10,000 രൂപ കടമെടുത്ത് തുടങ്ങിയ സംരംഭം; ഇന്ത്യയിലെ നമ്പർവൺ ബ്രാൻഡുകളിൽ ഒന്നായ Mufti

10,000 രൂപ കടമെടുത്ത് തുടങ്ങിയ സംരംഭം പിന്നീട് ഇന്ത്യയിലെ നമ്പർവൺ ബ്രാൻഡുകളിൽ ഒന്നായി മാറി. 400 കോടിയിലധികം ടേൺ ഓവർ നേടി.

പറയുന്നത് പുരുഷ വസ്ത്രസങ്കല്പങ്ങളെ മാറ്റിയെഴുതിയ ഡെനിം ബ്രാൻഡ് Mufti യെ കുറിച്ചാണ്. ഫാഷൻ സങ്കല്പങ്ങളിൽ പൊതുവേ സ്ത്രീ പ്രാമുഖ്യം മുന്നിട്ട് നിൽക്കുമ്പോൾ തനി ഇന്ത്യൻ ബ്രാൻഡ് പുരുഷൻമാർക്കുവേണ്ടി സ്ഥാപിക്കുകയാണ് Kamal Khushlani ചെയ്തത്.

ഫാഷൻ റീട്ടെയിൽ ബിസിനസിൽ കമലിന് എന്നും താൽപ്പര്യമുണ്ടായിരുന്നു. എന്നാൽ മിഡിൽ ക്ലാസ് കുടുംബ പശ്ചാത്തലവും, പിതാവിന്റെ മരണവും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ മറ്റൊരു ജോലി തേടാൻ പ്രേരിപ്പിച്ചു. ഒരു വീഡിയോ കാസറ്റ് കമ്പനിയിൽ ജോലി ചെയ്ത കമൽ അപ്പോഴും തന്റെ സ്വപ്നങ്ങളിലേക്കെത്താനുളള മൂലധനത്തിന്റെ അന്വേഷണത്തിലായിരുന്നു. ഒടുവിൽ തന്റെ സ്വപ്‌നം കെട്ടിപ്പടുക്കാൻ, അമ്മായിയിൽ നിന്ന് 10,000 രൂപ കടം വാങ്ങി, തന്റെ സംരംഭകത്വ യാത്രയ്ക്ക് തുടക്കമിട്ടു. 1992-ൽ ‘Mr & Mr’ എന്ന ഷർട്ട് കമ്പനി ആരംഭിച്ചു. താരതമ്യേന അവികസിതമായിരുന്ന പുരുഷ വസ്ത്ര വിപണിയിൽ പുരുഷന്മാർക്കുളള ഷർട്ടുകൾ നിർമ്മിക്കുകയും റീട്ടെയിൽ ചെയ്യുകയും ചെയ്തു. കച്ചവടം നന്നായി നടന്നു. പക്ഷേ, വലിയ സാധ്യതകൾ ഉള്ള ഒരു വ്യവസായത്തിൽ തന്റെ ബിസിനസ്സ് കഴിവുകൾ പരമാവധി ഉപയോഗിക്കുന്നില്ലെന്ന് കമലിന് തോന്നി.യൂണിവേഴ്സിറ്റി ബിരുദങ്ങളൊന്നും ഫാഷൻ ഡിസൈനിംഗിൽ കമൽ നേടിയിട്ടില്ല. സ്വയം ആർജ്ജിത ഡിസൈനറായ കമലിന് ഇന്ത്യയിലെ സംസ്കാരത്തിന്റെ പിൻബലത്തിൽ ഒരു ഫാഷൻ തരംഗം സൃഷ്ടിക്കാനാകുമെന്ന് ഉറപ്പായിരുന്നു. ലോകമെമ്പാടും തന്റെ ബ്രാൻഡ് സ്വീകരിക്കുമെന്നും ഉറച്ച വിശ്വാസമുണ്ടായിരുന്നു. ഈ കാഴ്ചപ്പാടോടെ അദ്ദേഹം 1998 ൽ Mufti ആരംഭിച്ചു.
കാഷ്വൽ ഡ്രസ്സിംഗ് എന്നർത്ഥം വരുന്ന ഒരു ഹിന്ദി പദമാണ് Mufti.അക്കാലത്ത് മറ്റ് ബ്രാൻഡുകൾ വിറ്റഴിച്ചതിൽ നിന്ന് വളരെ വ്യത്യസ്തമായ വസ്ത്രങ്ങൾ കമ്പനി നിർമ്മിച്ചതിനാലാണ് താൻ ഈ പേര് തിരഞ്ഞെടുത്തതെന്ന് കമൽ പറയുന്നു.

