ബാങ്കുകളിലും എടിഎമ്മുകളിലും ഇനി കാർഡില്ലാതെ പണം പിൻവലിക്കാം
കാർഡ് സ്കിമ്മിംഗ്, കാർഡ് ക്ലോണിംഗ് ഇവ തടയാം
ഇന്ത്യയിലുടനീളമുള്ള ബാങ്കുകളിലും എടിഎമ്മുകളിലും കാർഡില്ലാതെ പണം പിൻവലിക്കാൻ കഴിയുന്ന സംവിധാനം അടുത്തിടെയാണ് RBI അവതരിപ്പിച്ചത്.നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച UPI അഥവാ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്
വഴിയാണ് ഉപയോക്താക്കൾക്ക് സേവനം ലഭ്യമാകുക. പണം പിൻവലിക്കുന്നത് എളുപ്പമാക്കുമെന്നത് മാത്രമല്ല ഇടപാടുകളിൽ ഫിസിക്കൽ കാർഡുകളുടെ അഭാവം കാർഡ് സ്കിമ്മിംഗ്, കാർഡ് ക്ലോണിംഗ് തുടങ്ങിയ സുരക്ഷാ ഭീഷണികളെ മറികടക്കാൻ ഒരു പരിധിവരെ സഹായിക്കുകയും ചെയ്യുമെന്ന് ആർബിഐ വിലയിരുത്തുന്നു.ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിലെ പ്രധാന തീരുമാനങ്ങളിലൊന്നായിരുന്നു ഇത്.
കാർഡില്ലാതെ പണം പിൻവലിക്കുന്നതെങ്ങനെ?
ഡെബിറ്റ്, ക്രഡിറ്റ് കാർഡുകളില്ലാതെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ കഴിയുന്ന സൗകര്യമാണ് കാർഡ്ലെസ്സ് ക്യാഷ് വിത്ത്ഡ്രോവൽ സിസ്റ്റം. യുപിഐ വഴി ഈ സംവിധാനം എങ്ങനെ പ്രവർത്തിക്കുമെന്ന് ആർബിഐ സൂചിപ്പിച്ചിട്ടില്ല. എന്നാൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് യുപിഐ പിൻ നമ്പർ നൽകിയ ശേഷം പണം പിൻവലിക്കാം.
സേവനം നൽകുന്ന ബാങ്കുകൾ
നിലവിൽ ICICI ബാങ്ക്,കൊടക് മഹീന്ദ്ര ബാങ്ക്, HDFC ബാങ്ക്, SBI തുടങ്ങിയവയാണ് എടിഎം കാർഡില്ലാതെ പണം പിൻവലിക്കാനാകുന്ന സേവനം ഉപയോക്താക്കൾക്ക് നൽകുന്നത്.ഡിജിറ്റൽ സാമ്പത്തിക സാക്ഷരതയുടെ വേഗത കൂട്ടുന്നതിനാണ് ആർബിഐയുടെ ശ്രമം. റീട്ടെയിൽ കസ്റ്റമേഴ്സിനടക്കം ഈ സൗകര്യം ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.നിലവിൽ, കാർഡില്ലാതെ പണം പിൻവലിക്കുന്നതിന് പ്രതിദിന ഇടപാട് പരിധി 10,000 മുതൽ 25,000 രൂപ വരെയാണ്.