സ്റ്റാർട്ടപ്പുകളിൽ നിന്ന് വാങ്ങാവുന്ന ഉല്പന്നങ്ങളുടെ പരിധി 3 കോടി രൂപയായി ഉയർത്താനാണ് ശ്രമം
ധനമന്ത്രി കെ എൻ ബാലഗോപാൽ

മികച്ച ആശയവുമായി വരുന്ന സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ പിന്തുണ നല്‍കുന്നുണ്ട്. എന്നാൽ സംസ്ഥാനത്തെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വളർന്നതിന് ശേഷം രാജ്യത്തെ മറ്റു നഗരങ്ങളിലേക്കും വിദേശത്തേക്കും ചേക്കേറുന്ന പ്രവണത അഭിലഷണീയമല്ലെന്നും മന്ത്രി പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ബിസിനസ് ടു ഗവൺമെന്റ് സമ്മിറ്റ് ആയ പബ്ലിക് പ്രൊക്യുർമെന്റ് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ധനമന്ത്രി.
സ്റ്റാര്‍ട്ടപ്പുകളുടെ മികച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പബ്ലിക് പ്രൊക്യുർമെന്റ് സമ്മിറ്റ് സംഘടിപ്പിച്ചത്. രാജ്യത്തിന്റെ സ്റ്റാര്‍ട്ടപ്പ് തലസ്ഥാനമായി കേരളം വികസിക്കുകയാണെന്ന് സമ്മിറ്റിൽ അദ്ധ്യക്ഷനായിരുന്ന പൊതുഭരണ-ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര് ജ്യോതിലാല്‍ പറഞ്ഞു.


KSUM -ന്റെ നേതൃത്വത്തിൽ സ്റ്റാര്‍ട്ടപ്പ് ഇന്നൊവേഷന് സോണുകൾ സർക്കാർ വകുപ്പുകളിൽ രൂപീകരിക്കും. 100 ലധികം സ്റ്റാർട്ടപ്പുകളും വിവിധ സർക്കാർ വകുപ്പുകളും സമ്മിറ്റിൽ പങ്കെടുത്തു.
സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളുമായി നേരിട്ടുളള ആശയവിനിമയത്തിലൂടെയും പ്രസന്റേഷനിലൂടെയും അവരുടെ ആവശ്യകത മനസിലാക്കി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാനാണ് അവസരമൊരുങ്ങിയത്. കെഎസ്ഇബിയാണ് ആദ്യമായി ഇന്നൊവേഷന് സോണ്‍ രൂപീകരിച്ചത്.
വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരും സമ്മിറ്റിന്റെ ഭാഗമായി സംസാരിച്ചു. വ്യത്യസ്ത മേഖലകളിൽ നിന്നുളള സ്റ്റാർട്ടപ്പുകളുടെ എക്സിബിഷനും വകുപ്പുകളുമായി സ്റ്റാർട്ടപ്പുകളുടെ വൺ-ടു-വൺ ഇന്ററാക്ഷനും സമ്മിറ്റിനോടനുബന്ധിച്ച് നടന്നു.

