രണ്ട് തവണ മരണം അടുത്തു, Gautam Adani കണ്ണഞ്ചിപ്പിക്കും വേഗത്തിൽ വളർന്നതെങ്ങനെ?

ബിസിനസിലെ വളർച്ചയും തളർച്ചയും അപ്രതീക്ഷിതവും ആകസ്മികവുമാണ്. ഇന്ത്യയിലെ നവയുഗ ശതകോടീശ്വരൻ ഗൗതം അദാനിയുടെ ഉയർച്ചയും വളർച്ചയും കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു. 1988-ൽ മാത്രം തന്റെ ബിസിനസ് സാമ്രാജ്യത്തിന് അടിത്തറയിട്ട അദാനിയുടെ വ്യക്തിജീവിതത്തിലും ബിസിനസ് ജീവിതത്തിലും ത്രില്ലിംഗും എക്സൈറ്റിംഗുമായ ചില കഥകളുമുണ്ട്. നിങ്ങൾക്കറിയാമോ ഇന്ത്യയെ ഒന്നാകെ നടുക്കിയ 2008ലെ മുംബൈ ഭീകരാക്രമണത്തിൽ നിന്നും ഒരു തട്ടിക്കൊണ്ടുപോകലിൽ നിന്നും അവിശ്വസനീയമായി രക്ഷപ്പെട്ടയാളാണ് ഗൗതം അദാനി. ഗൗതം അദാനിയുടെ വളർച്ചയുടെ പടവുകളിലെ ചില അറിയാക്കഥകൾ കേൾക്കാം.

1980-കളുടെ തുടക്കത്തിൽ, ഇന്നത്തെ അദാനി ഗ്രൂപ്പ് സ്ഥാപിക്കുന്നതിനും മുൻപ് കോളേജ് പഠനം ഉപേക്ഷിച്ച് ഗൗതം അദാനി മുംബൈയിലെ ഡയമണ്ട് സെക്ടറിൽ ഭാഗ്യം പരീക്ഷണത്തിനിറങ്ങിയിരുന്നു. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിയുന്ന ഡയമണ്ട് ബിസിനസ് പച്ച പിടിക്കാത്തതിനെ തുടർന്ന് സഹോദരനെ പ്ലാസ്റ്റിക് ബിസിനസിൽ സഹായിക്കുന്നതിനായി അദ്ദേഹം വൈകാതെ ഗുജറാത്തിലേക്ക് തന്നെ മടങ്ങി. 1988-ലാണ് അദാനി എക്‌സ്‌പോർട്‌സ് എന്ന ചരക്ക് വ്യാപാര കമ്പനി സ്ഥാപിച്ചത്. ആ ബിസിനസ് വിജയകരമായി വളർന്നു. 1990-കളുടെ മധ്യത്തോടെ, അദ്ദേഹത്തിന്റെ വാണിജ്യ വിജയങ്ങൾ ശ്രദ്ധ ആകർഷിക്കാനും പത്രത്താളുകളിൽ ഇടം പിടിക്കാനും തുടങ്ങി. 1998 ലാണ് അദാനിയെ തട്ടിക്കൊണ്ടുപോകുന്നത്. സമ്പത്തും വിജയവും കൂടി വന്നതോടെ ക്രിമിനൽ സംഘങ്ങളുടെ ശ്രദ്ധയും അദാനിയിലേക്ക് വന്നു. 1998-ൽ കോർപ്പറേറ്റ് ഇന്ത്യയുടെ വളർന്നു വരുന്ന താരത്തെ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയി. 1.5 മില്യൺ ഡോളർ മോചനദ്രവ്യത്തിനായിട്ടായിരുന്നു തട്ടിക്കൊണ്ടുപോകൽ. 1998 ജനുവരി 1 ന് കർണാവതി ക്ലബ്ബിൽ നിന്ന് കാറിൽ പുറത്തേക്ക് വന്ന ഗൗതം അദാനിയെയും ശാന്തിലാൽ പട്ടേലിനെയും തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് അന്നത്തെ കുറ്റപത്രം പറയുന്നത്. ഒരു കൂട്ടം ആളുകൾ ഒരു വാനിൽ വന്ന് ഇരുവരെയും തട്ടിക്കൊണ്ടുപോയി. വിട്ടയക്കുന്നതിന് മുമ്പ് ഇവരെ കാറിൽ കയറ്റി അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയതായും ചാർജിംഗ് ഷീറ്റിൽ പറയുന്നു. അഹമ്മദാബാദിലെ ചില ക്രിമിനൽ സംഘങ്ങളായിരുന്നു തട്ടിക്കൊണ്ടുപോകലിന് പിന്നിൽ.
ഭയപ്പെടുത്തുന്ന ആ സംഭവം പരസ്യമായി ചർച്ച ചെയ്യാൻ അദാനി തയ്യാറായിട്ടില്ല. ഒരു അഭിമുഖത്തിൽ ഒരിക്കൽ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ശരിക്കും പ്രയാസകരമായ രണ്ടോ മൂന്നോ സംഭവങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചു, അതിലൊന്നാണ് ഇതെന്നാണ് അദാനി പ്രതികരിച്ചത്.

പിന്നീട് 2008, നവംബറിൽ 26-ന് മുംബൈയിലെ താജ് ഹോട്ടൽ തീവ്രവാദികൾ ആക്രമിക്കുമ്പോൾ, അദാനി ആ ഹോട്ടലിൽ അത്താഴം കഴിക്കുകയായിരുന്നു.160-ലധികം പേരെ ഭീകരർ കൊലപ്പെടുത്തിയ ആ കൂട്ടക്കുരുതിയിൽ ബേസ്‌മെന്റിൽ ഒളിച്ചാണ് അദാനി രക്ഷപ്പട്ടത്. രാത്രി മുഴുവൻ താജ് ഹോട്ടലിന്റെ ബേസ്‌മെന്റിലും തുടർന്ന് ഒരു ഹാളിലും ചെലവഴിച്ച അദാനിയെ വ്യാഴാഴ്ച രാവിലെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തെത്തിച്ചത്. ഹോട്ടലിന്റെ പിൻവാതിലിലൂടെ പുറത്തെടുത്ത ശേഷം പോലീസ് വാനിൽ കയറ്റി. നവംബർ 27 ന് തന്റെ സ്വകാര്യ വിമാനത്തിൽ അഹമ്മദാബാദ് വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം അദാനി പറഞ്ഞത്, ഞാൻ മരണം 15 അടി അകലെ കണ്ടുവെന്നാണ്.

ബിസിനസിലെ വെല്ലുവിളികളെ അതിജീവിക്കാൻ അദാനിക്ക് കരുത്തായത് ഒരുപക്ഷേ ഇത്തരത്തിലുളള ജീവിതസന്ദർഭങ്ങൾ നൽകിയ കരുത്തായിരിക്കണം. മരണവും തട്ടിക്കൊണ്ടുപോകലും അതിജീവിച്ച അദാനി സമകാലിക ഇന്ത്യയിലെ ബിസിനസ് രംഗത്ത് അതിശക്തനായത് പിന്നിടുളള ചരിത്രം. ഇന്നിപ്പോൾ ബിസിനസിൽ പുതിയ സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കാനും പുതിയ ചരിത്രം തീർക്കാനുമുളള പ്രയാണത്തിലാണ് ഗൗതം ശാന്തിലാൽ അദാനി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version