2021-ൽ റിയൽടൈം പേയ്‌മെന്റ് വോള്യങ്ങളിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്.ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് വോള്യങ്ങൾ ചൈനയേക്കാൾ മൂന്നിരട്ടിയും യുഎസ്, കാനഡ,യുകെ, ഫ്രാൻസ്, ജർമ്മനി എന്നിവയുടെ സംയോജിത റിയൽടൈം പേയ്‌മെന്റുകളേക്കാൾ ഏഴിരട്ടിയുമാണ്. ജിഡിപിയുടെ 0.56% ആയി കണക്കാക്കിയ റിയൽടൈം പേയ്‌മെന്റുകൾ 2021ൽ 16.4 ബില്യൺ ഡോളർ അധിക സാമ്പത്തിക ഉൽപ്പാദനത്തിന് ഇന്ത്യയെ സഹായിച്ചു. 2021-ൽ തത്സമയ പേയ്‌മെന്റ് ഇടപാടുകളിൽ 48.6 ബില്യൺ ഇടപാടുകൾ രേഖപ്പെടുത്തിയ ഇന്ത്യ ആഗോള ഇടപാടുകളുടെ 40%-ലധികം പ്രതിനിധീകരിക്കുന്നു.കഴിഞ്ഞ വർഷം ഇന്ത്യയിലെ എല്ലാ പേയ്‌മെന്റുകളുടെയും 31 ശതമാനത്തിലധികം റിയൽടൈം പേയ്‌മെന്റ് വഴിയാണ് നടന്നത്.
പ്രൈം ടൈം ഫോർ റിയൽ ടൈം 2022
അനലിറ്റിക്‌സ് സ്ഥാപനമായ ഗ്ലോബൽ ഡാറ്റയുടെയും യുഎസ് ആസ്ഥാനമായുള്ള സെന്റർ ഫോർ ഇക്കണോമിക്‌സ് ആൻഡ് ബിസിനസ് റിസർച്ചിന്റെയും പങ്കാളിത്തത്തോടെ, റിയൽടൈം പേയ്‌മെന്റ് സൊല്യൂഷൻ പ്രൊവൈഡറായ ACI വേൾഡ് വൈഡ് പുറത്തിറക്കിയ റിപ്പോർട്ടിൽ
30 രാജ്യങ്ങളിൽ നിന്നുള്ള റിയൽടൈം പേയ്‌മെന്റ് വോള്യങ്ങൾ ട്രാക്ക് ചെയ്തു. പ്രൈം ടൈം ഫോർ റിയൽ ടൈം 2022 എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ 2026-ഓടെ ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റുകൾ 33.5% സംയുക്ത വാർഷിക വളർച്ചാനിരക്ക് കൈവരിക്കുമെന്നും ലോകത്തിലെ
ഏറ്റവും വേഗത്തിൽ വളരുന്ന മൂന്നാമത്തെ റിയൽടൈം പേയ്മെന്റ് വിപണിയായി രാജ്യം ഉയർന്നുവരാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. 2026ഓടെ ഡിജിറ്റൽ പേയ്‌മെന്റുകളുടെ സംഭാവന 45.9 ബില്യൺ ഡോളർ അല്ലെങ്കിൽ രാജ്യത്തിന്റെ ജിഡിപിയുടെ 1.12% ആയി ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് വരുത്തിയ മാറ്റങ്ങൾ
റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ കൂടുതൽപേരും ഓൺലൈൻ പേയ്‌മെന്റിലേക്ക് മാറുന്നതിന് കോവിഡ് സാഹചര്യം ആക്കം കൂട്ടി.
കൂടാതെ, ഇന്റർനെറ്റ്, സ്മാർട്ട്‌ഫോണുകൾ എന്നിവയുടെ വർദ്ധിച്ചുവരുന്ന ഉപയോഗവും രാജ്യത്തെ ഡിജിറ്റൽ ഇടപാടുകളിൽ വലിയ കുതിച്ചുചാട്ടത്തിന് കാരണമായി. 2022 മാർച്ചിലെ യുപിഐ ഇടപാടുകളുടെ കണക്കെടുക്കുമ്പോൾ,9.60 ലക്ഷം കോടി രൂപയുടെ 540 കോടിയിലധികം ഇടപാടുകൾ നടന്നു. ഇവയിൽ ഭൂരിഭാഗവും UPI സേവനം വഴിയായിരുന്നു. രാജ്യത്തെ യുപിഐ പേയ്‌മെന്റ് മേഖലയിൽ നിലവിൽ PhonePe, Google Pay എന്നിവയാണ് പ്രധാനമായും ആധിപത്യം പുലർത്തുന്നത്.Paytm, Amazon Pay, WhatsApp Pay തുടങ്ങിയവയും UPI പേയ്‌മെന്റ് രംഗത്ത് പ്രധാനപ്പെട്ടവയാണ്.