പണമെറിഞ്ഞ് പണം വാരുന്ന തന്ത്രം: Warren Buffett ഈ പ്രായത്തിലും നിക്ഷേപകനാണ്
പണമെറിഞ്ഞ് പണം വാരാൻ ഓഹരിവിപണിയിലേക്കിറങ്ങുന്ന നിക്ഷേപകർക്കുളള പാഠപുസ്തകമാണ് Warren Buffett. Oracle of Omaha എന്ന വിശേഷണമുളള ബഫറ്റ് അമേരിക്കൻ ബിസിനസ്സിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളാണ്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്റ്റോക്കുകൾ തിരഞ്ഞെടുക്കുന്നതിൽ ബഫറ്റ് അസാധാരണമാംവിധം മിടുക്കനാണ്. 30 വയസ്സാകുമ്പോഴേക്കും കോടീശ്വരനാകുമെന്നും അല്ലെങ്കിൽ ഒമാഹയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിൽ നിന്ന് ചാടുമെന്നും ഒരു സുഹൃത്തിനോട് വാറൻ പ്രഖ്യാപിച്ചത് 1943ലാണ്. ഇന്നിതാ 92 ആം വയസ്സിലേക്ക് എത്തി നിൽക്കുമ്പോഴും 129 ബില്യൺ ഡോളറിലധികം ആസ്തിയുള്ള ഈ കോടീശ്വരൻ തന്റെ ഭാവിയിലേക്ക് നിക്ഷേപം തുടരുകയാണ്.
ആഗോളതലത്തിൽ തന്നെ ഏറ്റവും സക്സസ്ഫുൾ ആയ ഇൻവെസ്റ്റർ എന്ന് പേരെടുത്ത വാറൻ എഡ്വേർഡ് ബഫറ്റ്, ലോകത്തിലെ അഞ്ചാമത്തെ ശതകോടീശ്വരനാണ് . 6 വയസ്സുള്ളപ്പോൾ, ബഫറ്റ് അയൽപക്കത്തുള്ള ആളുകൾക്ക് ച്യൂയിംഗ് ഗം വിറ്റു – ജ്യൂസി ഫ്രൂട്ട്, സ്പിയർമിന്റ്, ഡബിൾമിന്റ് എന്നിവക്കൊപ്പം വേനൽക്കാലത്ത് കൊക്കകോള കുപ്പികളും വീടുതോറും വിറ്റു. 11 വയസ്സുള്ളപ്പോൾ, വാറൻ തന്റെ ആദ്യത്തെ സ്റ്റോക്ക് വാങ്ങി. സിറ്റി സർവീസിന്റെ ആറ് ഓഹരികൾ മൂന്ന് ഓഹരികൾ തനിക്കും മൂന്ന് ഓഹരികൾ സഹോദരിക്കുമായി വാങ്ങി. ഓരോ ഓഹരിക്കും 38 ഡോളർ ചിലവായി. കുടുംബം വാഷിംഗ്ടൺ ഡി.സി.യിലേക്ക് താമസം മാറിയതിന് ശേഷം, 13 വയസ്സുള്ള ബഫറ്റ്, വാഷിംഗ്ടൺ പോസ്റ്റ് പത്ര വിതരക്കാരനായി. 15 വയസ്സുള്ളപ്പോൾ പത്രവിതരണത്തിലൂടെ നേടിയ തന്റെ സമ്പാദ്യത്തിൽ നിന്ന് 1,200 ഡോളർ 40 ഏക്കർ വരുന്ന നെബ്രാസ്ക ഫാമിൽ ബഫറ്റ് നിക്ഷേപിച്ചു.കൂടാതെ ഒരു സുഹൃത്തുമായി ഒരു ബിസിനസ്സ് സംരംഭത്തിലും പങ്കാളിയായി. ബഫറ്റിന്റെ സംരംഭകത്വ ബാല്യകാലം അദ്ദേഹത്തിന് 20 വയസ്സ് തികയുന്നതിന് മുമ്പ് തന്നെ അന്ന് ഏകദേശം 5,000 ഡോളർ സമ്പാദ്യമായി നേടിക്കൊടുത്തു. നെബ്രാസ്ക യൂണിവേഴ്സിറ്റിയിൽ നിന്നും കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നുമുളള ബിരുദ ബിരുദാനന്തര വിജയങ്ങളായിരുന്നു ബഫറ്റിലെ നിക്ഷേപകന്റെ മറ്റൊരു കൈമുതൽ. പ്രശസ്ത നിക്ഷേപകനായ ബെഞ്ചമിൻ ഗ്രഹാമിന്റെ ക്ലാസുകൾ യുവാവായ ബഫറ്റിന്റെ നിക്ഷേപ തന്ത്രങ്ങളെ വളരെയധികം സ്വാധീനിച്ചിരുന്നു.
