മാറ്റത്തിന് ഒരുങ്ങി വാട്ട്സാപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പുകളും 4പുതിയ ഫീച്ചറുകളും
ഇന്ത്യൻ വിപണിയിലെ 400 മില്യണിലധികം വരുന്ന ഉപയോക്താക്കളുടെ മികച്ച പ്രതികരണം കണക്കിലെടുത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിടാൻ ഒരുങ്ങുകയാണ് മെറ്റാ ഉടമസ്ഥതയിലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ്. അധികം വൈകാതെ ഒരു കമ്മ്യൂണിറ്റി ഫീച്ചർ കൂടി ആപ്പിനു കീഴിൽ ഉൾക്കൊള്ളിക്കും.മാത്രമല്ല ആപ്പ് വഴിയുള്ള ഫയൽ ഷെയറിംഗ് പരിധി 100mb യിൽ നിന്ന് 2GB ആക്കി വർധിപ്പിക്കാനും ആലോചിക്കുന്നുണ്ട്.
വിവരങ്ങൾ ഒരു കുടക്കീഴിൽ
കമ്മ്യൂണിറ്റി ഫീച്ചർ വരുന്നതോടെ ഒരേ താൽപര്യങ്ങളുള്ള വ്യത്യസ്ത ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനാകും.
അങ്ങനെ വരുമ്പോൾ പൊതുവായ വിവരങ്ങൾ പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഇത്തരം ഗ്രൂപ്പുകളിലൂടെ വേഗത്തിൽ കൈമാറാനാകുമെന്നാണ് വാട്ട്സ്ആപ്പ് അവകാശപ്പെടുന്നത്.ഫീച്ചർ പ്രാവർത്തികമാക്കുന്നതിനൊപ്പം തന്നെ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള പ്രൈവസി,കൺസെന്റ്സംവിധാനങ്ങളും ഉറപ്പാക്കും.താൽപര്യമില്ലെങ്കിൽ കമ്മ്യൂണിറ്റി ഗ്രൂപ്പുകളെ ബ്ലോക്ക് ചെയ്യാനോ,റിപ്പോർട്ട് ചെയ്യാനോ അല്ലെങ്കിൽ അവയിൽ നിന്ന് ലെഫ്റ്റ് ചെയ്യാനോ ഉള്ള സ്വാതന്ത്ര്യം ഉപയോക്താവിനുണ്ടാകും. ഫോർവേഡുകളുടെ എണ്ണത്തിന് പരിധിയുണ്ടാകും.
വോയ്സ് കോളിൽ 32 പേർ
ഇവയൊന്നുമല്ലാതെ, ഉപയോക്താക്കളുടെ സൗകര്യത്തിനായി നിലവിലുള്ള വോയിസ് കോൾ സംവിധാനം വിപുലപ്പെടുത്താനും പദ്ധതിയുണ്ട്. അതുവഴി ഒരു വോയിസ് കോളിൽ തന്നെ 32 പേരെ ഉൾപ്പെടുത്താനാകും.അഡ്മിൻമാർക്ക് ഗ്രൂപ്പിലെ മെസേജുകൾ ഡിലീറ്റ് ചെയ്യാം. ഉപയോക്താക്കളുടെ പ്രതികരണം കണക്കിലെടുത്ത് പരസ്പരം ഇമോജികൾ കൈമാറാനുള്ള ഫീച്ചറും വാട്ട്സ് ആപ്പ് ഇപ്പോൾ നൽകുന്നുണ്ട്.പുതിയ ഫീച്ചറുകളെല്ലാം 2022ൽത്തന്നെപുറത്തിറക്കാനാണ് വാട്ട്സാപ്പിന്റെ തീരുമാനം.