ശതകോടീശ്വരൻമാരിൽ മുമ്പൻ മസ്ക്; ഇന്ത്യയിൽ Mukesh Ambani; മലയാളികളിൽ M. A. Yusuff Ali

മസ്ക് ലോകത്ത്,അംബാനി ഇന്ത്യയിൽ

ഫോർബ്സ് 2022-ലെ ലോക ശതകോടീശ്വരന്മാരുടെ പട്ടിക പുറത്ത് വിട്ടപ്പോൾ ലോകത്ത് മൊത്തമുളളത് 2,668 ശതകോടീശ്വരൻമാർ. 236 പേരാണ് ശതകോടീശ്വരപട്ടികയിലെ പുതുമുഖങ്ങൾ. ലോകത്തെ ശതകോടീശ്വരന്മാരുടെ 36-ാം വാർഷിക റാങ്കിംഗിൽ സ്പേസ് എക്സ്, ടെസ്ല സിഇഒ എലോൺ മസ്ക് തന്നെയാണ് ഈ വർഷം ഒന്നാം സ്ഥാനത്തുളളത്. 21,900 കോടി ഡോളറാണ് ആസ്തി. ആമസോണിന്റെ ജെഫ് ബെസോസ് 17,100 കോടിയുമായി രണ്ടാം സ്ഥാനത്തുണ്ട്. സമ്പന്നരുടെ പട്ടികയിൽ, ഇന്ത്യൻ ശതകോടീശ്വരന്മാരുടെ എണ്ണം 140-ൽ നിന്ന് 166 ആയി വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി മുകേഷ് അംബാനി തന്നെയാണ്. 9,070 കോടി ഡോളർ ആസ്തിയുള്ള ഇദ്ദേഹം ലോക സമ്പന്നരുടെ പട്ടികയിൽ പത്താം സ്ഥാനത്താണ്. 9,000 കോടി ബില്യൺ ഡോളറുമായി ഗൗതം അദാനിയാണ് ഇന്ത്യയിൽ നിന്ന് രണ്ടാം സ്ഥാനത്ത്.ഇന്ത്യയിലെ ശതകോടീശ്വരൻമാരിൽ എച്ച്സിഎൽ ഫൗണ്ടർ ശിവ് നാടാർ 2,870 കോടി ഡോളറിൻെറ ആസ്തിയുമായി മൂന്നാം സ്ഥാനത്തുണ്ട്. വാക്സിൻ കിംഗ് എന്നറിയപ്പെടുന്ന സൈറസ് പൂനവാല 2,430 കോടി ഡോളർ ആസ്തിയുമായി നാലാം സ്ഥാനത്തുണ്ട്. 2022 മാർച്ച് 11 മുതൽ ഇവരുടെ കൈവശമുള്ള ഓഹരികളുടെ മൂല്യവും ഡോളര്‍ വിനിമയ നിരക്കും കണക്കാക്കിയാണ് ആസ്തിയുടെ മൊത്തം മൂല്യം നിർണയിച്ചിരിക്കുന്നത്.
മലയാളികളിൽ മുൻപിൽ യൂസഫലി

ഫോർബ്സ് പട്ടികയിൽ മലയാളികളായ അതിസമ്പന്നരിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് ഒന്നാമത്. പട്ടികയിൽ 490-ാം സ്ഥാനത്തുള്ള യൂസഫലിക്ക് 540 കോടി ഡോളറിന്റെ ആസ്തിയാണുള്ളത്. ഇൻഫോസിസിന്റെ എസ്.ഗോപാലകൃഷ്ണൻ-410 കോടി, ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രൻ- 360 കോടി, ആർപി ഗ്രൂപ്പിന്റെ രവി പിള്ള -260 കോടി എന്നിവരാണ് മലയാളികളായ അതിസമ്പന്നർ. ജോയ് ആലുക്കാസ് ഗ്രൂപ്പിന് 190 കോടിയാണ് ആസ്തി.
യുദ്ധവും പാൻഡമികും സമ്പത്തിൽ ഇടിവുണ്ടാക്കി



യുദ്ധം, പാൻഡെമിക്, മന്ദഗതിയിലുള്ള വിപണികൾ എന്നിവ അതിസമ്പന്നരെ ബാധിച്ചുവെന്ന് ഫോർബ്സ് പറയുന്നു. ലോകത്തെ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്തും 40,000 കോടി ഡോളർ കുറഞ്ഞ് 12.7 ലക്ഷം കോടി ഡോളറായി. ഒരു വർഷം മുമ്പുള്ളതിനേക്കാൾ ലിസ്റ്റിൽ 87 പേർ കുറഞ്ഞിട്ടുണ്ട്.ഫോബ്സിൻെറ കണക്കനുസരിച്ച്, 1,000-ത്തിലധികം ശതകോടീശ്വരന്മാർ കൂടുതൽ സമ്പന്നരായി. അമേരിക്ക 735 ശതകോടീശ്വരന്മാരുമായി മുന്നിലുണ്ട്. റഷ്യയും ചൈനയും ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തി. വ്ളാഡിമിർ പുടിന്റെ ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 34 ശതകോടീശ്വരന്മാരും ടെക് കമ്പനികൾക്കെതിരെ സർക്കാർ നടത്തിയ അടിച്ചമർത്തലിനെ തുടർന്ന് 87 ചൈനീസ് ശതകോടീശ്വരന്മാരും കുറഞ്ഞതായി ഫോർബ്സ് പറയുന്നു.