ജീൻസിൽ ബൂട്ട്കട്ട് മുതൽ ബെൽബോട്ടം വരെ വിവിധ ശൈലികൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, അന്ന് എല്ലാ ബ്രാൻഡുകളും ഏതാണ്ട് ഒരേ നിലവാരത്തിൽ സമാനമായ പാറ്റേൺ വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യൻ പുരുഷന്മാർക്ക് പുരോഗമനപരമായ ഒരു ഉൽപ്പന്നം നൽകാൻ ആഗ്രഹിച്ചു വെന്ന് കമൽ പറയുന്നു. ഒറ്റയ്ക്കൊരു പ്രസ്ഥാനമായാണ് കമൽ Mufti തുടങ്ങിയത്. കിലോക്കണക്കിന് തുണികൾ ബൈക്കിൽ കയറ്റി സ്റ്റിച്ചിംഗ് യൂണിറ്റിൽ ഇറക്കും. വിൽപനയ്ക്കുള്ള ഫിനിഷ്ഡ് പ്രൊഡക്ടുകൾ തിരികെ ബൈക്കിൽ തന്നെ കൊണ്ടുവരും. തുടക്കക്കാലത്ത് ഓഫീസില്ല, സ്റ്റാഫില്ല, പ്യൂൺ മുതൽ പ്രൊപ്രൈറ്റർ വരെ എല്ലാം കമൽ തന്നെ. വീട്ടിലെ ഡൈനിംഗ് ടേബിളിന് താഴെയുള്ള സ്ഥലമായിരുന്നു വെയർഹൗസ്.
പിന്നീട്, 2000-ത്തിൽ Mufti പ്രാധാന്യം നേടി. എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലെറ്റുകളിൽ നിന്ന് വലിയ മൾട്ടി-ബ്രാൻഡ് ഔട്ട്‌ലെറ്റുകളിലേക്കെത്തി. ഉപഭോക്താക്കളുടെ സ്‌നേഹവും സ്വീകാര്യതയുമാണ് ബ്രാൻഡിന്റെ വിപുലീകരണത്തിന് കാരണമെന്ന് കമൽ പറയുന്നു.മറ്റ് ഇന്ത്യൻ ബ്രാൻഡുകളിൽ നിന്ന് വ്യത്യസ്തരാകുന്നതിന് പുതിയ ശൈലി, ഫിറ്റ്, കട്ട്, കംഫർട്ട് എന്നിവ ബ്രാൻഡ് പിന്തുടർന്നു. പുരുഷന്മാർക്കായി സ്ട്രെച്ച് ജീൻസ് ആദ്യമായി അവതരിപ്പിച്ച ബ്രാൻഡുകളിലൊന്നാണ് Muftiയെന്ന് കമൽ അവകാശപ്പെടുന്നു. Arvind mills, KG denim, NSL, Mafatlal എന്നിവയുൾപ്പെടെയുള്ള വിവിധ ഇന്ത്യൻ മില്ലുകളിൽ നിന്നാണ് Mufti അതിന്റെ അസംസ്‌കൃത വസ്തുക്കൾ ശേഖരിക്കുന്നത്. ബട്ടണുകളും മറ്റ് ആക്‌സസറികളും ഇന്ത്യയിൽ നിന്നുമാണ് ശേഖരിക്കുന്നത്. ലുധിയാന, ബെംഗളൂരു, തിരുപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലെ തേർഡ് പാർട്ടി മാനുഫാക്‌ചറിംഗ് യൂണിറ്റുകളിലാണ് നിർമാണം.

കമ്പനിക്ക് നേരിട്ട് 600-ലധികം ജോലിക്കാരുണ്ട്. പരോക്ഷമായി 2000-ലധികം ആളുകൾക്ക് തൊഴിൽ നൽകുന്നു. ജീൻസ്, ട്രൗസർ, ഷോർട്ട്‌സ്, അത്‌ലീഷർ, ജാക്കറ്റുകൾ, ടീ-ഷർട്ടുകൾ എന്നിവയും അതിലേറെയും ഉൾപ്പെടെ എല്ലാ സീസണിലും 500-ലധികം ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണി നിർമ്മിക്കുന്നു. ഫാഷൻ റീട്ടെയിൽ മേഖലയിൽ Mufti വ്യക്തിമുദ്ര പതിപ്പിച്ചിട്ട് 20 വർഷത്തിലേറെയായി. ഇടയ്ക്ക് സ്ത്രീകൾക്കായും ജീൻസ് അവതരിപ്പിച്ചെങ്കിലും അത് വിപണിയിൽ ക്ലിക്കായില്ല. നിലവിൽ 300 എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ, 1200 മൾട്ടി-ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ, 110 ലാർജ് ഫോർമാറ്റ് സ്റ്റോറുകൾ എന്നിവയിലൂടെ റീട്ടെയിൽ ചെയ്യുന്നു. സ്വന്തം വെബ്‌സൈറ്റ് കൂടാതെ, എല്ലാ പ്രധാന ഇ-കൊമേഴ്‌സ് പോർട്ടലുകളിലും ബ്രാൻഡ് ഉണ്ട്. 2017-ൽ ഫുട് വെയർ വിപണിയിലും Mufti കാലെടുത്തു വച്ചു. രാജ്യവ്യാപകമായി 100ഓളം മെൻസ് ഷൂ സ്റ്റോറുകളാണ് ബ്രാൻഡിനുളളത്. ഭാവി സാധ്യതകളെക്കുറിച്ച് പറയുമ്പോൾ, ബ്രാൻഡ് നിലവിൽ തങ്ങളുടെ ശേഖരത്തിലെ പുതിയ ട്രെൻഡുകൾ സമന്വയിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. രാജ്യത്തിന്റെ മുക്കിലും മൂലയിലും വ്യാപിച്ചുകൊണ്ട് ഇന്ത്യൻ വിപണിയിൽ കൂടുതൽ കാലുറപ്പിക്കാൻ പദ്ധതിയിടുകയാണെന്നു കമൽ പറയുന്നു.

ബ്രാൻഡുകൾ വൻമരങ്ങളായി വളരുമ്പോൾ പലപ്പോഴും വിസ്മരിക്കപ്പെട്ട് പോകുന്നത് അതിന് പിന്നിലെ പ്രയത്നവും ചരിത്രവുമാണ്. Mufti അത്തരമൊരു ബ്രാൻഡാണ്. കടംവാങ്ങിയ പണത്തിൽ നിന്നും കോടികളുടെ വ്യാപാര സാമ്രാജ്യവും ബ്രാൻഡ് നെയിമും സൃഷ്ടിച്ച കമ്പനി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version