്രയിൽ ഓരോ ഇടത്തുമുളള ടോയ്ലറ്റുകൾ വൃത്തിഹീനമാണെന്ന് അവർ തിരിച്ചറിഞ്ഞു. പിന്നീട്, റാഷി ഗർഭിണിയായപ്പോൾ ഇന്ത്യൻ ടോയ്ലെറ്റുകൾ ഉപയോഗിക്കേണ്ടി വരുമ്പോൾ ഓരോ തവണയും മുകളിലേക്കും താഴേക്കും വളയുന്നത് പ്രശ്നകരമാണെന്ന് മനസ്സിലാക്കി. ഇതോടെ യൂറിനേഷൻ ഉപകരണങ്ങളെ കുറിച്ച് ആഴത്തിൽ ഗവേഷണം നടത്തുകയും മനസിലാക്കുകയും ചെയ്തു. പിന്നീട്, സഹോദരൻ മോഹിത് ബജാജുമൊത്ത് ദീപ് ഇതിനായൊരു ഡിസൈൻ സൃഷ്ടിച്ചു. 2015ൽ ഡിസൈന് പേറ്റന്റ് എടുക്കുകയും 2015 ജൂലൈ മാസത്തിൽ പീ ബഡ്ഡി എന്ന കമ്പനി രൂപീകരിക്കുകയും ചെയ്തു. സിറോണ പെയിൻ റിലീഫ് പാച്ചുകൾ, സിറോണ മെൻസ്ട്രൽ കപ്പുകൾ, പീബഡ്ഡി ടോയ്ലറ്റ് സീറ്റ് കവറുകൾ തുടങ്ങി നിരവധി ആർത്തവ ശുചിത്വ പ്രോഡക്റ്റുകൾ സിറോണയുടേതായുണ്ട്. വൃത്തിഹീനമായ ടോയ്ലറ്റ് സീറ്റുകളിലിരിക്കാതെ സ്ത്രീകൾക്ക് നിന്ന് കൊണ്ട് യൂറിനേഷൻ സാധ്യമാകുന്ന വിധത്തിലുള്ള ഫണലോടുകൂടിയ ഫീമേൽ യൂറിനേഷൻ ഡിവൈസ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചതും സിറോണ ഹൈജീൻ ആണ്. ഇതിൽ 2 മില്ല്യൺ യൂറിനേഷൻ ഡിവൈസുകൾ ഇതിനോടകം തന്നെ വിറ്റുകഴിഞ്ഞിട്ടുണ്ട്.
ദുർഗന്ധരഹിതവും അണുവിമുക്തവുമായ ടോയ്ലറ്റ് അനുഭവം നൽകാനായി പീ ബഡ്ഡി എന്ന പേരിൽ ഒരു ബിഫോർ ആന്റ് ആഫ്റ്റർ സ്പ്രേയും അവതരിപ്പിച്ചിട്ടുണ്ട് സിറോണ. ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ ടോയ്ലറ്റ് ഡിയോഡറൈസറും അണുനാശിനിയുമാണ് ഇതന്ന് കമ്പനി അവകാശപ്പെടുന്നു. പീ ബഡ്ഡി സ്പ്രേ തളിക്കുമ്പോൾ, അത് വെള്ളത്തിൽ ഒരു പാളിയായി രൂപം കൊള്ളുന്നു, ഇത് ദുർഗന്ധം ഉണ്ടാകുന്നത് തടയുന്നു. മാത്രമല്ല, ഇത് 99 ശതമാനം രോഗാണുക്കളെയും നശിപ്പിച്ചുകൊണ്ട് ടോയ്ലറ്റ് സീറ്റിനെ അണുവിമുക്തമാക്കുകയും ചെയ്യുന്നു.വീടിനകത്തും പൊതുടോയ്ലറ്റുകളിലും ഒരുപോലെ ഉപയോഗപ്രദമാകുന്ന ഉൽപ്പന്നമാണ് എന്നതാണ് പീ ബഡ്ഡിസ്പ്രേയുടെ ഏറ്റവും വലിയ പ്രത്യേകത.ടോയ്ലറ്റ് ഉപയോഗത്തിന് മുൻപും ശേഷവുമുള്ള ശുചിത്വപ്രശ്നങ്ങൾക്ക് ഒരു 2 ഇൻ വൺ പരിഹാരമാണ് പീ ബഡ്ഡി ലക്ഷ്യമിടുന്നത്. മികച്ച ആശയങ്ങൾ ഉരുത്തിരിയുന്ന പ്രധാന ഇടങ്ങളിലൊന്നാണ് ടോയ്ലെറ്റ്. വൃത്തിയുളള ടോയ്ലെറ്റിൽ ഒരാൾക്ക് വ്യക്തമായും ക്രിയാത്മകമായും ചിന്തിക്കാൻ കഴിയുമെന്നുമാണ് ദീപ് ബജാജ് സാക്ഷ്യപ്പെടുത്തുന്നത്.
സ്വന്തം അമ്മയും ഭാര്യയുമടക്കമുളളവരുടെ പ്രശ്നങ്ങൾക്കുളള പരിഹാരമാണ് കണ്ടെത്തിയതെന്ന് ദീപ് ബജാജ് പറയുന്നു. ടോയ്ലെറ്റുകളിൽ നിന്നുളള അണുബാധ ഭയന്നാണ് സ്ത്രീകൾ യാത്രാവേളകളിൽ പൊതു ടോയ്ലെറ്റ് ഉപയോഗിക്കാത്തത്. ഇത് നിരവധി രോഗങ്ങൾക്കും ഇടയാക്കുന്നുണ്ട്. അതിനൊരു പ്രതിവിധിയാണ് Pee Buddy നൽകിയത്. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങൾ ഒരു സ്ത്രീയാകേണ്ടതില്ലെന്ന് ദീപ് ബജാജ് പീ ബഡ്ഡിയിലൂടെ പറഞ്ഞു വയ്ക്കുന്നു. ഇന്ത്യയിലെ സ്ത്രീകളെ നിന്നുകൊണ്ട് മൂത്രമൊഴിക്കാൻ പ്രാപ്തരാക്കിയ ആദ്യ ഉപകരണമെന്ന് ദീപ് ബജാജും മോഹിത് ബജാജും അവകാശപ്പെടുന്നതും അതുകൊണ്ടാണ്.