1956-ൽ ബഫറ്റ് പാർട്ണർഷിപ്പ് എന്ന പേരിൽ സ്വന്തം നിക്ഷേപ കമ്പനി ആരംഭിച്ചു. ഏഴ് നിക്ഷേപ പങ്കാളികളിൽ നിന്ന് മൊത്തം 105,000 ഡോളർ സമാഹരിച്ചു കൊണ്ടാണ് കമ്പനി ആരംഭിച്ചത്.1962 ആയപ്പോഴേക്കും ഒരു മില്യൺ ഡോളറിലധികം വിലമതിക്കുന്നതായിരുന്നു ബഫറ്റിന്റെ സ്വന്തം ഓഹരികൾ. 1962-ൽ ബഫറ്റ് ആദ്യമായി ന്യൂ ഇംഗ്ലണ്ട് ടെക്സ്റ്റൈൽ നിർമ്മാണ സ്ഥാപനമായ, ബെർക്ക്ഷെയർ ഹാത്വേയിൽ നിക്ഷേപിച്ചു. ഒരു വർഷത്തിനുള്ളിൽ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമയായി. 1965-ൽ, ബെർക്ഷെയർ ഹാത്ത്വേയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ബഫറ്റിന്റെ നേതൃത്വത്തിൽ, ബെർക്ഷയർ ഹാത്ത്വേ, ഒരു തുണി നിർമ്മാണ സ്ഥാപനം എന്നതിലുപരിയായി ഒരു മൾട്ടി ബില്യൺ ഡോളർ ഹോൾഡിംഗ് കമ്പനിയായി മാറി. 1983-ൽ ബെർക്ക്ഷെയർ ഹാത്വേയുടെ ഓഹരികൾ ഓരോ ഷെയറിനും 1,000 ഡോളർ എന്ന നാഴികക്കല്ല് പിന്നിട്ടു. 2006 ആയപ്പോഴേക്കും ബഫറ്റ് ബെർക്ക്ഷെയർ ഹാത്വേയെ ഒരു ഷെയറിന് 100,000 ഡോളറിലധികം മൂല്യമുള്ള ഒരു ഭീമൻ കമ്പനിയായി വളർത്തി. പിന്നീട് ശതകോടികളുടെ ഹോൾഡിംഗ് കമ്പനിയായി മാറ്റിയെങ്കിലും,താൻ ഇതുവരെ വാങ്ങിയതിൽ “മണ്ടൻ” സ്റ്റോക്ക് എന്നാണ് 2010-ൽ ബഫറ്റ് ബെർക്ക്ഷയർ ഹാത്വേയെ വിശേഷിപ്പിച്ചത്. ഇൻഷുറർ Geico, ബാറ്ററി മേക്കർ Duracell റെസ്റ്റോറന്റ് ശൃംഖല Dairy Queen തുടങ്ങി 60 ഓളം കമ്പനികളാണ് ഇന്ന് ഹോൾഡിംഗ് കമ്പനിക്ക് കീഴിലുളളത്. ഏഴ് പതിറ്റാണ്ടുകളായി നീണ്ടുനിൽക്കുന്ന കരിയറിൽ തന്റെ സമ്പത്തിന്റെ 85% ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനു വേണ്ടി വാഗ്ദാനം ചെയ്ത് മുഴുവൻ സമ്പത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് ബഫറ്റ് പറഞ്ഞു കഴിഞ്ഞു. 2006 മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകിയിട്ടും, ബഫറ്റിന്റെ ആസ്തി മൊത്തത്തിൽ കുതിച്ചുയരുന്നു.1958-ൽ വെറും 31,500 ഡോളറിന് വാങ്ങിയ ഒമാഹയിലെ അതേ വീട്ടിൽ തന്നെയാണ് അദ്ദേഹം ഇപ്പോഴും താമസിക്കുന്നത്. ഹ്രസ്വകാല നേട്ടങ്ങളേക്കാൾ ദീർഘകാല മൂല്യം ലക്ഷ്യമിടുന്ന നിക്ഷേപത്തിലെ യാഥാസ്ഥിതിക സമീപനത്തിലൂടെ ബഫറ്റ് തന്റെ ജീവിതം മികച്ചതാക്കുന്നു.
തുടക്കത്തിൽ പറഞ്ഞത് പോലെ വാറൻ ബഫറ്റ് ഒരു ദിവസം മുഴുവൻ പറഞ്ഞാലും തീരാത്ത ഒരു പുസ്തകമാണ്. ബഫറ്റിന്റെ നിക്ഷേപചരിത്രം നീണ്ടു നീണ്ടു പോകുന്നു. 92ആം വയസ്സിലും ആക്ടീവ് ഇൻവെസ്റ്ററായ ബഫറ്റിന്റെ കഥകളും ഇൻവെസ്റ്റ്മെന്റ് ഫിലോസഫിയും ഇനിയും പറയാനുണ്ടാകും. അത് മറ്റൊരിക്കലാകാം.