സ്മാർട്ട് ബാൻഡുകൾ, സ്മാർട്ട് വാച്ചുകൾ, വയർലെസ് ഇയർബഡുകൾ എന്നിവയാണ് ഇന്നത്തെ സ്മാർട്ട് വെയറബിൾ മാർക്കറ്റ് പ്രധാനമായും ഉൾക്കൊള്ളുന്നത്.എന്നാൽ സ്മാർട്ടായി ധരിക്കാവുന്ന ഉപകരണങ്ങളുടെ പട്ടികയിലേക്ക് അധികം വൈകാതെ സ്മാർട്ട് കോൺടാക്ട് ലെൻസുകൾ കൂടി കടന്നുവരും.സ്മാർട്ട് ലെൻസ് വ്യവസായത്തിൽ ഗൂഗിളും, സാംസങ്ങും മുൻനിരയിൽ വന്നാൽ അത്ഭുതപ്പെടാനില്ല. കാരണം,രണ്ട് കമ്പനികളും ഇതിനോടകം തന്നെ സ്മാർട്ട് കോൺടാക്റ്റ് ലെൻസുകൾ നിർമ്മിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്.
സ്മാർട്ട് ശ്രമങ്ങളുമായി സാംസങ്ങ്
സ്മാർട്ട് കോൺടാക്റ്റ് ലെൻസുകൾക്കായുള്ള സാംസങ്ങിന്റെ ശ്രമങ്ങൾക്ക് വളരെ മുൻപേ തന്നെ തുടക്കമിട്ടിരുന്നു.2016-ൽ, സ്മാർട്ട് കോൺടാക്റ്റ് ലെൻസുകളുടെ പേറ്റന്റിനായി കമ്പനി അപേക്ഷിച്ചു. ഇപ്പോൾ അര പതിറ്റാണ്ടിലേറെയായി ഒപ്റ്റിക് സംബന്ധിയായ സ്മാർട്ട് സാങ്കേതികവിദ്യകളെ കുറിച്ച് ഗവേഷണം നടത്തുന്നു. സ്മാർട്ട് കോൺടാക്റ്റ് ലെൻസുകളെ കുറിച്ച് സാംസങ്ങിന്റെ ഔദ്യോഗിക പ്രസ്താവനകളൊ ന്നുമില്ലെങ്കിലും അധികം വൈകാതെ തന്നെ സാംസങ് സ്മാർട്ട് കോൺടാക്ട് ലെൻസുകൾ പുറത്തിറക്കുമെന്നാണ് കരുതപ്പെടുന്നത്.സോണി, സെൻസിമെഡ് , ഗൂഗിൾ എന്നിവയും സ്മാർട്ട് കോൺടാക്റ്റ് ലെൻസുകളുടെ നിർമ്മാണത്തിനായുള്ള പരിശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സ്മാർട്ട് കോൺടാക്ട് ലെൻസുകൾക്കും മറ്റ് പഠനങ്ങൾക്കുമായി Google-ന് ഒരു ഗവേഷണ സ്ഥാപനമുണ്ട്. എന്നിരുന്നാലും, മറ്റേതൊരു പുതിയ സാങ്കേതികവിദ്യയും പോലെ, ഇത് ഒരു വാണിജ്യ ഉൽപ്പന്നമായി മാറാൻ കുറച്ച് സമയമെടുക്കുമെന്നും യഥാർത്ഥ ഉപയോഗം സാദ്ധ്യമാകുന്ന രീതിയിൽ സംവിധാനം സജ്ജീകരിക്കാൻ കുറച്ച് വർഷങ്ങൾ എടുക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
സ്മാർട്ട് കോൺടാക്റ്റ് ലെൻസുകളും മോജോ വിഷനും
സ്റ്റാർട്ട്-അപ്പ് മോജോ വിഷനാണ് 2020-ൽ ആദ്യത്തെ സ്മാർട്ട് കോൺടാക്റ്റ് ലെൻസ് അവതരിപ്പിച്ചത്. ഓഗ്മെന്റഡ് റിയാലിറ്റിയെ അടിസ്ഥാനമാക്കി ഇതിന് ഡാറ്റ പ്രദർശിപ്പിക്കാൻ കഴിയും. നിർണായക വിവരങ്ങൾ പങ്കുവയ്ക്കാൻ ഒരു മണൽ തരിയുടെ അത്രയും വലിപ്പമുള്ള ഒരു ചെറിയ മൈക്രോഎൽഇഡി ഡിസ്പ്ലേ ഇതിൽ അടങ്ങിയിരിക്കുന്നു. സ്ക്ലീറൽ ലെൻസിൽ നിർമ്മിച്ച, തെളിഞ്ഞ, വ്യക്തമായ കാഴ്ച നൽകുന്ന സോളിഡ്-സ്റ്റേറ്റ് ബാറ്ററികളാൽ പ്രവർത്തിക്കുന്ന സ്മാർട്ട് സെൻസറുകളും സ്മാർട്ട് കോൺടാക്ട്ട് ലെൻസുകളിലുണ്ട്.